നിഷിദ്ധമാകുന്ന ചരിത്രം
മുഗള്‍ രാജാക്കന്മാരെക്കുറിച്ചും ഡല്‍ഹി സുല്‍ത്താന്മാരെക്കുറിച്ചുമുള്ള ഭാഗങ്ങള്‍ മുഴുവന്‍ ഒഴിവാക്കി പകരം മഹാകുംഭമേളയെക്കുറിച്ച് എഴുതിച്ചേര്‍ത്തു.;
ഭരണകൂടങ്ങള്‍ ചരിത്രത്തെ ഭയപ്പെടുകയാണോ? പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കുന്ന പാഠപുസ്തകങ്ങളില്‍നിന്ന് ചില ചരിത്രഘട്ടങ്ങള്‍ തമസ്‌കരിക്കപ്പെടുന്നതിന് എന്താണ് ന്യായീകരണം? ഇന്ത്യാ ചരിത്രം കൊളോണിയല്‍ ചരിത്രകാരന്മാര്‍ പടച്ചതാണെന്നും ഭാരതീയപാരമ്പര്യത്തില്‍ അധിഷ്ഠിതമായ പുതിയ ചരിത്ര രചനവേണമെന്നും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട ഉന്നതന്മാര്‍ നിരന്തരം പറഞ്ഞുപോരുന്നതാണ്.
ചരിത്രത്തിന്മേല്‍ മാത്രമല്ല ഈ കടന്നുകയറ്റം. ശാസ്ത്രത്തിന്മേലാണ് ആദ്യത്തെ നോട്ടം. പാശ്ചാത്യശാസ്ത്രമൊന്നും ശാസ്ത്രമല്ല, ഭാരതീയപുരാണങ്ങളില്‍ പറയുന്നതൊക്കെയാണ് ശാസ്ത്രം, വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരാണെന്നത് നുണക്കഥയാണ്, പുരാണത്തിലെ പുഷ്പകവിമാനമാണ് ശരിയായ വിമാനം എന്നിങ്ങനെ ഉത്തരവാദപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുന്നത് അടുത്തകാലത്തായി പതിവായിട്ടുണ്ടല്ലോ. മധ്യകാലഘട്ടത്തില്‍ പാശ്ചാത്യലോകത്തും ഇതുസംഭവിച്ചതാണ്.
ഭൂമി ഉരുണ്ടതാണെന്നതടക്കം സൗരയൂഥ സിദ്ധാന്തത്തിന്റെയും മറ്റും പേരില്‍ കോപ്പര്‍ നിക്കസിന്റെ പുസ്തകം കത്തോലിക്കാസഭ നിരോധിച്ചതും ഗലീലിയോവിനെ മതവിചാരണ നടത്തി ശിക്ഷിച്ചതുമടക്കം എത്രയെത്ര സംഭവങ്ങള്‍. ആധുനികോത്തരമെന്ന് കരുതപ്പെടുന്ന ഇക്കാലത്തും ജ്ഞാനത്തിനുനേരെ അജ്ഞാനികളായ അധികാരികള്‍ ആ വിധത്തില്‍ ചന്ദ്രഹാസമിളക്കുന്നുവെന്നതാണ് അദ്ഭുതകരം.
നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് (എന്‍.സി.ഇ.ആര്‍.ടി.) ഏറ്റവുമൊടുവില്‍ പ്രസിദ്ധപ്പെടുത്തിയ ഏഴാം ക്ലാസിലേക്കുള്ള സാമൂഹ്യശാസ്ത്രപുസ്തകത്തിലെ തിരസ്‌കാരങ്ങളും പുരസ്‌കാരങ്ങളുമാണിപ്പോള്‍ വാര്‍ത്തയായത്. മുഗള്‍ രാജാക്കന്മാരെക്കുറിച്ചും ഡല്‍ഹി സുല്‍ത്താന്മാരെക്കുറിച്ചുമുള്ള ഭാഗങ്ങള്‍ മുഴുവന്‍ ഒഴിവാക്കി പകരം മഹാകുംഭമേളയെക്കുറിച്ച് എഴുതിച്ചേര്‍ത്തു. മഗധ, മൗര്യര്‍, ശാതവാഹനന്മാര്‍, ശുംഗവംശം എന്നീ അധ്യായങ്ങളുണ്ട്.
എന്നാല്‍ നൂറ്റാണ്ടുകളോളം ഭരണത്തിലുണ്ടായിരുന്ന സുല്‍ത്താന്മാരെക്കുറിച്ചോ മുഗളരെ കുറിച്ചോ ഒന്നുമില്ലെന്നാണ് വാര്‍ത്ത. 2022-23 വര്‍ഷംമുതല്‍ പാഠ്യപദ്ധതിയില്‍ മുഗളന്മാരെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയിരുന്നു. അതാണിപ്പോള്‍ പൂര്‍ണമായും തിരസ്‌കൃതമായിരിക്കുന്നത്. ഹൗ ദ ലാന്‍ഡ് ബികം സേക്രഡ് എന്ന അധ്യായത്തില്‍ സേക്രഡ് ജിയോഗ്രാഫിയെക്കുറിച്ച് പരാമര്‍ശിക്കുന്നു.
അതായത് ആര്‍ഷസംസ്‌കാരത്തിന്റെ ഭാഗമെന്ന് പ്രചരിപ്പിക്കപ്പെടുന്ന വിശ്വാസങ്ങളെ ശാസ്ത്രീയമെന്ന് ധരിപ്പിച്ച് പഠിപ്പിച്ച് രൂഢിയാക്കുകയെന്ന ലക്ഷ്യം. അതോടൊപ്പം ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ ചക്രവര്‍ത്തിമാരെക്കുറിച്ച് വരുംതലമുറകള്‍ അറിഞ്ഞുപോകരുതെന്ന കരുതലും. താജ് മഹല്‍ നിര്‍മ്മിച്ചതാരെന്നതിനെപ്പറ്റി അറിയരുത്.
താജ് മഹലിന്റെ അടി കുഴിച്ചുനോക്കണം, അതിനടിയില്‍ വേറെ ആരാധനാലയമുണ്ട്, പൊളിച്ചുകളയണമെന്നൊക്കെ പറയുന്ന ഉന്മാദവും പലപ്പോഴും കേള്‍ക്കുന്നതാണല്ലോ. താജ്മഹലിന്റെയും മറ്റും വാസ്തുശില്‍പത്തിന്റെ അവകാശവാദങ്ങളും ഭാവയില്‍ മാറിമറിയാം. അതിനാല്‍ അതിന്റെ ചരിത്രത്തെക്കുറിച്ചും വാസ്തുശില്‍പത്തെക്കുറിച്ചുമൊക്കെ തല്‍ക്കാലം കുട്ടികളെ പഠിപ്പിക്കാതിരിക്കുന്നതാണല്ലോ നല്ലത്്!
സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസിലെ ചരിത്രപുസ്തകത്തില്‍ നിന്ന് മുഗളരെ ഔട്ടാക്കിയത് രണ്ട് വര്‍ഷം മുമ്പാണല്ലോ. കിങ്സ് ആന്റ് ക്രോണിക്ക് ള്‍സ് ഓഫ് മുഗള്‍ കോര്‍ട്സ് എന്ന ഭാഗം അന്ന് നീക്കംചെയ്യപ്പെട്ടു. പഠിപ്പിക്കാന്‍ സമയമില്ലാത്തതിനാലുള്ള ക്രമീകരണം എന്നാണന്ന് ന്യായീകരിച്ചത്. പാഠ്യഭാഗങ്ങള്‍ കൂടുതല്‍ യുക്ത്യനുസൃതമാക്കാനെന്നും വിശദീകരിച്ചു.
ഇതേ ക്ലാസിലെത്തന്നെ പോളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് നീക്കംചെയ്തത് 2002ലെ ഗുജറാത്ത് കലാപത്തെയും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ഭാഗവുമാണ്. തീര്‍ന്നില്ല. ഗാന്ധിജിയെ ഹിന്ദു മഹാസഭാ നേതാവായ ഗോഡ്സേയും കൂട്ടരുംചേര്‍ന്ന് വധിച്ചത് സംബന്ധിച്ച വിശദാംശങ്ങളും ഒഴിവാക്കി. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടി നിലകൊണ്ട ഗാന്ധിജിയുടെ നിലപാടാണ് തീവ്രസംഘടനകളെ പ്രകോപിപ്പിച്ചത് എന്ന വരി പ്രത്യേകം തിരഞ്ഞെടുത്ത് വെട്ടിമാറ്റി.
മേല്‍പറഞ്ഞത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. വാസ്തവത്തില്‍ പുതിയ ദേശീയവിദ്യാഭ്യാസ നയമെന്നത് ദീര്‍ഘകാലത്തേക്കുള്ള ആസൂത്രണമാണ്. സംഘപരിവാര്‍ ഇപ്പോള്‍ രാഷ്ട്രീയമായി നടത്തുന്ന പ്രചാരണത്തിന് അടിത്തറ ഔദ്യോഗികമായി സര്‍ക്കാര്‍ ചെലവില്‍ കെട്ടിപ്പടുക്കുന്ന ആസൂത്രണം. അന്ധവിശ്വാസജടിലമായ ഒരു തറകെട്ടി അതിന്മേല്‍ മതാധിഷ്ഠിതമായ ഒരു രാഷ്ട്രമായി നാടിനെ മാറ്റുന്നതിനുള്ള നീക്കം.
ഭരണഘടനയെ മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഭരണഘടനയെ മാറ്റാതെതന്നെ ഭരണഘടനാസ്ഥാപനങ്ങളെ വരുതിയിലാക്കാമെന്നതുപോലെ ഒച്ചയൊന്നുമുണ്ടാക്കാതെ തന്നെ സമ്മതി നിര്‍മ്മിച്ചെടുക്കുക- അതിന് വിദ്യാഭ്യാസത്തെ ഉപയോഗിക്കുക. അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടി.യെ ഉപയോഗിച്ച് സ്‌കൂള്‍ വിദ്യാഭ്യാസവും യു.ജി.സി.യെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസത്തെയും കൈപ്പിടിയിലാക്കുകയാണെന്ന വിമര്‍ശത്തെ ശരിവെക്കുന്ന നിലയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.
ചരിത്രത്തെ ചരിത്രമായിത്തന്നെ കാണാന്‍ കഴിയണം. അതിനെ വര്‍ണക്കണ്ണടകളിലൂടെ കണ്ടുകൂടെന്ന് ഉറക്കെ പറയേണ്ടതുണ്ട്. ചക്രവര്‍ത്തിമാര്‍ക്കും രാജവംശങ്ങള്‍ക്കും- അവര്‍ ഏത് മതവിശ്വാസികളായാലും മെറിറ്റും ഡിമെറിറ്റുമുണ്ടാകും.
നന്മയെ നന്മയായും തിന്മയെ തിന്മയായും ചൂണ്ടിക്കാട്ടാം. ബുദ്ധമതം പ്രചരിപ്പിക്കാന്‍ ഏറ്റവും വലിയ പങ്കുവഹിച്ച അശോക ചക്രവര്‍ത്തിയുടെ പില്‍ക്കാല നന്മകളെ മാത്രമല്ല, കലിംഗയുദ്ധത്തില്‍ അദ്ദേഹം നടത്തിയ കൂട്ടക്കൊലയും തലമുറകള്‍ അറിയുന്നു, അറിയണം- മുഗളന്മാര്‍ക്കും ഖില്‍ജിമാരടക്കമുള്ള സുല്‍ത്താന്മാര്‍ക്കുമെല്ലാം അത് ഒരുപോലെ ബാധകമാണ്.