കോഴി വളര്‍ത്തല്‍ കേന്ദ്രം തകര്‍ത്ത് തെരുവ് നായക്കൂട്ടം 50 ഓളം കോഴികളെയും താറാവുകളെയും കൊന്നൊടുക്കി; കണ്ണീരോടെ സംരംഭകന്‍ കല്ലക്കട്ടയിലെ സഫ് വാന്‍

കൊന്നൊടുക്കിയ കൂട്ടത്തില്‍ 5000 രൂപ വിലവരുന്ന മികച്ച പ്രത്യുല്‍പ്പാദനശേഷിയുള്ള ആറ് പൂവന്‍ കോഴികളും ഉള്‍പ്പെടുന്നു;

Update: 2025-06-20 06:38 GMT

മധൂര്‍: നാടന്‍കോഴി വളര്‍ത്തല്‍ കേന്ദ്രം തകര്‍ത്ത് തെരുവ് നായക്കൂട്ടം 50 ഓളം കോഴികളെയും താറാവുകളെയും കൊന്നൊടുക്കി. മധൂര്‍ പട് ള ചെന്നിക്കൂടലിലെ തോട്ടത്തിനകത്തെ നാടന്‍ കോഴിവളര്‍ത്തല്‍ കേന്ദ്രം തകര്‍ത്താണ് കോഴികളെയും താറാവുകളെയും കൂട്ടത്തോടെ കൊന്നൊടുക്കിയത്. കൊന്നൊടുക്കിയ കൂട്ടത്തില്‍ 5000 രൂപ വിലവരുന്ന മികച്ച പ്രത്യുല്‍പ്പാദനശേഷിയുള്ള ആറ് പൂവന്‍ കോഴികളും ഉള്‍പ്പെടുന്നു.


മധൂര്‍ കല്ലക്കട്ടയിലെ സഫ് വാന്റെ കോഴിവളര്‍ത്തല്‍ കേന്ദ്രമാണ് തെരുവ് നായകള്‍ കൂട്ടത്തോടെ എത്തി തകര്‍ത്ത് കോഴികളെ കൊന്നൊടുക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. സഫ് വാന്‍ വ്യാഴാഴ്ച വൈകിട്ട് തീറ്റയും വെള്ളവും കൊടുത്ത് കോഴിവളര്‍ത്ത് കേന്ദ്രം പൂട്ടി പോയതായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട് സമീപവാസികള്‍ വന്ന് നോക്കിയപ്പോഴാണ് തെരുവ് നായക്കുട്ടത്തിന്റെ പരാക്രമം കണ്ടത്. വടിയെടുത്ത് നായ്ക്കളെ ഓടിച്ചാണ് മറ്റ് കോഴികളെ രക്ഷിച്ചത്. നാല് നായകളാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്.

കൂടിന് കെട്ടിയ നെറ്റും, ഡോറും തുറന്ന നിലയിലാണ്. അര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് സഫ് വാന്‍ പറഞ്ഞു. ഇലക്ട്രീഷ്യനായ സഫ് വാന് ഒരു വര്‍ഷം മുമ്പ് കട്ടര്‍ മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതി ഓഫായപ്പോള്‍ മെഷീന്‍ എടുത്ത് വെക്കുന്നതിനിടെ വീണ്ടും വൈദ്യുതി പ്രവാഹം ഉണ്ടാകുകയും മെഷീന്‍ പെട്ടെന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇരു കൈയ്യും അറ്റുതൂങ്ങി വന്‍ അപകടം സംഭവിച്ചിരുന്നു.

തുടര്‍ന്ന് മംഗളൂര്‍ സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. 25 ലക്ഷത്തോളം രൂപയുടെ ചികിത്സ നടത്തിയാണ് യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇലക്ട്രീഷ്യന്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് നാടന്‍ കോഴി വളര്‍ത്തല്‍ കേന്ദ്രം തുടങ്ങി കുടുംബം പോറ്റാന്‍ തുടങ്ങിയത്.

സര്‍ക്കാരിന്റെ സഹായത്തോടെ ഹാച്ചറി ഉള്‍പ്പെടെ സ്ഥാപിച്ച് കോഴിവളര്‍ത്ത് കേന്ദ്രവും മുട്ട ഉല്‍പ്പാദനവും വിപുലമാക്കാനുള്ള ശ്രമം നടന്നു വരുന്നതിനിടയിലാണ് കോഴിവളര്‍ത്ത് കേന്ദ്രം തെരുവ് നായ് ക്കൂട്ടം തകര്‍ത്തത്.

തന്റെ പ്രതീക്ഷകളെയാണ് തെരുവ് നായ്ക്കള്‍ തകര്‍ത്തതെന്നും ജീവിതോപാദികളും ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും സഫ് വാന്‍ പറയുന്നു.

Similar News