മുള്ളേരിയയിലും ബോവിക്കാനത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; മഴ നനഞ്ഞും വെയിലേറ്റും ദുരിതത്തിലായി യാത്രക്കാര്‍

വില്ലേജ്, പഞ്ചായത്ത്, കൃഷി, വൈദ്യുതി ഓഫീസുകള്‍, ആസ്പത്രികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി മുള്ളേരിയയില്‍ എത്തുന്നവര്‍ക്ക് മഴ നനഞ്ഞുവേണം ബസ് കാത്തുനില്‍ക്കാന്‍.;

Update: 2025-06-10 05:27 GMT

മുള്ളേരിയ: പ്രധാന ടൗണുകളായ മുള്ളേരിയയിലും ബോവിക്കാനത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ വലക്കുന്നു. കാറഡുക്ക പഞ്ചായത്തിലെ പ്രധാന കവലയായ മുള്ളേരിയയില്‍ കാസര്‍കോട് ഭാഗത്തേക്കും ബെള്ളൂര്‍ കിന്നിങ്കാര്‍ ഭാഗത്തേക്കും കുമ്പള-ബദിയടുക്ക ഭാഗത്തേക്കും പോവുന്ന ബസുകള്‍ നിര്‍ത്തുന്നിടത്താണ് യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത്.

മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആദൂര്‍, കാറഡുക്ക, അഗല്‍പാടി, ബെള്ളൂര്‍ അടക്കമുള്ള നിരവധി സ്‌കൂളുകളിലേക്ക് പോവുന്ന കുട്ടികള്‍ മുള്ളേരിയ ടൗണില്‍ എത്തുന്നു. വില്ലേജ്, പഞ്ചായത്ത്, കൃഷി, വൈദ്യുതി ഓഫീസുകള്‍, ആസ്പത്രികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി മുള്ളേരിയയില്‍ എത്തുന്നവര്‍ക്കും മഴ നനഞ്ഞുവേണം ബസ് കാത്തുനില്‍ക്കാന്‍.

അതിന് പുറമെ ബെള്ളൂര്‍, കുംബഡാജെ, ദേലംപാടി പഞ്ചായത്തുകളിലുള്ളവരും പലവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നതും മുള്ളേരിയ ടൗണിനെയാണ്. കുമ്പള-മുള്ളേരിയ റോഡ് കെ.എസ്.ടി.പി പദ്ധതിയില്‍പ്പെടുത്തി വികസിപ്പിച്ചപ്പോള്‍ ബാക്കി എല്ലാ സ്റ്റോപ്പുകളിലും ബസ് കാത്തിരിപ്പുകേന്ദ്രം ഒരുക്കിയെങ്കിലും മുള്ളേരിയ ടൗണില്‍ മാത്രം കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചില്ല. ടൗണില്‍ ബസ് വേ ഇല്ലാത്തതിനാല്‍ എല്ലാ ഭാഗത്തേക്ക് പോവുന്ന ബസുകളും നിര്‍ത്തുന്നത് റോഡില്‍ത്തന്നെയാണ്.

മുള്ളേരിയ ടൗണില്‍ സ്വകാര്യ ബസ് സ്റ്റാന്റിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതിയും നടപ്പായില്ല. ടൗണ്‍ മധ്യഭാഗത്ത് നിന്ന് കുറച്ച് മാറിയാല്‍ നാല് റോഡരികിലും ബസ് വേ, കാത്തിരിപ്പുകേന്ദ്രം എന്നിവ പണിയാന്‍ സ്ഥലമുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

ബോവിക്കാനം ടൗണില്‍ നിന്നും ബന്തടുക്ക, കുറ്റിക്കോല്‍, ബേത്തൂര്‍പാറ, കാനത്തൂര്‍, ഇരിയണ്ണി, ബാവിക്കര ഭാഗങ്ങളിലേക്ക് പോവുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ മഴയും വെയിലുമേറ്റ് ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്.

മഴ വന്നാല്‍ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാന്‍ ആശ്രയിക്കുന്നത്. ആവശ്യമായ സ്ഥലമുണ്ടായിട്ടും, നൂറുകണക്കിന് യാത്രക്കാരെത്തുന്ന ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതിന് പൊതുമരാമത്തുവകുപ്പ് അധികൃതരോ പഞ്ചായത്തോ തയ്യാറാവുന്നില്ല ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Similar News