കോടി മുനീറിന് ഒരു ബാല്യകാല സുഹൃത്തിന്റെ കണ്ണീര്‍ തര്‍പ്പണം

Update: 2025-08-26 11:00 GMT

'മണ്ണില്‍ നിന്ന് സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ നിന്നെ മടക്കപ്പെടുന്നു, പിന്നീട് അതില്‍ നിന്ന് തന്നെ നിങ്ങളെ പുനര്‍ജീവിപ്പിക്കുന്നു'-എന്നര്‍ത്ഥം വരുന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ചൊല്ലി മൂന്നുപിടി മണ്ണ് ഖബറിലേക്കിട്ടു പള്ളികാട്ടില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍, പഴയകാല സ്മരണകള്‍ ഓരോന്നായി മനസ്സില്‍ കടന്നുവന്നു. അരനൂറ്റാണ്ടു മുമ്പുള്ള, എന്റെ സ്‌കൂള്‍ ജീവിതവും കൂടെ അന്നുള്ള ബാല്യകാല സുഹൃത്തുക്കളോടൊപ്പമുള്ള മധുര സ്മരണകളും മനസ്സിന്റെ ദര്‍പ്പണത്തില്‍ തെളിഞ്ഞുവന്നു.

എന്റെ സ്‌കൂള്‍ പഠനം പുത്തിഗെ പഞ്ചായത്തിലെ കന്തല്‍ എ.എല്‍.പി സ്‌കൂളിലായിരുന്നു. അന്ന് സിലോണിലായിരുന്ന അമ്മാവന്റെ വീട്ടിലായിരുന്നു എന്റെ താമസം. അമ്മാവന്റ മക്കളായ ജമീലയും മുനീറും... ഞങ്ങള്‍ മൂന്നു പേരും കന്തലിലെ തറവാട് കാരണവര്‍ കോടി കുഞ്ഞാലിച്ച സ്ഥാപിച്ച ജില്ലയിലെ തന്നെ ആദ്യകാല മലയാള മീഡിയം എ.എല്‍.പി സ്‌കൂളിലായിരുന്നു പഠിച്ചത്. (ഇന്ന് ഈ സ്‌കൂള്‍ കന്തല്‍ ജമാഅത്തിന്റെ കീഴിലാണ്.)

സമപ്രായക്കാരായിരുന്ന ഞങ്ങള്‍ മൂവരും അന്നത്തെ ഗ്രാമീണത ആവോളം ആസ്വദിച്ചു കഴിഞ്ഞുകൂടി. ശംനാട് തറവാടംഗമായ അമ്മായി ഞങ്ങളെ അല്ലലറിയാതെ വളര്‍ത്തി.

വീട്ടിനടുത്തുള്ള പുഴക്കരയിലെ മരത്തില്‍ നിന്ന് പുണാര്‍പുളി പറിച്ചു തിന്നും വീടിന്റെ വാതിലിനരികെയുള്ള തോട്ടില്‍ കടലാസ് തോണി ഇറക്കിയും തുണി കൊണ്ട് പരല്‍ മീന്‍ പിടിച്ചും, പേരക്കയും നെല്ലിക്കയും മാങ്ങയും തിന്നുനടന്നിരുന്ന ആ കാലം പുതിയ തലമുറക്ക് കേട്ടുകേള്‍വി ഇല്ലാത്തതാണ്. എത്രവികൃതി കാട്ടിയാലും ഞങ്ങളെ വഴക്ക് പറയാത്ത അമ്മായിയെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്‍പീലികള്‍ നനയുന്നു.

കാലചക്രം അഭംഗുരം ചലിച്ചുകൊണ്ടേയിരുന്നു.

അമ്മാവന്റെ മരണശേഷം മുനീര്‍ കുവൈത്തിലേക്കും ഞാന്‍ സൗദിയിലേക്കും ചേക്കേറി. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണെങ്കിലും തനിക്ക് താഴെയുള്ള ആറുപേരുടേയും കുടുംബത്തിന്റെ ഉത്തരവാദിത്വം മുനീറിന്റെ ചുമലിലായി.

ജീവിത സായാഹ്നത്തില്‍ നാട്ടിലെത്തിയ ഞങ്ങള്‍ മുനീറുമായി വീണ്ടും പഴയകാല കഥകള്‍ പറഞ്ഞു കൂട്ടുകൂടുമായിരുന്നു. ദിര്‍ഘകാലം കുവൈത്തിലെ ഒരേ കമ്പനിയില്‍ ജോലി ചെയ്ത കോടി മുനീര്‍ കുവൈത്തിലെ പ്രവാസി സാമൂഹ്യ സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ ശാഖാതലം മുതല്‍ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ വരെയായി സേവനമനുഷ്ഠിച്ചു, സര്‍വ്വരുടേയം പ്രശംസ നേടി.

കുവൈത്തിലെ സ്വന്തം വീട് തന്നെ പ്രസ്ഥാനത്തിന്റെ കേന്ദ്രമാക്കി, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വ്യാപ്രതനായി. സ്പടിക തുല്യമായ ജീവിതം നയിച്ച മുനീര്‍ കോടിയുടെ സാമ്പത്തിക ഇടപാടിലുള്ള സൂക്ഷമത ഏവരേയും ആദരണീയനാക്കി.

എല്ലാ പ്രവാസികളെയും പോലെ, ജീവത സായാഹ്നം നാട്ടില്‍ കുടുംബവുമൊത്ത് കഴിയാമെന്ന ആഗ്രഹത്താല്‍ നാട്ടിലെത്തിയ മുനീറിന് വിധി വിപരീതമായിരുന്നു. പിന്നീട് ആസ്പത്രിയിലെ നിത്യസന്ദര്‍ശകനായി.

കഴിഞ്ഞ ദിവസം വിദ്യാനഗറിലെ ബി.സി റോഡിലുള്ള അവന്റെ വീട്ടില്‍ മുനീറിന്റ ജനാസയെ അനുഗമിച്ച ജനം ആ ധന്യജീവിതത്തിന് സാക്ഷികളായി. ഈ ആസുര കാലത്തും മുനീറിന്റെ സല്‍സ്വഭാവവും സഹജീവികളോടുള്ള ആര്‍ദ്രതയും അവന്റെ സ്മരണകളെ ദീപ്തമാക്കും. മറക്കാനാവാത്ത എന്റെ കളിത്തോഴന് വേണ്ടി കണ്ണീരോടെ നാഥനിലേക്ക് കൈകളുയര്‍ത്തുന്നു.

Similar News