മരണം അനിവാര്യവും യാഥാര്‍ത്ഥ്യവും ആണെന്നിരിക്കലും ഓരോ മരണങ്ങളും ഉള്‍ക്കൊള്ളാന്‍ മനസ്സ് പാകപ്പെടാന്‍ സമയമെടുക്കുന്നു. അടുത്ത സുഹൃത്തുക്കളും പരിചിതരുമാവുമ്പോള്‍ ദു:ഖം ഇരട്ടിക്കുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട ഹുസൈനാര്‍ തെക്കിലിന്റെ വിയോഗം തീര്‍ത്തും അവിചാരിതമായിരുന്നു. സംഘടനാ രംഗത്ത് സജീവമായി തുടങ്ങിയ കാലം തൊട്ട് സുപരിചിതനായിരുന്നു ഹുസൈനാര്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ചെമ്മനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. അക്കാലങ്ങളിലൊക്കെ പാര്‍ട്ടിക്ക് കരുത്ത് പകരുന്ന മികച്ച സംഘാടകനായി വര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പറായി ജനപ്രതിനിധി എന്ന നിലയില്‍ ശോഭിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഹുസൈനാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ അമരസ്ഥാനത്തിരിക്കെ പഞ്ചായത്തിന്റെ മുക്ക് മൂലകള്‍ താണ്ടി നടത്തിയ പദയാത്രയും 2005ല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രടറിയായിരിക്കെ നടത്തിയ റാലിയും പഞ്ചായത്ത് സമ്മേളനവും ഇത്തരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. മുസ്ലിംലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ടായും യൂത്ത് ലീഗിന്റെ മണ്ഡലം ജില്ലാ നേതൃനിരയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടി വേദികളില്‍, ചര്‍ച്ചകളില്‍ സജീവമാവുകയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് ഉച്ചത്തില്‍ പറയുകയും ചെയ്തിരുന്ന പ്രിയപ്പെട്ട ഹുസൈനാര്‍ മത-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വോയ്‌സ് ഓഫ് തെക്കില്‍ എന്ന സംഘടനയും ഒരു കാലത്ത് അദ്ദേഹത്തിന്റെ തട്ടകമായിരുന്നു.
ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം ആ ഭാഗങ്ങളില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പായാലും മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകളായാലും ചന്ദ്രിക പ്രചാരണമായാലും എല്ലാത്തിനും ഹുസൈനാര്‍ വേണമായിരുന്നു പ്രവര്‍ത്തകര്‍ക്ക്. അടിമുടി ലീഗുകാരന്‍-അതായിരുന്നു ഹുസ്‌നാര്‍ച്ച. അല്ലാഹു അദ്ദേഹത്തിന്റെ പരലോകം സന്തോഷപ്രദമാക്കട്ടെ-ആമീന്‍.