എന്നും സ്‌നേഹ മധുരം നിറച്ച സിറാജ് എന്ന കൂട്ടുകാരന്‍

Update: 2025-08-04 11:13 GMT

കഴിഞ്ഞ ദിവസം ഒരു ഞെട്ടലോടെയാണ് സിറാജ് ചിറാക്കലിന്റെ നിര്യാണവാര്‍ത്ത അറിഞ്ഞത്. എന്റെ സഹപാഠി. ഒന്നാംതരം തൊട്ട് മൂന്നുവരെ ചെമ്മനാട് എല്‍.പി സ്‌കൂളില്‍ ഒന്നിച്ചായിരുന്നു പഠനം. അന്നേ വളരെ സ്മാര്‍ട്ട് ആയിരുന്നു അവന്‍. പിന്നീട് ഞങ്ങള്‍ പരവനടുക്കത്തേക്ക് താമസം മാറിയപ്പോള്‍ ഞാന്‍ അവിടത്തെ സ്‌കൂളില്‍ ചേര്‍ന്നു. പഠിത്തത്തില്‍ ഒന്നാമന്‍. ടീച്ചേഴ്‌സ് പെറ്റ്. ക്ലാസ് ലീഡറും അവനായിരുന്നു. അതിന് ശേഷം ഇടയ്ക്കിടക്ക് ഞങ്ങള്‍ കാണാറുണ്ടായിരുന്നെങ്കിലും വീണ്ടും കൂട്ടായത് സൗദിയിലെ അല്‍ ഖോബാറില്‍ വെച്ചാണ്. അവിടെ ഞങ്ങള്‍ ഒരു വില്ലയില്‍ ആയിരുന്നു താമസം. കുറച്ചു ചെമ്മനാട്ടുകാര്‍ ഒന്നിച്ചു താമസിച്ചിരുന്ന അവിടെ അവധി ദിവസങ്ങളില്‍ ബാക്കിയുള്ളവരും ഒത്തുകൂടും.

ഖോബാറിലെ ചെമ്മനാട് ജമാഅത്ത് എന്ന് ഞങ്ങള്‍ തമാശയായി പറയുമായിരുന്നു. വളരെ രസകരമായിരുന്നു ആ ദിവസങ്ങള്‍. നേരെ ചൊവ്വേ എന്ന പ്രകൃതക്കാരനായിരുന്നു സിറാജ്. മനസിലുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും. ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ചിലരിലെങ്കിലും ഈര്‍ഷ്യയുമുണ്ടാക്കിയിരിക്കാം.

വലിയ അഭിമാനി ആയിരുന്നു. ആരുടെ മുമ്പിലും തല അല്‍പം പോലും കുനിയുന്നത് സഹിക്കാനാവുമായിരുന്നില്ല. ചിലപ്പോള്‍ അത് ദുരഭിമാനത്തിന്റെ വക്കോളമെത്തിയോ എന്ന് തോന്നിപ്പോകും. ഒരു ഈഗോ ക്ലാഷ് മൂലമാണ് ബസ്‌കിന്‍ റോബിന്‍സിലെ നല്ലൊരു ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞു ഇറങ്ങിപ്പോന്നത്.

ഞാന്‍ കണ്ട ഏറ്റവും വലിയ ചെയിന്‍ സ്‌മോക്കറായിരുന്നു സിറാജ്. സിഗരറ്റിന്റെ പുക വളയങ്ങളാക്കി നിരനിരയായി തലക്ക് മുകളിലൂടെ പറത്തിവിടുന്നത് അവനൊരു രസമായിരുന്നു. ഞങ്ങള്‍ അത് നോക്കി രസിച്ചിരിക്കും. ഒപ്പം നല്ല മധുരത്തില്‍ ചായയും വേണം. അതും നമ്മള്‍ ഇടുന്നതിനേക്കാള്‍ മൂന്നിരട്ടി മധുരത്തില്‍. അടുത്ത കുറേക്കാലമായി പ്രമേഹം അവനെ വല്ലാതെ അലട്ടിയിരുന്നു. കോഴിക്കോട്ടെ ഒരു പ്രമുഖ ഹോസ്പിറ്റലിലായിരുന്നു ചികിത്സ തേടിയത്. കുറച്ചുദിവസമായി പനി മൂര്‍ച്ഛിച്ചത് അവിടെ വെച്ചായിരുന്നു. അവിടെന്നാണ് അത്യധികം സങ്കടകരമായ വാര്‍ത്ത നമ്മളെ തേടിയെത്തുന്നത്.

ചെമ്മനാട് അവനൊരു വികാരമായിരുന്നു. ചെമ്മനാടിന്റെ ഓരോ കാര്യങ്ങളിലും അവന്റെ സാന്നിധ്യമുണ്ടായിരുന്നു.

ചെമ്മനാട്ടുകാരുടെ പ്രിയങ്കരന്‍. അതിന്റെ തെളിവായിരുന്നു മയ്യത്ത് നിസ്‌കാരത്തിന് ചെമ്മനാട് ജമാഅത്ത് പള്ളി നിറഞ്ഞുകവിഞ്ഞ ജനാവലി.

സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ അവന്റെ പാരത്രിക ജീവിതം സന്തോഷദായകമായിത്തീരട്ടെ.

Similar News