വിടവാങ്ങിയത് മാപ്പിള കലയുടെ ഇശല്‍മധുരം

Update: 2026-01-06 11:06 GMT

മാപ്പിള കലാലോകത്തിന് തീരാനഷ്ടം വിതച്ചാണ് പ്രമുഖ കലാകാരന്‍ കെ.എം അബ്ദുറഹ്മാന്‍ വിടവാങ്ങിയത്. ഇശല്‍ഗ്രാമത്തില്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ എത്തിയ മരണവാര്‍ത്ത കലാസ്വാദകരെ ഏറെ ദു:ഖിപ്പിക്കുന്നതായിരുന്നു.

മാപ്പിള കലകള്‍ക്ക് സമഗ്രസംഭാവന നല്‍കിയ അന്താച്ച ഇശല്‍ ഗ്രാമത്തിന്റെ അഭിമാന പുത്രനായിരുന്നു. മധുരം കിനിയുന്ന മാപ്പിളപ്പാട്ടിലൂടെ ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ ഗായകന്‍ എന്ന വിശേഷണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ഭംഗിവാക്കല്ല. ശബ്ദമാധുര്യവും ആരെയും ആകര്‍ഷിക്കുന്ന ഈണവും ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് പ്രത്യേകമൊരു താളമായിരുന്നു.

പീര്‍ മുഹമ്മദ്, മൂസാ എരഞ്ഞോളി, വി.എം കുട്ടി, വിളയില്‍ ഫസീല, എം.എ അസീസ് തുടങ്ങിയ പ്രമുഖ ഗായകരുടെ കൂടെയൊക്കെ ഒരുകാലത്ത് നിരന്തരം വേദികള്‍ പങ്കിട്ടിരുന്ന അദ്ദേഹം, അസുഖം മൂലം വീട്ടില്‍ വിശ്രമിക്കുമ്പോഴും അവരുടെ ഗാനങ്ങള്‍ കര്‍ണ്ണാനന്ദകരമാം വിധം ആലപിക്കുമായിരുന്നു.

ദഫ് കലയില്‍ അഗാധമായ പാണ്ഡിത്യം നേടിയ അദ്ദേഹം, നിരവധി ശിഷ്യഗണങ്ങളെ ദഫ് മുട്ടിലൂടെ വാര്‍ത്തെടുത്ത ഒരു മഹത്തായ ഗുരുവായിരുന്നു. അതുകൊണ്ടുതന്നെ 'ദഫിന്റെ ഉസ്താദ്' എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. കല വെറും വേദി പ്രകടനമല്ല, പകര്‍ന്നുനല്‍കേണ്ട പൈതൃകമാണെന്ന ബോധത്തോടെ അനവധി യുവപ്രതിഭകളെ അദ്ദേഹം വളര്‍ത്തിയെടുത്തു.

കല്യാണവീടുകളിലും വിവിധ സാംസ്‌കാരിക-കലാ വേദികളിലും ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ച് വലിയ ജനശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ജില്ലക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച കെ.എം. അബ്ദുറഹ്മാന്‍, തന്റെ കലാപരമായ മികവിലൂടെ എവിടെയായാലും പ്രത്യേക സാന്നിധ്യമായി മാറി. മാപ്പിള കലാരംഗത്തെ അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനങ്ങള്‍ക്ക് പകരമായി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

മാപ്പിളപ്പാട്ടുകള്‍ക്ക് പുതുമയും പുതുജീവനും പകര്‍ന്ന അദ്ദേഹം, പുതുതലമുറ മാപ്പിളപ്പാട്ടിനെ 'മാപ്പില്ലാ പാട്ടായി' മാറ്റുന്നതില്‍ വ്യാകുലപ്പെട്ടിരുന്നു. ഹാസ്യരൂപേണയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങളും ഏറെ രസകരമായിരുന്നു. അദ്ദേഹത്തിന്റെ കുളിരണിയിക്കുന്ന ആലാപനങ്ങള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇന്നും ഇശല്‍മധുരമായി അവശേഷിക്കുന്നുവെന്നത് ആസ്വാദക മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം വിളിച്ചോതുന്നു. മാപ്പിളകലാ മേഖലക്കും ഇശല്‍ ഗ്രാമത്തിനും തീരാനോവ് സൃഷ്ടിച്ച് കെ.എം അബ്ദുറഹ്മാന്‍ പറന്നുപോയെങ്കിലും അദ്ദേഹം പാടിയ പാട്ടുകളിലൂടെയും പകര്‍ന്നുനല്‍കിയ കലയിലൂടെയും വളര്‍ത്തിയ ശിഷ്യഗണങ്ങളിലൂടെയും ഈ അനുഗ്രഹീത കലാകാരന്‍ കാലാതീതമായി കലാസ്‌നേഹികളുടെ ഹൃദയാന്തരങ്ങളില്‍ ജീവിച്ചു കൊണ്ടേയിരിക്കും.

Similar News