പഞ്ചായത്ത് മുഖം തിരിച്ചു; റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ച് മനോജ് മാതൃകയായി

മാലിന്യങ്ങള്‍ കാടുകളിലേക്ക് വലിച്ചെറിയുന്നത് കാരണം ഇത് ഭക്ഷിക്കാനെത്തുന്ന പട്ടികള്‍ കൂട്ടത്തോടെ പരാക്രമം കാട്ടുന്നതും നിത്യ സംഭവമാണ്;

Update: 2025-09-29 04:30 GMT

കുമ്പള: പഞ്ചായത്ത് മുഖം തിരിച്ചപ്പോള്‍ റോഡരികിലെ കാടുകള്‍ വെട്ടി തെളിച്ച് മനോജ് മാതൃകയായി. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിന്റെ ഇരുവശത്തും കുറ്റിക്കാടുകള്‍ മൂടിക്കെട്ടി വളര്‍ന്നത് മൂലം കാല്‍ നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ പേടിയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ പല തവണ കാടുകള്‍ വളര്‍ന്ന കാര്യം പഞ്ചായത്തില്‍ ബോധിപ്പിച്ചെങ്കിലും അധികൃതര്‍ വെട്ടി മാറ്റാന്‍ തുകയില്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ ആസ്പത്രി റോഡിന് സമീപത്ത് താമസിക്കുന്ന മനോജ് പണം മുടക്കി ഞായറാഴ്ച പുല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ കൊണ്ടുവന്നാണ് കുറ്റിക്കാടുകള്‍ വെട്ടി മാറ്റിയത്.

പലരും മാലിന്യങ്ങള്‍ കാടുകളിലേക്ക് വലിച്ചെറിയുന്നത് കാരണം ഇത് ഭക്ഷിക്കാനെത്തുന്ന പട്ടികള്‍ കൂട്ടത്തോടെ പരാക്രമം കാട്ടുന്നതും നിത്യ സംഭവമാണ്. അതുപോലെ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വലിയ വാഹനങ്ങളും രണ്ട് വാഹനങ്ങളും കടന്നുപോകുമ്പോള്‍ കാല്‍ നടയാത്രക്കാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ പലരും കാടുകളിലേക്ക് ചാടിയാണ് രക്ഷപ്പെടുന്നത്. കുമ്പള സര്‍ക്കാര്‍ ആസ്പത്രി, ഐ.എച്ച്.ആര്‍.ടി. കോളേജ്, മല്ലിക ഗ്യാസ് ഏജന്‍സി, കുമ്പള റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കെത്താവുന്ന പ്രധാന റോഡ് കൂടിയാണ് ഇത്.

Similar News