കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ദേശീയപാത അപകടങ്ങളില്‍ 10 മാസത്തിനിടെ പൊലിഞ്ഞത് 15 ജീവനുകള്‍

മുന്‍ പരിചയമില്ലാതെ വാഹനങ്ങളോടിക്കുന്നവരുടെ അശ്രദ്ധയും റോഡിന്റെ മിന്നുസവും അമിത വേഗതയുമാണ് അപകടത്തിന് കാരണമാകുന്നത്;

Update: 2025-07-16 05:02 GMT

മഞ്ചേശ്വരം: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ദേശീയപാതയിലുണ്ടായ അപകടങ്ങളില്‍ പത്ത് മാസത്തിനിടെ മരിച്ചത് 15 പേര്‍. നൂറില്‍ പരം ആളുകള്‍ക്ക് പരിക്കേറ്റു. ഉപ്പള ഗേറ്റിന് സമീപത്ത് അഞ്ച് മാസത്തിനിടെ മൂന്ന് പേരാണ് വിവിധ വാഹനാപകടങ്ങളില്‍ മരിച്ചത്. മഞ്ചേശ്വരത്ത് ഒന്നര മാസം മുമ്പ് ബസും കാറും കൂട്ടിയിടിച്ച് ഒരു വിദ്യാര്‍ത്ഥി മരിച്ചു.

മൂന്ന് മാസം മുമ്പ് കുമ്പള പെര്‍വാഡില്‍ ദേശീയപാത പ്രവൃത്തിക്ക് വേണ്ടി നിര്‍ത്തിയിട്ട ക്രെയിനില്‍ ടെമ്പോയിടിച്ച് കാസര്‍കോട് സ്വദേശിയായ ടെമ്പോ ഡ്രൈവര്‍ മരിച്ചിരുന്നു. നാല് മാസം മുമ്പ് ഷിറിയയില്‍ കാര്‍ ബൈക്കിലിടിച്ച് നായ്ക്കാപ്പ് അനന്തപുരം സ്വദേശിയാണ് മരിച്ചത്. പത്ത് മാസം മുമ്പ് മഞ്ചേശ്വരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മീന്‍ വില്‍പ്പനക്കാരന്‍ മരിച്ചു.

പത്ത് മാസം മുമ്പ് മഞ്ചേശ്വരത്ത് ആബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുട്ടത്തും കുക്കാറിലും ഏഴ് മാസം മുമ്പ് ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ആറുമാസം മുമ്പ് കുഞ്ചത്തൂരില്‍ വ്യാപാരി ടെമ്പോ ഇടിച്ച് മരിച്ചിരുന്നു. പലരുടെയും പരിക്ക് ഗുരുതരമാണ്. ദേശീയ പാതയിലൂടെ മുന്‍ പരിചയമില്ലാതെ വാഹനങ്ങളോടിക്കുന്നവരുടെ അശ്രദ്ധയും റോഡിന്റെ മിന്നുസവും അമിത വേഗതയുമാണ് അപകടത്തിന് കാരണമാകുന്നത്. വാഹനങ്ങളുടെ അമിതവേഗത കണ്ടെത്താനുള്ള ക്യാമറകളുടെ പ്രവൃത്തി തകൃതിയായി നടക്കുന്നുണ്ട്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ അപകടം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Similar News