പുഞ്ചിരിയായിരുന്നു ആ മുഖം, സേവനമായിരുന്നു ആ ജീവിതം
എല്ലാവരാലും പ്രിയപ്പെട്ടവനായിരുന്നു നമ്മില്‍ നിന്നും വിട പറഞ്ഞ അത്തു. എന്നും പുഞ്ചിരി കൊണ്ട് നമ്മോട് സംസാരിക്കുന്ന അത്തു അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി. പൂര്‍ണ്ണ ആരോഗ്യമുള്ള ഞങ്ങളുടെ അത്തു എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരാളായിരുന്നു. ചിലര്‍ക്ക് സഹോദരനായും ചിലര്‍ക്ക് അനുജനായും അത്തു നിറഞ്ഞുനിന്നിരുന്നു. തെരുവത്ത് സ്‌പോട്ടിംഗ് ക്ലബ്ബിന്റെ എല്ലാമായിരുന്നു. കലാ-കായിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ വ്യക്തിത്വവുമായിരുന്നു. അത്തു ഉള്ളിടത്ത് സന്തോഷം നിറയും. അദ്ദേഹത്തിന്റെ വാക്കുകളില്‍, നിറഞ്ഞ ചിരിയില്‍ എല്ലാവരും അലിഞ്ഞ് ചേരും. പകയും വെറുപ്പുമില്ലാത്ത, എല്ലാവരെയും സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന മനസിനുടമ. തമാശ അത്തുവിന് വലിയ ഇഷ്ടമായിരുന്നു. പക്ഷെ, ആരെയും വേദനിപ്പിക്കുന്ന തമാശ പറയില്ല. മത കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധ പതിപ്പിച്ചിരുന്നു എപ്പോഴും. മക്കളെ നല്ല നിലയില്‍ വളര്‍ത്തണമെന്ന് ചിന്തിക്കുക മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു.
തെരുവത്ത് കൂട്ടായ്മ ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ടര്‍ഫില്‍ പോയി നടത്താറുണ്ടായിരുന്ന ഫുട്‌ബോള്‍ മത്സരങ്ങളിലെ ഉണര്‍ത്തുകാരന്‍ അത്തുവായിരുന്നു. അദ്ദേഹം ഉണ്ടെങ്കില്‍ കളിക്കളമാകെ ശബ്ദമാനമാവും. മരണത്തിന് മണിക്കൂറുകള്‍ മുമ്പ് വരെ ചട്ടഞ്ചാലില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനും സന്തോഷം പങ്കിടാനും പതിവ് ശൈലിയില്‍ തമാശകള്‍ പറയാനും അത്തു ഉണ്ടായിരുന്നു.
പ്രവാസ ലോകത്ത് ഉണ്ടായിരുന്ന സമയം. നാട്ടില്‍ നിന്ന് വിസിറ്റ് വിസയില്‍ ജോലി തേടി വരുന്ന ചിലര്‍ക്ക് ഒരു സഹായിയായി കൂടെ നില്‍ക്കുന്ന വ്യക്തിയായിരുന്നു അത്തു. അദ്ദേഹം ഇനി ഇല്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനാവുന്നില്ല.
പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ, സ്വര്‍ഗം നല്‍കി അനുഗഹിക്കട്ടെ, കുടുംബത്തിന് ക്ഷമ നല്‍കട്ടെ... ആമീന്‍.