ധര്‍മ്മസ്ഥല രാജ്യത്തെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. പരിശുദ്ധമായ ആ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളില്‍ മോശമായ എന്തെങ്കിലുമുണ്ടാകാതിരിക്കാന്‍ ശ്രദ്ധയാവശ്യമാണ്. ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവരണം.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ധര്‍മ്മസ്ഥല. കാസര്‍കോട്ട് നിന്ന് തലശേരിയില്‍ പോകുന്നത്ര സമയംകൊണ്ട് എത്താവുന്ന സ്ഥലം. പതിനായിരക്കണക്കിനാളുകള്‍ക്ക് ദിവസേന ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്ന ക്ഷേത്രം. കാസര്‍കോട്ടുകാര്‍ക്കും ഏറ്റവും പ്രിയങ്കരമായ നേത്രാവതിയുടെ കേന്ദ്രങ്ങളിലൊന്ന്. പതിറ്റാണ്ടുകളായി ഈ മഹത്തായ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്നതോ വീരേന്ദ്ര ഹെഗ്‌ഡെ. മൂന്നുവര്‍ഷം മുമ്പാണദ്ദേഹത്തെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്. സാമൂഹ്യസേവനത്തിലെ മികവിന് രാഷ്ട്രം നല്‍കിയ അംഗീകാരം. ജൈന ആരാധനാകേന്ദ്രങ്ങള്‍ പില്‍ക്കാലത്ത് ഹൈന്ദവാരാധനാകേന്ദ്രങ്ങളായി മാറിയതിന്റെ ചില കഥകളൊക്കെയുണ്ടെങ്കിലും അതൊന്നും ഇവിടെ പ്രസക്തമല്ലല്ലോ. കാസര്‍കോടിന്റെ വടക്കന്‍മേഖലയിലും ഏതാനും ജൈനബസതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
ജൈനപാരമ്പര്യംകൂടി അവകാശപ്പെടാവുന്ന ബെല്‍ത്തങ്ങാടിയിലെ മഹത്തായ മഞ്ജുനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് പരക്കെ ഖനനം നടക്കുന്നതിന് പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണിപ്പോള്‍. ഏതെങ്കിലും ലോഹമോ മൂലകമോ കണ്ടെടുക്കാനല്ല ഖനനം. മനുഷ്യരുടെ ഇനിയും ദ്രവിച്ചിട്ടില്ലാത്ത എല്ലുകളുണ്ടോ എന്ന് നോക്കാനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമങ്ങള്‍ അത് നോക്കിനില്‍ക്കുകയാണ്. കര്‍ണാടകയിലെ ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഇരുപതിലേറെ അംഗങ്ങളടങ്ങിയ എസ്.ഐ.ടി., അഥവാ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച പതിനഞ്ചോളം സ്ഥലങ്ങളാണ് മുദ്രവെച്ചത്. പരാതിക്കാരനും സാക്ഷിയുമായ മുന്‍ ശുചീകരണത്തൊഴിലാളി കാട്ടിക്കൊടുത്ത പോയിന്റുകള്‍. പരിശുദ്ധമായ നേത്രാവതിയുടെ തീരത്തെ മണല്‍സ്ഥലങ്ങള്‍.
ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ട നൂറിലേറെപ്പേരുടെ മൃതദേഹങ്ങള്‍ താന്‍ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട കേന്ദ്രത്തിലെ തൂപ്പുതൊഴിലാളി വെളിപ്പെടുത്തിയത്. 1995 മുതല്‍ 2013 വരെയുള്ള കാലത്ത് തനിക്ക് ചെയ്യേണ്ടിവന്ന ഈ പ്രവൃത്തി തന്നെ മാനസികമായി തളര്‍ത്തിയെന്നും അതിനാലാണ് കുറ്റബോധത്തോടെ താന്‍ നാടുവിട്ടുപോയതെന്നും ഇപ്പോള്‍ സഹിക്കാനാവാത്ത മാനസികപ്രയാസത്താലാണ് ധര്‍മ്മസ്ഥലയില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കുന്നതെന്നുമാണ് അയാള്‍ വ്യക്തമാക്കിയത്. താന്‍ കുഴിച്ചിട്ട ഒരു മൃതദേഹത്തിന്റെ അവശിഷ്ടം മാന്തിയെടുത്ത് അധികാരികളെ കാണിക്കുകയും ചെയ്തു. കര്‍ണാടക സര്‍ക്കാര്‍ കുറേദിവസം കഴിഞ്ഞാണെങ്കിലും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇടപെട്ടതും അന്വേഷിച്ചതും കൊണ്ട് എന്തെങ്കിലും ഫലമുണ്ടാവുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കാരണം വലിയ പ്രമാണിമാരുടെ നേതൃത്വത്തിലുള്ള മാഫിയാസംഘങ്ങളാണ് ഇതിന്റെയൊക്കെ പുറകിലെന്ന് വ്യക്തമാണ്. ആ പ്രമാണിസംഘങ്ങളാണ് പലേടത്തും ഔദ്യോഗിക ഭരണ സംവിധാനത്തിനും മുകളിലെന്നതും മറയ്ക്കാവതല്ല.
എന്താണ് ധര്‍മ്മസ്ഥലയില്‍ കുറേക്കാലമായി നടക്കുന്നതെന്ന് അന്വേഷിക്കാന്‍ സ്വന്തം നിലക്കും ഉത്തരവാദിത്വമുള്ള ആളാണ് വീരേന്ദ്ര ഹെഗ്‌ഡെ. അദ്ദേഹം കര്‍ണാടക രത്‌ന അവാഡ് ജേതാവാണ്. രാജ്യസഭാംഗം എന്നതിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയല്ല. രാജ്യത്തിന്റെ തന്നെ സ്വന്തം പ്രതിനിധിയെന്ന നിലയില്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതാണ്. ആ നിലയില്‍ പതിറ്റാണ്ടുകളായി താന്‍ നേതൃത്വം നല്‍കുന്ന ആരാധനാലയത്തിന്റെ പരിസരപ്രദേശങ്ങളില്‍ അതിഭീകരമായ സംഭവങ്ങളുണ്ടായതായി പരാതികളുയരുമ്പോള്‍ സ്വന്തംനിലക്ക് അന്വേഷണത്തിന് മുന്‍കയ്യെടുക്കേണ്ടതല്ലേ.
മൃതദേഹം കുഴിച്ചിട്ടുവെന്ന് പറഞ്ഞ ശുചീകരണത്തൊഴിലാളിയുമായി പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്ത് എത്തുന്നു
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ മകളെ കാണാതായ പ്രശ്‌നമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മസ്ഥലയെ വിവാദത്തിലാക്കിയത്. കോളേജില്‍ പോയ പെണ്‍കുട്ടി മടങ്ങിവന്നില്ല. പരാതികള്‍ പൊലീസ് അവഗണിച്ചു. നാട്ടുകാര്‍ സമരം നടത്തി. കാണാതായ പെണ്‍കുട്ടിയുടെ പിതാവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. മകളെ തിരിച്ചുകിട്ടണമെങ്കില്‍ പത്രിക പിന്‍വലിക്കുകയും പ്രതിഷേധം നിര്‍ത്തുകയും വേണമെന്നാണ് ഭീഷണിയുയര്‍ന്നത്. പക്ഷേ ആഴ്ചകള്‍ക്ക് ശേഷം ആ പെണ്‍കുട്ടിയുടെ ജഡം ഒഴുകി നടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. കാലുംകൈകളും കെട്ടിയ നിലയില്‍. ഇത്തരത്തില്‍ പല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഫലപ്രദമായ നടപടികളുണ്ടായില്ല. പൊലീസില്‍ നിന്ന് മാത്രമല്ല പ്രാദേശിക കോടതികളില്‍ നിന്നും നീതി ലഭ്യമായില്ലെന്നാണ് പരാതികള്‍. എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായിരിക്കെ കാണാതായ അനന്യഭട്ടിന് എന്ത് സംഭവിച്ചുവെന്ന കേസ് മാത്രമായിരുന്നു ഇതേവരെ പൊലീസിന് മുമ്പില്‍ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതുമായി ബന്ധപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്.
ധര്‍മ്മസ്ഥല മേഖലയില്‍ കഴിഞ്ഞ രണ്ടുമൂന്ന് ദശകത്തിനിടയില്‍ നടന്ന ദുരൂഹമരണങ്ങള്‍, കാണാതാവല്‍ എന്നിവ സംബന്ധിച്ച ഡാറ്റകള്‍ ശേഖരിച്ച് സമഗ്രമായ പരിശോധനയാണ് കര്‍ണാടകയിലെ പ്രത്യേക അന്വേഷണസംഘം നടത്തുകയെന്ന് പ്രതീക്ഷിക്കാം. ധര്‍മ്മസ്ഥല രാജ്യത്തെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. പരിശുദ്ധമായ ആ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളില്‍ മോശമായ എന്തെങ്കിലുമുണ്ടാകാതിരിക്കാന്‍ ശ്രദ്ധയാവശ്യമാണ്. ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവരണം. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായാല്‍ ധര്‍മ്മസ്ഥലയുടെ പ്രസിദ്ധിയും പ്രാധാന്യവും എത്രയോ മടങ്ങ് വര്‍ധിക്കും. അങ്ങനെയാവട്ടെ എന്നാശിക്കാം.