പുസ്തക പ്രേമിയായിരുന്ന ടി.എ. ഇബ്രാഹിം സാഹിബ്...
മുസ്ലിംലീഗ് പാര്‍ട്ടിയെ അതിരറ്റ് സ്‌നേഹിച്ച ഇബ്രാഹിം സാഹിബ്, നേതാക്കളോട് ആദരവും അവരുടെ വാക്കുകള്‍ക്ക് മഹത്വവും അവരുടെ ആഹ്വാനങ്ങള്‍ക്ക് മുന്തിയ പരിഗണനയും നല്‍കിക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. സാധാരണ പ്രവര്‍ത്തകരോടൊപ്പം അവരുടെ സുഖദു:ഖങ്ങളില്‍ പങ്കുചേര്‍ന്ന് അവരിലൊരാളായി ജീവിച്ച അദ്ദേഹം, ഒരുപാട് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവരില്‍ യോഗ്യരായവരെ നേതൃത്വത്തില്‍ എത്തിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു.
അധികാര പദവികളിലെത്താന്‍ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് സ്വസ്ഥത നല്‍കാത്ത എത്രയോ ആളുകളെ രാഷ്ട്രീയത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍, അധികാര സ്ഥാനമേറ്റെടുക്കാന്‍ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നത് വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങനെയൊരു വ്യക്തിത്വമായിരുന്നു കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിംലീഗിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തിയ ടി.എ. ഇബ്രാഹിം.
കാസര്‍കോട് നഗരത്തിനടുത്ത് തളങ്കരയില്‍ 1923ലാണ് ജനനം. അബ്ദുല്‍ ഖാദറാണ് പിതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1938 മുതല്‍ 40 വരെ മലപ്പുറം ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ രണ്ട് വര്‍ഷത്തെ പഠനം. 1940 മുതല്‍ നാലു വര്‍ഷക്കാലം ഇന്ത്യന്‍ നേവിയില്‍ സേവനം ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരര്‍ത്ഥത്തില്‍ പട്ടാള ചിട്ടയോടെ തന്നെയായിരുന്നു. പട്ടാളത്തില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം മുസ്ലിംലീഗിന്റെ വളണ്ടിയര്‍ വിഭാഗമായ നാഷണല്‍ ഗാര്‍ഡ് ക്യാപ്റ്റനായിരുന്നു. 1946ല്‍ അന്നത്തെ നെഹ്‌റു മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന സാദാ ലിയാഖത്തലി ഖാന്റെ കാസര്‍കോട്ടെ പര്യടനത്തില്‍ ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ കോര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു. ഉത്തര മലബാറിലെ മുക്കു മൂലകളിലും മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പൊക്കാന്‍ അവിശ്രമം പരിശ്രമിച്ച അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ ഇഷ്ടപ്പെട്ടതായിരുന്നു. മാഹിന്‍ ശംനാട്, എ.ആര്‍. കരിപ്പൊടി, ടി. ഉബൈദ് എന്നിവരുടെ കൂടെ തെക്കന്‍ കര്‍ണാടകയിലും പാര്‍ട്ടി പ്രചരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
1954ല്‍ ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തില്‍ അനാഥ മയ്യത്ത് പരിപാലനം, പുതു വിശ്വാസികള്‍ക്ക് സഹായം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തളങ്കരയില്‍ നുസ്രത്തുല്‍ ഇസ്ലാം സഭ സ്ഥാപിച്ചു. ഈ സംഘടനയാണ് കാസര്‍കോട് ഭാഗത്ത് ആദ്യമായി ലൗഡ് സ്പീക്കര്‍, മേശ, കസേര, പാത്രങ്ങള്‍ എന്നിവ വാടകക്ക് നല്‍കുന്ന സമ്പ്രദായം ആരംഭിച്ചത്.
1956ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ കാസര്‍കോടിനെ കര്‍ണാടകയോട് ചേര്‍ക്കണമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ കാസര്‍കോടിനെ കേരളത്തോട് ചേര്‍ക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായവരില്‍ പ്രമുഖന്‍ ഇബ്രാഹിം സാഹിബായിരുന്നു. അന്ന് കാസര്‍കോട് പഞ്ചായത്ത് പ്രസിഡണ്ട് കര്‍ണാടക സമിതി പ്രതിനിനിധിയായിരുന്നു. വൈസ് പ്രസിഡണ്ട് ടി.എയും. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കാസര്‍കോടിനെ കേരളത്തില്‍ നിലനിര്‍ത്തി. അതില്‍ പ്രതിഷേധിച്ച് പ്രസിഡണ്ട് രാജിവെച്ചപ്പോള്‍ ടി.എ ഇബ്രാഹിമിനെ പഞ്ചായത്ത് പ്രസിഡണ്ടായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.
മുസ്ലിംലീഗ് പാര്‍ട്ടിയെ അതിരറ്റ് സ്‌നേഹിച്ച ഇബ്രാഹിം സാഹിബ്, നേതാക്കളോട് ആദരവും അവരുടെ വാക്കുകള്‍ക്ക് മഹത്വവും അവരുടെ ആഹ്വാനങ്ങള്‍ക്ക് മുന്തിയ പരിഗണനയും നല്‍കിക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. സാധാരണ പ്രവര്‍ത്തകരോടൊപ്പം അവരുടെ സുഖദു:ഖങ്ങളില്‍ പങ്കുചേര്‍ന്ന് അവരിലൊരാളായി ജീവിച്ച അദ്ദേഹം, ഒരുപാട് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവരില്‍ യോഗ്യരായവരെ നേതൃത്വത്തില്‍ എത്തിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു.
സംഘടനക്കകത്ത് അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്നവരെ മുഖം നോക്കാതെ എതിര്‍ത്തിരുന്ന ടി.എ. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ കാര്‍ക്കശ്യം വെച്ചു പുലര്‍ത്തിയിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം, കാസര്‍കോട് താലൂക്ക് മുസ്ലിംലീഗ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി പദവികളും സംസ്ഥാന കമ്മിറ്റി മെമ്പര്‍ സ്ഥാനവും വഹിച്ചിരുന്നു. കാസര്‍കോട് പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ടായും നഗരസഭയായപ്പോള്‍ കൗണ്‍സിലറായും പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകളിലൂടെ കാലുഷ്യത്തിന് വഴിമാറുമായിരുന്ന പല സംഭവങ്ങളെയും നിഷ്പ്രഭമാക്കിയിട്ടുണ്ട്.
പുസ്തകങ്ങളെ സ്‌നേഹിച്ച, വായനയെ ഇഷ്ടപ്പെട്ട അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെയും വായനയുമായി അടുപ്പിക്കാന്‍ സ്വന്തം ചെലവില്‍ പുസ്തകങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. കനപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹത്തിന് എന്നും പ്രിയമായിരുന്നു. സ്വന്തം ഗ്രാമത്തില്‍ ചെറുപ്പക്കാര്‍ക്ക് വേണ്ടി തളങ്കര 'ഗ്രീന്‍ ഫ്‌ളാഗ് റീഡിങ്ങ് റൂം' സ്ഥാപിക്കുകയും മുതിര്‍ന്നവര്‍ക്ക് വേണ്ടി തന്റെ പിതാവിന്റെ പീടിക കെട്ടിടത്തില്‍ സാക്ഷരതാ ക്ലാസ് നടത്തുകയും ചെയ്തു. വലിയ പ്രഭാഷണ വൈദഗ്ധ്യമോ വാരിവലിച്ചുള്ള പ്രസ്താവനകളോ ഒന്നും ഇബ്രാഹിം സാഹിബില്‍ നിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കൃത്യമായ നിലപാടുകളും കാര്യമാത്ര പ്രസക്തമായ നിര്‍ദ്ദേശങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ആരോടും പരിഭവമില്ലാതെ, എന്നാല്‍ ആര്‍ക്കു മുന്നിലും ആദര്‍ശത്തെ പണയം വെക്കാതെയും അദ്ദേഹം മുസ്ലിംലീഗ് പ്രസ്ഥാനത്തെ നയിച്ചു.
1975ല്‍ മുസ്ലിംലീഗിലുണ്ടായ പിളര്‍പ്പ് കാലത്ത്, ഉത്തര മലബാറിലെ പ്രമുഖരായ നേതാക്കളെല്ലാം മറുപക്ഷത്തായിട്ടും പാണക്കാട് പൂക്കോയ തങ്ങളും സി.എച്ച്. മുഹമ്മദ് കോയ സാഹിബും നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പക്ഷത്ത് ഉറച്ച് നിന്ന, ടി.എ ഇബ്രാഹിം സാഹിബ്, പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കിയ നേതാവായിരുന്നു. തലയെടുപ്പുള്ള പല നേതാക്കളും എതിര്‍പക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ ഒരു വേള നിര്‍വ്വികാരനായി ശങ്കിച്ചുനിന്ന സി.എച്ചിന് ആത്മവിശ്വാസം നല്‍കാനും സി.എച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പര്യടനത്തില്‍ സി.എച്ചിനൊപ്പം പങ്കുചേരാനും അദ്ദേഹം കാണിച്ച താല്‍പര്യം മുസ്ലിംലീഗ് പാര്‍ട്ടിയോടുള്ള അടങ്ങാത്ത കൂറായിരുന്നു.
1977ല്‍ നടന്ന മുസ്ലിംലീഗിന്റെ ഐതിഹാസികമായ സംസ്ഥാന സമ്മേളനത്തിന്റെയും പ്രധാന പ്രചാരകനായിരുന്ന അദ്ദേഹം തന്നെയാണ് കാസര്‍കോട് നിന്നുമുള്ള സമ്മേളന വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതും. ഇതേ സമ്മേളനത്തില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താല്‍പര്യ പ്രകാരം മാപ്പിളപ്പാട്ട് അവതരിപ്പിക്കുന്നതിന് വേണ്ടി തളങ്കരയില്‍ നിന്ന് ടി. ഉബൈദ് സാഹിബിന്റെ ശിഷ്യന്‍മാര്‍ അടങ്ങുന്ന 'ഇസ്സുല്‍ വത്വന്‍' എന്ന ഗായക സംഘത്തെ കോഴിക്കോട്ട് എത്തിച്ചതും നല്ല കലാസ്വാദകനായ ഇബ്രാഹിം സാഹിബായിരുന്നു.
1977ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് കാസര്‍കോടിനെ ഒഴിവാക്കിക്കൊണ്ടായിരുന്നു. അനുയായികള്‍ ആവശ്യപ്പെട്ടതും നേതാക്കള്‍ തീരുമാനിച്ചതും ഇബ്രാഹിം സാഹിബിനെയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ താല്‍പര്യക്കുറവ് കാരണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയായിരുന്നു. ഒടുവില്‍ മുതിര്‍ന്ന നേതാക്കളുടെ സ്‌നേഹപൂര്‍വ്വമായ ആഗ്രഹത്തിന് മുന്നില്‍ തന്റെ എതിര്‍പ്പ് ഉപേക്ഷിച്ചു. അങ്ങനെ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും അഖിലേന്ത്യാ ലീഗിലെ ബി.എം അബ്ദുല്‍ റഹിമാനെ 6783 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതുവരെ കാസര്‍കോട് മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാതിരുന്ന മുസ്ലിംലീഗ്, ആദ്യമായി ഏണി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചത് ഇബ്രാഹിം സാഹിബിലൂടെയായിരുന്നു. കുറഞ്ഞ കാലം മാത്രമാണ് നിയമസഭയില്‍ ഉണ്ടായിരുന്നതെങ്കിലും കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയെ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കാനും പല വിഷയങ്ങളിലും തീരുമാനമാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ആരോഗ്യത്തെ ഗൗരവമായി കാണാതിരുന്ന അദ്ദേഹത്തെ ബാധിച്ച ഹൃദ്രോഗം വളരെ വേഗം പാരമ്യതയില്‍ എത്തിയിരുന്നു. ആധുനിക കാസര്‍കോടിന്റെ വികസന ശില്‍പി എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന ഇബ്രാഹിം സാഹിബ്, സംഭവ ബഹുലമായ ആ ജീവിതത്തിന് വിരാമമായത് എം.എല്‍.എയായിരിക്കെ 1978 ആഗസ്റ്റ് 10ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു.
യു.കെ മുഹമ്മദ് കുഞ്ഞി