നെല്ലിക്കുഞ്ച നടപ്പാലം തകര്‍ന്നു; നാട്ടുകാര്‍ക്ക് യാത്രാദുരിതം

By :  Sub Editor
Update: 2025-10-28 07:51 GMT

നെല്ലിക്കുഞ്ച നടപ്പാലം തകര്‍ന്ന നിലയില്‍

ബദിയടുക്ക: തോരാമഴയില്‍ നടപ്പാലം തകര്‍ന്നു. പ്രദേശവാസികള്‍ക്ക് യാത്രാദുരിതം. ബദിയടുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ നെല്ലിക്കുഞ്ച ഗുത്തു പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. 20 വര്‍ഷം മുമ്പ് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച പാലത്തിന്റെ ഇരുവശവുമുള്ള സംരക്ഷണ ഭിത്തി ചെങ്കല്ല് കൊണ്ട് പണിതതാണ്. സംരക്ഷണ ഭിത്തിയിലെ കല്ലുകള്‍ ഇളകി വീണതോടെ നടപ്പാലം നിലംപൊത്തുകയായിരുന്നു. സംരക്ഷണ ഭിത്തിയിലെ കല്ലുകള്‍ ഇളകി വീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പഞ്ചായത്ത് അധികൃതരെയും ഗ്രാമസഭയിലും കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യം ഉയര്‍ത്തിയെങ്കിലും അധികൃതര്‍ ഗൗനിച്ചില്ലെന്നാണ് പരാതി. നടപ്പാലം നിലംപൊത്തിയതോടെ നെല്ലിക്കുഞ്ച, കജംപാടി തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളും മറ്റും യാത്രാ ദുരിതമനുഭവിക്കുകയാണ്. പ്രദേശവാസികളായ പലരും ഉക്കിനടുക്ക, പെര്‍ള, കാട്ടുകുക്കെ, ബദിയടുക്ക, നീര്‍ച്ചാല്‍ തുടങ്ങിയ ഇടങ്ങളിലെ സ്‌കൂളുകളിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികളും കര്‍ഷകരും മറ്റു യാത്രക്കാരും ഇതോടെ കിലോ മീറ്ററുകള്‍ താണ്ടി കണ്ണാടിക്കാനയിലൂടെ പെര്‍ളയിലെത്തി അവിടെന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. അടിയന്തരമായി നടപ്പാലം പുതുക്കി പണിയാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.


Similar News