ഓര്‍മകള്‍ പന്തലിച്ച മരമുത്തശ്ശിക്ക് വിട; കാടകത്തെ ചരിത്രമുറങ്ങുന്ന കൂവള മരം കടപുഴകി
കാറഡുക്ക നാരന്തട്ട തറവാടിന് സമീപത്ത് അന്തരിച്ച ഗാന്ധിയന്‍ പി.കെ മാധവന്‍ നമ്പ്യാരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വൃക്ഷമാണ് നിലംപൊത്തിയത്;
മുള്ളേരിയ: കാടകത്തുകാരുടെ പൂവളത്തുങ്കായി മരമായി ഞാന്‍ ഒരു നൂറ്റാണ്ട് പിന്നിട്ടു പിന്നെയും ജീവിക്കുന്നു. ഞാന്‍ നീലാകാശം നോക്കി ഇനിയും ഉയരെ പോകും. നാടിന്റെ ഓരോ മാറ്റങ്ങളും കണ്ടറിഞ്ഞ്. നാടുവളര്‍ന്നപ്പോള്‍ മനുഷ്യനും മാറി, ആകാശംമുട്ടെ നില്‍ക്കേണ്ട മനുഷ്യ മനസ്സുകള്‍ പുല്‍നാമ്പുപോലെ ചെറുതായി എന്ന് എനിക്ക് തോന്നുന്നു'. ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാറഡുക്കയിലെ കൂവള വൃക്ഷം പറഞ്ഞ കഥയായി ഒരു പുസ്തകത്തില്‍ എഴുത്തുകാരന്‍ കുറിച്ചിട്ട വരികളാണ് ഇവ.
കാറഡുക്ക സ്‌കൂളില്‍ പഠിച്ച ഓരോ കുട്ടികള്‍ക്കും ഒരുപാട് കഥ പറയാനുള്ള വന്‍വൃക്ഷം അവസാനം കടപുഴകി വീണു. കാറഡുക്ക നാരന്തട്ട തറവാടിന് സമീപത്ത് അന്തരിച്ച ഗാന്ധിയന്‍ പി.കെ മാധവന്‍ നമ്പ്യാരുടെ ഭാര്യ എന്‍. രാധമ്മയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വൃക്ഷമാണ് ചൊവ്വാഴ്ച വൈകിട്ടോടെ നിലംപൊത്തിയത്. 1900 കളില്‍ എഴുത്തച്ഛന്‍ പാഠശാലയായും പിന്നീട് 1928 ഓടെ പ്രാഥമിക വിദ്യാലയവുമായ കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് കുവളം മരം ഉണ്ടായിരുന്നത്.
ഉച്ചഭക്ഷണമൊന്നും ഇല്ലാതിരുന്ന കാലത്ത് സ്‌കൂള്‍ കുട്ടികള്‍ ഉച്ചസമയത്ത് നാരംന്തട്ട തറവാട്ടിലും സമീപത്തുമുള്ള വീടുകളിലെത്തും. കോലായില്‍ നിറച്ച് വച്ച മണ്‍കുടങ്ങളില്‍ നിന്ന് വെള്ളവും കുടിച്ച് സമീത്തുള്ള കൂവളമരത്തില്‍ നിന്ന് വീണ കായയും പൊട്ടിച്ച് കഴിച്ച് വിശപ്പകറ്റിയിരുന്ന കാലമുണ്ടായിരുന്നു. കാറഡുക്ക സ്‌കൂളില്‍ മുന്‍കാലങ്ങളില്‍ പഠിച്ച എല്ലാവര്‍ക്കും ഈ മരം വല്ലാത്ത ഓര്‍മ്മകളാണ്.
മരത്തിന് 150 ലധികം പഴക്കമുണ്ടെന്ന് കരുതുന്നു. പല പുസ്തകളിലും ഈ മരത്തെ കുറിച്ച് എഴുതിയിരുന്നു. പല ശിവക്ഷേത്രങ്ങളിലെയും പ്രധാന പൂജകള്‍ക്കായി ഈ കൂവള വൃക്ഷത്തിന്റെ ഇലകള്‍ കൊണ്ടുപോയിരുന്നു. പല അസുഖങ്ങള്‍ക്കുള്ള മരുന്നിനായും പലരും കൂവളത്തിന്റെ ഇലകള്‍ സംഭരിച്ചിരുന്നു.
90 വയസുള്ള നാരംന്തട്ട രാധയുടെ വീടിന് സമീപത്തുണ്ടായിരുന്ന വന്‍ മരം കിഴക്ക് ഭാഗത്ത് കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. നിറയെ ഇലകള്‍ ഉള്ള മരം വീണിരുന്നു എങ്കില്‍ വീട് പൂര്‍ണമായും തകര്‍ന്നേനെ. തോട്ടത്തിലേക്ക് മറിഞ്ഞതിനാല്‍ രണ്ട് തെങ്ങും 10 ഓളം കവുങ്ങുകളും നശിച്ചു. മഴയത്ത് കുതിര്‍ന്ന മണ്ണില്‍ വേര് പടലങ്ങള്‍ അടര്‍ന്ന് വന്നാണ് മരം വീണത്. 90ാം വയസിലും എന്നും കുളിച്ച് മരത്തെ പ്രദക്ഷിണം വച്ച് പ്രാര്‍ത്ഥിച്ചിരുന്ന നാരംന്തട്ട രാധയമ്മയ്ക്ക് മരം വീണത് വല്ലാത്ത നൊമ്പര കാഴ്ചയാണ്.