മഹ്മൂദ് മുക്രി ഉസ്താദ്; പൊവ്വലിന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍

Update: 2025-08-22 10:40 GMT

പൊവ്വല്‍ നാടിന്റെ പതിറ്റാണ്ടുകളുടെ തനിമയും സംസ്‌കാരവും തൊട്ടറിഞ്ഞും പുതിയ തലമുറക്ക് പകര്‍ന്നു നല്‍കിയും നാടിനൊപ്പം സഞ്ചരിച്ച പ്രിയപ്പെട്ട മുക്രി ഉസ്താദ് എന്ന മഹമൂദ് മുസ്ലിയാര്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ആ വിടവ് ഒരു പക്ഷെ ന്യൂജെന്‍ തലമുറക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമായിരിക്കും. എന്നാല്‍ കഴിഞ്ഞുപോയ ഇന്നലെകളില്‍ നാടിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന ഒരു തലമുറക്ക് ഉസ്താദിന്റെ വിടവ് ഉണ്ടാക്കിയേക്കാവുന്ന ശൂന്യത പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഓര്‍മ്മകള്‍ ഒന്ന് പിറകോട്ട് പോയാല്‍ നമുക്ക് ഉസ്താദിന്റെ ഇഷ്ട ഇടമായ പള്ളി, മദ്രസ മുറ്റത്ത് ഉസ്താദിന്റെ പതിഞ്ഞ ആ ശബ്ദം കേള്‍ക്കാനാവും. ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണവും നബിദിനമോ റാത്തീബ് നേര്‍ച്ചയോ വന്നാല്‍ മുഴുവന്‍ സമയവും സംഘാടകനായി, പള്ളി റിസീവര്‍ ആയി, ഇരിക്കുന്ന ഉസ്താദിന്റെ ഓര്‍മ്മകള്‍. നാട്ടിലെ പലരും പള്ളി രജിസ്റ്റര്‍ നമ്പറും വരിസംഖ്യയും ഒക്കെ ഉസ്താദിന്റെ മനക്കണക്കില്‍ നിന്ന് കേട്ടാണ് അറിയുക. അല്ലെങ്കിലും ഡിജിറ്റല്‍ യുഗത്തിലും മഹല്ല് ജമാഹത്തിന്റെ നൂറുകണക്കിന് വീട്ടുകാരെയും അവിടെത്തെ ഗൃഹനാഥന്മാരയും മന:പാഠമാക്കി വെക്കാന്‍ ഉസ്താദിനല്ലാതെ മറ്റാര്‍ക്ക് പറ്റും ?

ഇനി ഇങ്ങനെയൊരാള്‍ പൊവ്വലിന് ഉണ്ടാവുമോ?

അതുകൊണ്ട് തന്നെയായിരിക്കണം ഇന്നും ആയിരത്തോളം വീടുകളും അതിലേറെ അംഗസംഖ്യയുമുള്ള വലിയ മഹല്ല് ജമാഅത്തിന്റെ ഓരോ വീട്ടുകാര്‍ക്കും മുക്രി ഉസ്താദ് അത്രമേലും വേണ്ടപ്പെട്ടവരായത്.

ഒരുപക്ഷെ കഴിഞ്ഞുപോയ ചുരുക്കം ചില വര്‍ഷം ഒഴിച്ച് നിര്‍ത്തിയാല്‍ നാട്ടിലെ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ആ കുഞ്ഞിന്റെ തൊട്ടില്‍ കിടത്തല്‍ ചടങ്ങില്‍ താരാട്ട് ബൈത്ത് പാടാനും പുണ്യനബിയുടെ മദ്ഹ് കുഞ്ഞിളം പൈതലുകള്‍ക്ക് കേള്‍പ്പിക്കാനും പ്രിയപ്പെട്ട ഉസ്താദ് നിര്‍ബന്ധ അതിഥിയായി കടന്നുവന്നിരുന്നു. ഇനി ആ ഈരടികളും മധുരമുള്ള ഓര്‍മ്മകള്‍ മാത്രം. ഒരു തലമുറക്ക് ദീനിന്റെ ആദ്യാക്ഷരം ഓതി പഠിപ്പിച്ചും പള്ളി മിഹ്‌റാബില്‍ ബാങ്ക് വിളിച്ചും ഈ നാടിന്റെ സ്പന്ദനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച മഹമൂദ് മുസ്ലിയാര്‍ കേവലം ഒരു പള്ളി മദ്രസയില്‍ തളച്ചിട്ട ആളായിരുന്നില്ല. പൊവ്വലിന്റെ പഴയ, പ്രൗഢമായ ഇന്നലെകളില്‍ നാട്ടുമ്പുറത്തെ, കവലകളിലെ ചര്‍ച്ചകളിലും ആവേശം വിതറിയിരുന്ന കളിക്കളങ്ങളിലും മുക്രി ഉസ്താദ് സ്ഥിരം സാന്നിധ്യമായിരുന്നു. ഇനി ഇല്ലാ ആ നറുപുഞ്ചിരി തൂകുന്ന നമ്മുടെ ഉസ്താദ്.

ആരോടും വിദ്വേഷമോ വിദ്വേയത്വമോ ഇല്ലാതെ സദാ പുഞ്ചിരി തൂകി നാട്ടുകാര്‍ക്കിടയിലേക്ക് കടന്നുവന്നിരുന്ന പ്രിയപ്പെട്ട ഉസ്താദിന്റെ വിയോഗം ഒരു തലമുറയുടെ തീരാത്ത നഷ്ടമായി അവശേഷിക്കും. ദീനിനോടും ദീനി സ്ഥാപനങ്ങളോടും അരിക് ചേര്‍ന്നു ജീവിക്കുമ്പോഴും ഒരു നാടിന്റെ സകല മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയിരുന്നയാളാണ് ഓര്‍മ്മയായിരിക്കുന്നത്. വ്യക്തിപരമായും നന്നേ ചെറുപ്പം തൊട്ടേ കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഇടപഴകിയുമുള്ള പ്രിയപ്പെട്ട മുക്രി ഉസ്താദിന്റെ വിയോഗം ഒരു നൊമ്പരമായി അവശേഷിക്കുന്നു. പൊവ്വലിലെ ആ പീടികയും പള്ളി നേര്‍ച്ച ഭണ്ഡാരവും അതിലെ ചില്ലറ പൈസയും എല്ലാം...

ഉത്തരദേശം പത്രം ഇറങ്ങാന്‍ കാത്തിരിക്കുന്ന ഉസ്താദിന്റെ മുഖവും ഇനി ഓര്‍മ്മകളില്‍ കണ്ണീരിന്റെ നനവ് പടര്‍ത്തി ബാക്കിയാവും. യാ അല്ലാഹ്.. നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ...

നൗഷാദ് നെല്ലിക്കാട്, ദുബായ്

Similar News