ബോവിക്കാനം ടൗണിലെ റോഡിയോ പവലിയന്‍
ബദിയടുക്ക: വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം വന്നതോടെ പഴയകാല തിരഞ്ഞെടുപ്പ് ഓര്‍മകള്‍ ഉണര്‍ത്തുകയാണ് ബോവിക്കാനത്തെ റേഡിയോ പവലിയന്‍. പത്ര-ദൃശ്യമാധ്യമങ്ങളൊന്നും സജീവമല്ലാതിരുന്ന കാലത്ത് മുളിയാറിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകളും വിശേഷങ്ങളും മറ്റും അറിയാന്‍ ആശ്രയിച്ചിരുന്നത് ബോവിക്കാനം ടൗണിലെ മുളിയാര്‍ സി.എച്ച്.സി റോഡിലുള്ള ഈ റോഡിയോ പവലിയനെയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുളിയാര്‍ പഞ്ചായത്താണ് ജവഹര്‍ലാല്‍ നെഹ്‌റു റേഡിയോ പവലിയന്‍ നിര്‍മ്മിച്ചത്. 1972ല്‍ മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മേലത്ത് നാരായണന്‍ നമ്പ്യാര്‍ തറക്കല്ലിട്ട പവലിയന്‍ 1974ല്‍ പഞ്ചായത്ത് ഡയറക്ടര്‍ എം. സുബ്ബയയാണ് ഉദ്ഘാടനം ചെയ്തത്.
തിരഞ്ഞെടുപ്പ് കാലമായാല്‍ വിശേഷങ്ങള്‍ അറിയുന്നതിനായി രാവിലെ മുതല്‍ നിരവധിയാളുകള്‍ ഈ പവലിയന് സമീപം ഒത്തുകൂടും. വോട്ടെണ്ണല്‍ സമയത്ത് രാത്രി വൈകിയും ആളുകള്‍ വാര്‍ത്തകള്‍ അറിയാനെത്തും. ആകാശവാണിയില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ പവലിനിയുമുകളില്‍ സ്ഥാപിച്ചിരുന്ന രണ്ട് ഉച്ചഭാഷിണിയിലൂടെയായിരുന്നു കേള്‍പ്പിച്ചിരുന്നത്. ആധുനിക വാര്‍ത്ത സംവിധാനങ്ങള്‍ വ്യാപകമായതോടെയാണ് റേഡിയോ പവലിയനില്‍ നിന്ന് വിശേഷങ്ങള്‍ അറിയാന്‍ ആളില്ലാതായത്.