കേരളക്കരയിലെ സുന്നി സമൂഹത്തിന്റെ ആത്മീയ ദിശാസൂചകമായി നിലകൊള്ളുന്ന, പരമോന്നത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതനായ നേതാവും സീനിയര്‍ വൈസ് പ്രസിഡണ്ടുമായ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവിയുടെ വിയോഗവാര്‍ത്ത സുന്നി കൈരളിയെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
ഒരു വ്യക്തിയുടെ വിയോഗമെന്നതിലുപരി, ഒരു കാലഘട്ടത്തിന്റെ, ഒരു ശാന്തപ്രകാശത്തിന്റെ, ഒരു ആത്മീയ പാരമ്പര്യത്തിന്റെ നഷ്ടമായാണ് ഈ വിടവാങ്ങലിലൂടെ അനുഭവപ്പെടുന്നത്. സമസ്തയുടെ ഉന്നമനത്തിനും സുന്നി ആശയധാരയുടെ സംരക്ഷണത്തിനും ഉയര്‍ച്ചയ്ക്കുമായി തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മഹാനുഭാവിയായിരുന്നു മൗലവി. പദവികളെയോ പ്രശസ്തിയെയോ തേടാതെ നിസ്വാര്‍ത്ഥ സേവനവും ആശയനിഷ്ഠയും മാത്രം കൈമുതലാക്കി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം, സമുദായത്തിന് എന്നും അഭിമാനിക്കാവുന്ന ഒരു മാതൃകയായി നിലകൊള്ളുന്നു.
കളനാട് ജുമാ മസ്ജിദില്‍ ദീര്‍ഘകാലം മുദരിസായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഖുതുബകളിലൂടെ വിശ്വാസികളെ ബോധവല്‍ക്കരിക്കുകയും ആത്മീയമായി വളര്‍ത്തുകയും നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്തിരുന്നു. ലളിതമായ ഭാഷ, ആഴമുള്ള സന്ദേശം, ഇവയൊക്കെയാണ് യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവിയുടെ ഖുതുബകളെ വേറിട്ടതാക്കിയത്.
മൊഗ്രാല്‍ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന മൗലവി, നാടിന്റെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. ദീര്‍ഘകാലം മൊഗ്രാല്‍ ജമാഅത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലഘട്ടം, അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും തെളിവാണ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉറച്ച നിലപാടും, പ്രശ്‌നപരിഹാരങ്ങളില്‍ സമചിത്തതയും പുലര്‍ത്തിയ അദ്ദേഹം, ജമാഅത്തിന്റെ വിശ്വാസം നേടിയ ഒരു ജനനായകനായി മാറി.
ഒരു കാലത്ത് മതപ്രഭാഷണ വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന മൗലവി, മതവിജ്ഞാനം സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കിയ പ്രഭാഷകനായിരുന്നു. അറിവ് അഹങ്കാരമാക്കാതെ, വിനയത്തിന്റെ അലങ്കാരത്തോടെ അദ്ദേഹം തന്റെ ജ്ഞാനം പങ്കുവെച്ചു. പ്രസംഗങ്ങള്‍ ആവേശത്തിലേക്കല്ല, ആലോചനയിലേക്കാണ് ശ്രോതാക്കളെ നയിച്ചിരുന്നത്.
മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച നവകാല വിദ്യാഭ്യാസ സങ്കല്‍പ്പത്തിന്റെ ശക്തനായ വക്താവായിരുന്നു അബ്ദുല്‍ റഹ്മാന്‍ മൗലവി. അതിന്റെ സാക്ഷാല്‍ രൂപമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സെക്രട്ടറിയായി കാലങ്ങളായി പ്രവര്‍ത്തിച്ചുവരികെയായിരുന്നു അന്ത്യം. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചക്കും ദിശാബോധത്തിനുമായി അദ്ദേഹം നടത്തിയ അഹോരാത്ര പരിശ്രമങ്ങള്‍, അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും സമര്‍പ്പണത്തിന്റെയും സുവര്‍ണ്ണരേഖകളാണ്.
വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ ഭാവി സുരക്ഷിതമാകണമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ച നേതാവായിരുന്നു യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി. സമൂഹത്തിന്റെ അടിത്തറയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ നേതൃപാടവം അസൂയാവഹമായിരുന്നു. അനാരോഗ്യം വകവെക്കാതെ അതിരാവിലെ എണീറ്റ് എം.ഐ.സിയിലേക്ക് പോയിരുന്നത് കൗതുകത്തോടെയായിരുന്നു ഞങ്ങള്‍ നോക്കി കണ്ടിരുന്നത്. എന്റെ അയല്‍വാസിയായിരുന്ന ഉസ്താദ് ഞങ്ങളുടെ മഹല്ലിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായിരുന്നു.
നമ്മെ വിട്ടുപോയിരിക്കുന്നുവെ ങ്കിലും അദ്ദേഹം തെളിച്ചുവച്ച വിശ്വാസത്തിന്റെ ദീപവും പകര്‍ന്നുനല്‍കിയ ജ്ഞാനത്തിന്റെ വെളിച്ചവും അസ്തമിക്കില്ല. സുന്നി കൈരളിയുടെ ആത്മീയ ആകാശത്ത് ഒരുപാട് കാലം പ്രകാശിച്ച ഒരു പണ്ഡിതസൂര്യന്‍ അസ്തമിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ഓര്‍മ്മകളും സംഭാവനകളും സമൂഹത്തിന്റെ ഹൃദയത്തില്‍ എന്നും പ്രകാശിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും.