ഭൂമി ഉരുണ്ടിട്ടല്ല, പരന്നുതന്നെ...

Update: 2025-08-27 10:57 GMT
ഗാന്ധിജിയും നെഹ്‌റുവുമൊന്നുമല്ല സ്വാതന്ത്ര്യസമരം നയിച്ചതെന്നും ഏഴുതവണ മാപ്പപേക്ഷിച്ച സവര്‍ക്കറാണ് സ്വാതന്ത്ര്യസമര നായകന്‍ എന്നും പഠിപ്പിക്കുന്നു. ഇന്ത്യാ വിഭജനത്തിന് ആദ്യം ആവശ്യമുന്നയിച്ച, വിഭജനത്തിന് പ്രത്യയശാസ്ത്ര വ്യാഖ്യാനം ചമച്ച ആള്‍ സവര്‍ക്കറാണെന്നിരിക്കിലും അത് മറച്ചുവെച്ച് വിഭജനഭീതിദിനം ആചരിക്കാന്‍ നിര്‍ബന്ധിക്കുന്നു.

ആരാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍ എന്നതിന് ഉത്തരമായിരിക്കുന്നു. സാക്ഷാല്‍ ഹനുമാന്‍ജിയാണ് ബഹിരാകാശത്ത് ആദ്യമായി എത്തിയത്. ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍പ്രദേശിലെ ഒരു സ്‌കൂളില്‍ മുഖ്യാതിഥിയായെത്തിയ മുന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാക്കൂര്‍ജിയാണ് കുട്ടികളുടെ തെറ്റ് തിരുത്തി ശരിയുത്തരം പറഞ്ഞുകൊടുത്തത്.

ആരാണ് ആദ്യ ബഹിരാകാശ സഞ്ചാരിയെന്നാണ് ഠാക്കൂര്‍ജി ചോദിച്ചത്. കുട്ടികള്‍ പറഞ്ഞത് ആംസ്‌ട്രോങ്ങിന്റെ പേരാണ്. ആംസ്‌ട്രോങ്ങ് ആദ്യ ചന്ദ്രയാത്രികന്‍. ബഹിരാകാശത്ത് ആദ്യമെത്തിയത് സോവിയറ്റ് യൂണിയന്‍കാരനായ യൂറി ഗഗാറിനാണെന്നാണ് ലോകത്താകെ പ്രസിദ്ധം. ലോകത്തെങ്ങുമുള്ള കുട്ടികള്‍ പഠിച്ചതും അതാണ്. 1961 ഏപ്രില്‍ 12ന് അദ്ദേഹം ബഹിരാകാശത്തെത്തിയത് ലോകവിജ്ഞാന ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സംഭവമാണല്ലോ.

പക്ഷേ, അതെല്ലാം വെറും നുണയാണ്-സാക്ഷാല്‍ ഹനുമാന്‍ജിയാണ് ആദ്യമായി സൂര്യസമീപമെത്തിയതെന്ന് എത്ര പേര്‍ക്കറിയാം.

അനുരാഗ് ഠാക്കൂര്‍ജി ഒറ്റവാക്യത്തില്‍ കഴിക്കുകയാണ് ചെയ്തത്. ഹനുമാന്‍ജി ഒരു ശിശുവായിരിക്കെ ഒരത്ഭുതം കണ്ടു. കിഴക്ക് മാനത്ത് അസാമാന്യ പ്രഭയോടെ, കാന്തിയോടെ ഒരു പഴം... കാണെക്കാണെ വലുപ്പം വെച്ചുവരുന്ന ഫലം... മാതാവ് അടുത്തില്ല. ആ ശിശു ഒരൊറ്റ കുതിപ്പാണ് ആകാശത്തേക്ക്, അത് ആകാശസീമയേയും ലംഘിച്ച് ബഹിരാകാശത്തേക്ക് കടന്നു.

സൂര്യനെ തൊട്ടു, തൊട്ടില്ല എന്നായപ്പോള്‍ ദേവേന്ദ്രന്‍ കുപിതനായ തന്റെ വജ്രായുധം കൊണ്ട് ഒറ്റയടി. ഹനുമാന്റെ താടിക്കാണത് കൊണ്ടത്. ഏതായാലും സൂര്യഫലം പറിച്ച് ഭക്ഷിക്കുന്നതില്‍ നിന്ന് ഹനുമാനെ തടയാന്‍ സാധിച്ചു.

മേല്‍പറഞ്ഞ യാത്രയാണ് അനുരാഗ് ഠാക്കൂര്‍ജി പറയുന്ന ആദ്യ ബഹിരാകാശയാത്ര. ത്രിമൂര്‍ത്തികളും ദേവന്മാരും അക്കാലത്ത് യാത്ര നടത്തിയിരുന്നത് പുഷ്പകവിമാനവങ്ങളിലായിരുന്നല്ലോ. അതിനാല്‍ വിമാനം കണ്ടുപിടിച്ചതും ആദ്യമായി ഉപയോഗപ്പെടുത്തിയതും ഭാരതീയരാണെന്ന് അനുരാജ് ഠാക്കൂര്‍ മാത്രമല്ല, സാക്ഷാല്‍ പ്രധാനമന്ത്രി വരെ അവകാശപ്പെട്ടിരുന്നല്ലോ. വിജ്ഞാനവും ശാസ്ത്രവുമെല്ലാം ഇവിടെയുണ്ടായി മറ്റുനാടുകളിലേക്ക് പടര്‍ന്നതാണെന്ന് സ്വദേശി ശാസ്ത്രസമ്മേളനങ്ങളില്‍ നിരന്തരം വിശദീകരിക്കപ്പെടാറുള്ളതാണല്ലോ. ഇനി ഇതേ ഹനുമാന്‍ തന്നെയാണ് ആദ്യമായി വിമാനമോ കപ്പലോ ഒന്നുമില്ലാതെ സമുദ്രം കടന്ന് അക്കരെ ലങ്കയിലെത്തിയതെന്ന് കൂടി സ്വദേശി ശാസ്ത്രക്കാര്‍ വിശദീകരിക്കില്ലെന്ന് ആര് കണ്ടു. സീതയെ തട്ടിക്കൊണ്ടുപോകാന്‍ രാവണന്‍ ലങ്കയില്‍നിന്ന് സമുദ്രം കടന്നുവന്നത് പ്രത്യേക തേരിലാണ്. നിലത്തുകൂടിയും ആകാശത്തിലൂടെയും സഞ്ചരിക്കാവുന്നതാണല്ലോ പുരാണകാലത്തെ തേര്. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടില്‍ പറയുന്നതിങ്ങനെയാണ്- 'രാഘവ പത്‌നിയെയും തേരതിലെടുത്തുവെച്ചാകാശമാര്‍ഗേ ശീഘ്രം പോയിതു ദശാസ്യനും...' എന്നാല്‍ സീതയെ തിരഞ്ഞ് ഹനുമാന്‍ ലങ്കയിലേക്ക് പോയത് ഒരു വാഹനത്തിന്റെയും സഹായമില്ലാതെയാണ്. കുഞ്ഞുന്നാളില്‍ കിഴക്കുദിച്ചുപൊന്തുന്ന സൂര്യനെക്കണ്ട് പഴമാണെന്ന് ധരിച്ച് സൂര്യമണ്ഡലത്തിലേക്ക് കുതിച്ചതുപോലെ സ്വന്തം നിലയ്ക്കുള്ള കുതിപ്പ്.

ആ കുതിപ്പിനെക്കുറിച്ച് എഴുത്തച്ഛന്‍ ഇങ്ങനെയാണെഴുതുന്നത്. വാനരമുഖ്യന്മാരെയും വാനരസേനയെയും അടുത്തുവിളിച്ച് കടല്‍ത്തീരത്തുവെച്ച് തന്റെ കഴിവുകളെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ആരും പേടിക്കേണ്ടെന്ന് പറയുകയും ചെയ്ത ശേഷം ഹനുമാന്‍ സമുദ്രോപരി ആകാശത്തിലേക്ക് ചാടുകയാണ്. 'മമജനകസദൃശനഹമതിചപലമംബരേ, മാനേന പോകുന്നിതാശരേശാലയേ...' -അതായത് തന്റെ പിതാവായ കാറ്റിനെപ്പോലെ അതിവേഗം ആകാശസഞ്ചാരം. ഠാക്കൂര്‍ജിയും സംഘപരിവാറും സ്വദേശി ശാസ്ത്രക്കാരും ഭാവിയില്‍ പഠിപ്പിക്കാന്‍ പോകുന്നത് ഇതൊക്കെയാണ്. കടലിന് മീതെ ആകാശത്തൂടെ വാഹനമില്ലാതെ ആദ്യം സഞ്ചരിച്ച ഭാരതീയന്‍-ഹനുമാന്‍ജി.

നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍.സി.ഇ.ആര്‍.ടി.യും യു.ജി.സിയുമെല്ലാം എങ്ങോട്ടേക്കാണ് കൊണ്ടുപോയി തള്ളാന്‍ നോക്കുന്നതെന്നതിന്റെ സൂചനയാണ് അനുരാഗ് ഠാക്കൂറിനെ പോലുള്ളവരുടെ പ്രസ്താവനകള്‍ എന്ന് സൂചിപ്പിക്കാനാണ് ഇത്രയും ആമുഖം.

പാഠപുസ്തകങ്ങളില്‍ നിന്ന് സ്വാതന്ത്ര്യ സമരചരിത്രം മാറ്റുന്നു, സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണവസ്തുക്കളില്‍ ഗാന്ധിജിയേക്കാള്‍ ഉയരത്തില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കുന്നു, ജവഹര്‍ലാല്‍ നെഹ്‌റുവിനെ പൂര്‍ണമായും തിരസ്‌കരിക്കുന്നു. ഇംഗ്ലീഷ് പഠിക്കേണ്ടെന്ന് പറയുന്നു, ഹിന്ദിയാണുത്തമമെന്ന് പ്രചരിപ്പിക്കുന്നു, പാശ്ചാത്യ വിദ്യാഭ്യാസമാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പരോക്ഷമായി പ്രചരിപ്പിക്കുന്നു-ഇനി ഭൂമി ഉരുണ്ടതല്ല, പരന്നതാണ്, ഭൂമിയും ചൊവ്വയുമെല്ലാം സൂര്യനെ ചുറ്റുകയല്ല, സൂര്യനാണ് ചുറ്റുന്നത്-എന്നെല്ലാം പാഠുസ്തകങ്ങളില്‍ വന്നേക്കാം. അങ്ങനെ പഠിപ്പിക്കാന്‍ ദൃഷ്ടാന്തമുണ്ട്.

കാരണം നേരത്തെ സൂചിപ്പിച്ച ഹനുമാന്റെ കഥയില്‍ സൂര്യനെ ഹനുമാന്‍ ഗുരുവായി വരിക്കുന്ന സന്ദര്‍ഭമുണ്ട്. വിഴുങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സൂര്യനോട് ഭക്തി പ്രകടിപ്പിക്കുകയാണ് ഹനുമാന്‍. തന്നെ എല്ലാം പഠിപ്പിക്കണമെന്നാണഭ്യര്‍ത്ഥന. അപ്പോള്‍ സൂര്യന്‍ തടസ്സം പറയുന്നു. താന്‍ സദാ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ്, ഒരു നിമിഷാര്‍ധം പോലും നിശ്ചലനാവാന്‍ വയ്യ, പിന്നെങ്ങനെ പഠിപ്പിക്കും? ഹനുമാന്‍ അതിന് മാര്‍ഗം കണ്ടെത്തുന്നു-സൂര്യന്‍ ചലിക്കുന്നതിനഭിമുഖമായി ഹനുമാനും ചലിക്കുക-ആ സമാന്തരചലനത്തിനിടയില്‍ പഠിപ്പിക്കലും പഠിപ്പും. സൂര്യനല്ല ചലിക്കുന്നത് ഗ്രഹങ്ങളാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..

പുരാണേതിഹാസങ്ങള്‍ കഥകളാണെന്നത് വിസ്മരിച്ച് അതാണ് ചരിത്രവും ശാസ്ത്രവും എന്ന് പഠിപ്പിക്കുകയാണ്, പണ്ടെന്നോ നശിച്ചുവെന്ന് കരുതപ്പെട്ട അന്ധവിശ്വാസങ്ങള്‍ ശാസ്ത്രമായി അവതരിപ്പിക്കാന്‍ പോവുകയാണ്. പാഠപുസ്തകങ്ങള്‍ അതിന്റെ ഉപാധികളാകുന്നു. ഗാന്ധിജിയും നെഹ്‌റുവുമൊന്നുമല്ല സ്വാതന്ത്ര്യസമരം നയിച്ചത്, ഏഴുതവണ മാപ്പപേക്ഷിച്ച സവര്‍ക്കറാണ് സ്വാതന്ത്ര്യസമര നായകന്‍ എന്ന് പഠിപ്പിക്കുന്നു. ഇന്ത്യ വിഭജനത്തിന് ആദ്യം ആവശ്യമുന്നയിച്ച, വിഭജനത്തിന് പ്രത്യയശാസ്ത്ര വ്യാഖ്യാനം ചമച്ച ആള്‍ സവര്‍ക്കറാണെന്നിരിക്കിലും അത് മറച്ചുവെച്ച് വിഭജനഭീതിദിനം ആചരിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഗാന്ധിജിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരിലൊരാളെന്ന നിലയില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടതും പിന്നീട് വിട്ടയക്കപ്പെട്ടതും ആയ ആളാണ് സവര്‍ക്കര്‍. അദ്ദേഹത്തെയാണ് പുതിയ ബിരുദ പുസ്തകങ്ങളില്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നത്. രസതന്ത്രം പാഠപുസ്തകം തുടങ്ങുന്നതുതന്നെ ഹിന്ദു വിശ്വാസത്തിലെ സരസ്വതിയെക്കുറിച്ചുള്ള സ്തുതിയോടെയാണ്. ഹോം സയന്‍സില്‍ ബ്രഹ്മചര്യമടക്കം ഹിന്ദുവിശ്വാസപ്രമാണങ്ങള്‍ക്കാണ് മുന്‍തൂക്കം. ചുരുക്കത്തില്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്‌കാരിക മേഖലകളാകെ സംഘിവല്‍ക്കരിക്കുകയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും തടവറയിലേക്ക് പുതിയ തലമുറയെ നയിക്കുകയും ചെയ്യുന്നതിനുള്ള ആസൂത്രിത നീക്കമാണ് അതിവേഗത്തില്‍ നടക്കുന്നത്.

എന്‍.സി.ഇ.ആര്‍.ടിയും യു.ജി.സി.യുമാണ് അറുപിന്തിരിപ്പനും ജ്ഞാനവിരുദ്ധവുമായ കൊടിയുമായി മുമ്പില്‍ നടക്കുന്നത്.

Similar News