ബുധനാഴ്ച അന്തരിച്ച ചെങ്കളയിലെ മുനമ്പത്ത് എം.എ. മഹമൂദ് ഹാജിയുടെ വിയോഗത്തോടെ, തലമുറകളെ ബന്ധിപ്പിച്ചിരുന്ന ഒരു കണ്ണിയാണ് ചെങ്കളയ്ക്ക് നഷ്ടമായത്. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് പോലും ഏതു ആള്‍ക്കൂട്ടത്തിനുമുമ്പിലും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിയുന്ന മുഖസൗന്ദര്യവും വാക്കിന്റെ മൃദുത്വവുമായിരുന്നു അദ്ദേഹത്തിന്റെ അതുല്യമായ പ്രത്യേകത. ആരാധനാ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും സൂക്ഷ്മതയും ഏവര്‍ക്കും മാതൃകയായിരുന്നു. പതിറ്റാണ്ടുകളോളം ചെങ്കള ജമാഅത്തിന്റെ ട്രഷററായി സേവനം അനുഷ്ഠിച്ച സമയത്ത്, പണം ചില്ലറ ആക്കാനുള്ള ആവശ്യത്തിനുപോലും ഒരു പൈസയെങ്കിലും വ്യക്തിപരമായി ഉപയോഗിച്ചിട്ടില്ലെന്നത്, അദ്ദേഹത്തിന്റെ സൂക്ഷ്മതയും സത്യനിഷ്ഠയുമുള്ള ജീവിതത്തിന്റെ തെളിവാണ്.
പരിചയപ്പെട്ടവരുമായി ബന്ധം ഹൃദയത്തില്‍ സൂക്ഷിച്ച്, കത്തുകളിലൂടെ അതിനെ നിലനിര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. അദ്ദേഹത്തിന്റെ അടുത്ത് ആരെങ്കിലും സഹായം തേടി എത്തിയാല്‍, പ്രത്യേകിച്ച് ഉസ്താദുമാര്‍ എത്തിയാല്‍ അവരുടെ കാര്യം നിറവേറ്റികൊടുക്കുന്നതുവരെ അദ്ദേഹത്തിന് വിശ്രമമില്ലായിരുന്നു. പരിചയമുള്ളവരോട് കാര്യങ്ങള്‍ വിശദീകരിച്ച്, ആവശ്യക്കാരന്റെ ആവശ്യം തീരുന്നത് വരെ അദ്ദേഹം അക്കാര്യത്തില്‍ വ്യാപൃതനായിരിക്കും. മഹമൂദ് ഹാജിയുടെ വീട്ടില്‍ ചെന്നിരുന്ന് സംസാരിച്ചവര്‍ക്ക്, ഒരു ലൈബ്രറിയില്‍ പോയി വന്നതുപോലുള്ള വിജ്ഞാനവും ആശ്വാസവുമാണ് മനസ്സില്‍ നിറയുക. മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കം കേരളത്തിലെ പ്രമുഖരുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ അനേകര്‍ക്കും ഗുണം ചെയ്തുവെന്നത് പറയേണ്ട കാര്യമില്ല. എങ്കിലും, അത്രയും ബന്ധങ്ങള്‍ ഉണ്ടായിട്ടും സ്വന്തം ആവശ്യങ്ങള്‍ക്ക് ഒരിക്കലും അവയെ ഉപയോഗിച്ചിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മഹത്വം. തനിക്കുണ്ടായിരുന്ന വലിയ ബന്ധങ്ങളെ സ്വാര്‍ത്ഥതയ്ക്കായി വിനിയോഗിച്ചിരുവെങ്കില്‍ മഹമൂദ് ഹാജി കേരളം അറിയുന്ന രാഷ്ട്രീയമതനേതാക്കളിലൊരാളായി നിലകൊണ്ടേനെ. തലമുറകളുടെ കഥകള്‍ കൈമാറാന്‍ ഇനി ഞങ്ങള്‍ക്ക് മഹമൂദ് ഹാജിക്ക ഇല്ലെന്ന് തിരിച്ചറിയുമ്പോള്‍, ഹൃദയം നിറയെ വിഷമം മാത്രം ശേഷിക്കുന്നു...