വിദ്യാഭ്യാസ-സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നാടിന്റെ സ്വന്തം മാഷ്
അബൂബക്കര്‍ സഅദി നെക്രാജെ
വിദ്യഭ്യാസ പ്രവര്‍ത്തകനും നാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ സാമൂഹ്യ-ധാര്‍മ്മിക ജീവകാരുണ്യ മേഖയിലെ നിറസാന്നിധ്യവുമായിരുന്ന കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം സ്വദേശി ഹസൈനാര്‍ മാഷിന്റെ വേര്‍പ്പാട് നാടിന്റെ നൊമ്പരമായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യ ബല്ലാകടപ്പുറം കേന്ദ്രീകരിച്ചു മാഷ് നടത്തിയ വിദ്യാഭ്യാസ മുന്നേറ്റവും സമൂഹിക സേവനങ്ങളും ആര്‍ക്കും മറക്കാനാവില്ല. വിദ്യാഭ്യാസ രംഗത്ത് അത്രത്തോളം വളര്‍ച്ച പ്രാപിക്കാത്ത പ്രദേശങ്ങളെയാണ് മാഷ് പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തത്. ജന്മദേശമായ ബല്ലാകടപ്പുറത്ത് സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ നാമധേയത്തില്‍ എസ്.എം അക്കാദമി സ്ഥാപിക്കുകയും ചെയ്തു. ഭാവിയുടെ വാഗ്ദാനങ്ങളായ ഒരു തലമുറയെ വാര്‍ത്തെടുക്കലായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളുടെയും നിരന്തര സേവനത്തിന്റെയും ഫലം കാണുകയുണ്ടായി. രാപ്പകല്‍ ഭേദമന്യേ അദ്ദേഹം നടത്തിയ ക്ലാസുകളും പരിശീലനങ്ങളും നാട്ടില്‍ വിദ്യാഭ്യാസ പുരോഗതിയുടെ അരുണോദയമുണ്ടാക്കി. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തി, ഉയര്‍ന്ന മാര്‍ക്കോടെ വിജയംനേടിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ വാര്‍ത്തെടുക്കാന്‍ മാഷിന് സാധിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മദ്രസ പഠനത്തിലും ഖുര്‍ആന്‍ പാരായണത്തിലും പരിശീലനം നല്‍കിയും ധാര്‍മ്മിക -ആത്മീയ വേദികള്‍ സംഘടിപ്പിച്ചും വിദ്യാര്‍ത്ഥികളെയും നാട്ടിലെ സ്ത്രീ-പുരുഷന്‍മാരെയും പ്രാപ്തരും സംസ്‌കൃതരുമാക്കി. തന്റെ സേവന പ്രവര്‍ത്തനം കൊണ്ട് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട മാഷ് മാര്‍ഗ്ഗദര്‍ശിയും ഉസ്താദുമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താംക്ലാസ് പാസാവാന്‍ പ്രയാസപ്പെട്ടിരുന്ന കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ മാഷ് തന്നെ എല്ലാവിഷങ്ങളിലും സ്‌പെഷ്യല്‍ ക്ലാസെടുത്ത് ഉന്നത നിലവാരത്തിലെത്തിച്ചു വിജയം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയും ശാസ്ത്രീയവും സാങ്കേതികവുമായ രീതിയും സ്വീകരിച്ചു വിദ്യാര്‍ത്ഥി മനസ്സുകളെ പാകപ്പെടുത്തുകയായിരുന്നു. വേറിട്ട അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങളും പ്രയത്നങ്ങളും പരിസര ഭാഗങ്ങളില്‍ അറിയപ്പെടുകയും അധ്യാപകരെ ആകര്‍ഷിക്കുകയും ചെയ്തു.
മൂന്ന് പതിറ്റാണ്ട് കാലത്തെ നിരന്തരമായ പരിശ്രമത്തിന്റെയും പരിശീലനത്തിന്റെയും ഫലമായി മാതൃകാ യോഗ്യരും മതബോധവും അച്ചടക്കവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനും വിദ്യാസമ്പന്നരും സേവനനിരതരുമായ ശിഷ്യഗണത്തെ സൃഷ്ടിച്ചെടുക്കാനും ഹസൈനാര്‍ മാഷിന് കഴിഞ്ഞു. മത-സമൂഹിക-സാസ്‌കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്ത് ഉന്നതരുമായി ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ജാമിഅ സഅദിയ്യ, കാഞ്ഞങ്ങാട് യതീഖാന തുടങ്ങിയ മത-വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും സഹകാരിയായിരുന്നു. വൃക്ക രോഗം ബാധിച്ച് 16 വര്‍ഷക്കാലം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോഴും സേവന നിരതരായതാണ് ഹസൈനാര്‍ മാഷിനെവേറിട്ട് നിറുത്തുന്ന വിസ്മയം.