സി.പി.എം. മഞ്ചേശ്വരം ഏരിയാ സമ്മേളനം സമാപിച്ചു; വി.വി. രമേശന്‍ സെക്രട്ടറി

By :  Sub Editor
Update: 2024-12-03 09:52 GMT

മഞ്ചേശ്വരം: സി.പി.എം. മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി വി.വി. രമേശനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനായിരുന്ന രമേശന്‍ അടുത്തകാലത്തായി മഞ്ചേശ്വരം കേന്ദ്രീകരിച്ച് സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ., കെ.വി. കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, കെ.പി. സതീഷ് ചന്ദ്രന്‍, വി.വി. രമേശന്‍, കെ.ആര്‍. ജയാനന്ദ, എം. രഘുദേവന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് ജോഡ്കല്ലില്‍ നടക്കേണ്ടിയിരുന്ന ചുവപ്പ് വളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനവും കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ചു. പൈവളിഗെയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പൊലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതാണ്.  ഇതിനുള്ള തുടര്‍ നടപടികള്‍ വൈകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Similar News