കുന്നിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗത നിരോധനമേര്‍പ്പെടുത്തിയ ചെര്‍ക്കള-ചട്ടഞ്ചാല്‍ റൂട്ടില്‍ മൂന്നാഴ്ച പിന്നിട്ടിട്ടും മണ്ണും കല്ലും നീക്കിയില്ല; ജനരോഷം ശക്തമാകുന്നു
മണ്ണിടിച്ചിലുണ്ടായതിന് സമീപം മുകള്‍ഭാഗത്ത് വിള്ളല്‍ വീണതും ആശങ്ക വര്‍ധിക്കാനിടവരുത്തി;
ചെര്‍ക്കള: കുന്നിടിഞ്ഞുവീണതിനെ തുടര്‍ന്ന് ഗതാഗത നിരോധനമേര്‍പ്പെടുത്തിയ ചെര്‍ക്കള-ചട്ടഞ്ചാല്‍ റൂട്ടില്‍ മൂന്നാഴ്ച പിന്നിട്ടിട്ടും ദേശീയപാതയില്‍ നിന്ന് മണ്ണും കല്ലും നീക്കിയില്ല. ഗതാഗതം പുനസ്ഥാപിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ അധികാരികള്‍ ഉറക്കത്തിലാണ്. ഇതിന് മുമ്പും ഈ റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായിരുന്നെങ്കിലും ഗതാഗതനിരോധനം ഇത്രയും നാള്‍ നീണ്ടുനിന്നിരുന്നില്ല. വേഗത്തില്‍ പ്രശ്നത്തിന് പരിഹാരം കണ്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഗതാഗതനിരോധനം അനന്തമായി നീണ്ടുപോകുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ജൂണ്‍ 16നാണ് ചെര്‍ക്കളയ്ക്കും ചട്ടഞ്ചാലിനുമിടയില്‍ ബേവിഞ്ച ഭാഗത്ത് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണത്. കുന്നിടിച്ച് താഴ്ത്തിയാണ് ഇവിടെ ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. കുന്നിന് മുകള്‍ ഭാഗത്തെ വീടുകളിലേക്കുള്ള റോഡ് ഉള്‍പ്പെടെ ഇടിഞ്ഞാണ് പുതുതായി നിര്‍മ്മിച്ച റോഡിലേക്ക് വീണത്.
മണ്ണിടിച്ചിലുണ്ടായതിന് സമീപം മുകള്‍ഭാഗത്ത് വിള്ളല്‍ വീണതും ആശങ്ക വര്‍ധിക്കാനിടവരുത്തി. ഇടിഞ്ഞ ഭാഗത്ത് നിന്ന് ചുരുങ്ങിയ മീറ്ററുകള്‍ക്കപ്പുറമുള്ള നാല് വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ ഭീതിയെ തുടര്‍ന്ന് ഇവിടെ നിന്ന് ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഗതാഗതനിരോധനം പിന്‍വലിക്കാത്തതിനാല്‍ ഈ റൂട്ടിലൂടെ സ്ഥിരമായി യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവരും ഇപ്പോള്‍ കഷ്ടപ്പെടുകയാണ്.
മൂന്നാഴ്ചയിലേറെയായി മറ്റൊരു റൂട്ടിലൂടെയാണ് ഇവരുടെ യാത്ര. ഇക്കാരണത്താല്‍ സമയനഷ്ടവും സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. വിദ്യാനഗര്‍, ചെര്‍ക്കള ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനും കച്ചവടത്തിനും മറ്റുമായി പോകുന്നവര്‍ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലിറങ്ങി മറ്റൊരു ബസില്‍ യാത്ര പോകേണ്ടിവരുന്നു. ഈ ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ താല്‍പ്പര്യമെടുക്കാത്തതാണ് യാത്രക്കാരുടെ പ്രതിഷേധം ശക്തമാകാന്‍ കാരണം.