കാറില്‍ എഴുതിവെച്ച ആ ഫോണ്‍ നമ്പറില്‍ നന്മയുടെ സുഗന്ധമുള്ള ഒരു മനുഷ്യനെ ഞാന്‍ കണ്ടു

Update: 2025-11-05 11:09 GMT

നന്മയുടെ സുഗന്ധമുള്ള ആ ഓര്‍മ്മ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഏതാണ്ട് 15 വര്‍ഷമായിക്കാണും. ഞാനും ഒരു ബന്ധുവും കാസര്‍കോട് അശ്വിനി നഗറിലെ ഫാത്തിമ ഹോസ്പിറ്റലിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് മറ്റൊരു വാഹനത്തില്‍ മാന്യയിലെ വിന്‍ടെച്ച് പാമെഡോസില്‍ ഒരു വിവാഹത്തിന് പോയതായിരുന്നു. സമയം വൈകിട്ട് ഏതാണ്ട് മൂന്നര മണി. ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ 7 മണി പിന്നിട്ടിരുന്നു. ഫാത്തിമ ഹോസ്പിറ്റലിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ കയറാന്‍ നേരത്ത് മുന്‍ഭാഗം ഗ്ലാസില്‍ ഒരു മൊബൈല്‍ നമ്പര്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചത് കണ്ടു. 'പ്ലീസ് കോണ്‍ടാക്ട്' എന്ന വാചകവും നമ്പറിനൊപ്പം ഉണ്ടായിരുന്നു. ആരായിരിക്കും? എന്തിനായിരിക്കും വിളിക്കാന്‍ പറഞ്ഞത്?

ഞാന്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ആ നമ്പറിലേക്ക് വിളിച്ചു. ഞങ്ങളുടെ കാറില്‍ എഴുതിവെച്ച നമ്പര്‍ കണ്ടാണ് വിളിച്ചതെന്ന് അറിയിച്ചപ്പോള്‍ അങ്ങേതലയ്ക്കല്‍ മൃദുവായ ഒരു ശബ്ദം: 'ഞാന്‍ അരമന ആസ്പത്രിയിലെ അബ്ദുല്‍റഹ്മാന്‍ ഹാജിയാണ്. എന്റെ കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ നിങ്ങളുടെ കാറില്‍ ചെറുതായൊന്ന് ഉരസിപ്പോയിട്ടുണ്ട്. പറയത്തക്ക പാടുകളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും എന്തെങ്കിലും പോറല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം. മെക്കാനിക്കിനെ കാണിക്കുകയാണെങ്കില്‍ ആ തുക ഞാന്‍ അയച്ചുതരാം...' -ആ വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി.

എന്തൊരു മാന്യത! ഞങ്ങള്‍ കാറിന്റെ നാലുഭാഗവും നോക്കി. ഒരു പോറലും ഇല്ല. വളരെ സൂക്ഷിച്ച് നോക്കിയപ്പോള്‍ കാറിന്റെ പിന്‍ഭാഗത്ത് ഒരു പൊട്ടുപോലെ ചെറിയൊരു പാട്. ഇതിനാണോ ഇദ്ദേഹം ഇത്രയും സങ്കടപ്പെടുന്നത്... ക്ഷമാപണം നടത്തുന്നത്... ആ മനുഷ്യനോട് വല്ലാത്ത ആദരവ് തോന്നി. ഈ കാലത്തും ഇങ്ങനെയും ചില മനുഷ്യര്‍. കാറിടിച്ച് തകര്‍ന്നാല്‍ പോലും ഒരു ദാക്ഷണ്യവുമില്ലാതെ നിര്‍ത്താതെ പോയ്ക്കളയുന്ന വിരുതന്മാര്‍ യഥേഷ്ടമുള്ള നമ്മുടെ നാട്ടില്‍, ആരും കാണാത്ത ചെറിയൊരു ഉരസല്‍ ഉണ്ടായതിനെ മറച്ചുവെക്കാതെ സത്യസന്ധമായി വിളിച്ചുപറയാന്‍ നന്മ കാട്ടിയ ഒറവങ്കര അബ്ദുല്‍ റഹ്മാന്‍ ഹാജിയോട് എനിക്കുള്ള ബഹുമാനാദരവ് ഇരട്ടിച്ചു. ആ സംഭവത്തിനും മുമ്പെ എനിക്ക് അബ്ദുല്‍ റഹ്മാന്‍ ഹാജിയെ അറിയാം. എന്റെ അമ്മാവന്റെ (കെ.എം അഹ്മദ് മാഷിന്റെ സഹോദരന്‍ കെ.എം മഹ്മൂദിന്റെ) മകള്‍ മനാലിനെയാണ് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ ഇളയ മകന്‍ ആരിഫ് വിവാഹം കഴിച്ചിരിക്കുന്നത്. മെക്കാനിക്കിനെ കാണിക്കാനൊന്നുമില്ലെന്നും താങ്കളുടെ ഈ സത്യസന്ധതയെ അങ്ങേയറ്റം ആദരിക്കുന്നൂവെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ ആരാണെന്ന് പറയാനൊന്നും നിന്നില്ല.

ഒറവങ്കര അബ്ദുറഹ്മാന്‍ ഹാജി സൗമ്യതയുടെ നിറദീപമായിരുന്നു. സ്‌നേഹമായിരുന്നു അദ്ദേഹത്തില്‍ നിന്ന് സദാ നേരവും നിറഞ്ഞൊഴുകിയിരുന്ന സദ്ഗുണം. മാന്യതയുടെ എല്ലാ സുഗന്ധവും ആ ജീവിതത്തില്‍ നിന്ന് അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മുണ്ടും ഷര്‍ട്ടുമായി മലയാളിത്വത്തിന്റെ തനിമ ചൂടിനിന്ന അഴകുള്ളൊരു മനുഷ്യന്‍.

വാക്കുകളില്‍ എപ്പോഴും സൂക്ഷിച്ച പക്വതയും മാന്യതയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഏത് കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. ദീര്‍ഘകാലത്തെ ഗള്‍ഫ് ജീവിതം അബ്ദുല്‍ റഹ്മാന്‍ ഹാജിയെ പെരുമാറ്റ സുഗന്ധമുള്ള ഒരാളാക്കി മാറ്റിയിരുന്നു. ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു അദ്ദേഹം. പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഒറവങ്കര, കീഴൂര്‍, മേല്‍പ്പറമ്പ് മേഖലകളിലെ സകല പ്രവര്‍ത്തനങ്ങളിലേക്കും അദ്ദേഹത്തെ നാട്ടുകാര്‍ കൈപിടിച്ചുകൊണ്ടുവന്നു. ഏത് ഉത്തരവാദിത്വവും മാന്യമായി അദ്ദേഹത്തിന് നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മുസ്ലിംലീഗ് പാര്‍ട്ടിയുടെയും കീഴൂര്‍, ഒറവങ്കര മസ്ജിദ് കമ്മിറ്റികളുടെയും ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെയും അമരത്ത് നാട്ടുകാര്‍ അദ്ദേഹത്തെ ദീര്‍ഘകാലം അവരോധിച്ചത്. ഏതൊരു സ്ഥാപനത്തെയും സംഘടനെയും നല്ല രീതിയില്‍ മുന്നോട്ട് നയിക്കാനും വളര്‍ത്താനും അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് കഴിയുമെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. സ്ഥാനമാനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും നാട്ടുകാര്‍ ഓരോ ഉത്തരവാദിത്വത്തിലും അദ്ദേഹത്തെ കൈ പിടിച്ച് കൊണ്ടുവന്ന് ഇരുത്തിയത് അതുകൊണ്ട് തന്നെയാണ്.

അബ്ദുല്‍ റഹ്മാന്‍ ഹാജിയെ പോലെ തന്നെ കര്‍മ്മരംഗത്ത് സജീവമാണ് ആണ്‍മക്കളായ ഹനീഫും ആരിഫും. വിവിധ സംഘടനകളുടെ അമരത്ത് രണ്ടുപേരുമുണ്ട്. സൗഹൃദങ്ങളെ വിളക്കിച്ചേര്‍ക്കുന്നതില്‍ വാപ്പയുടെ പാതയില്‍ തന്നെയാണ് മക്കളും. പെണ്‍മക്കളും ഉപ്പയുടെ നന്മയെ മുറുകെ പിടിച്ച് ജീവിക്കുന്നവരാണ്. കുടുംബബന്ധത്തെ ഹൃദയം ചേര്‍ത്തുപിടിക്കുന്നതില്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി കാണിച്ച മിടുക്ക് മക്കള്‍ക്കും ഒട്ടും കുറവല്ല.

അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗം നല്‍കി സന്തോഷിപ്പിക്കുമാറാവട്ടെ...

Similar News