ഞങ്ങളെ തനിച്ചാക്കി ഹനീഫാ, നീ ഇത്ര പെട്ടെന്ന് പോയ് കളഞ്ഞല്ലോ...
കഴിഞ്ഞ ദിവസം രാത്രി നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് കണ്ടപ്പോള്‍ വലിയ ഉത്സാഹത്തിലായിരുന്നല്ലോ നീ. എത്രനേരം നമ്മള്‍ സംസാരിച്ചത്. നാട്ടുവിശേഷങ്ങളും രാഷ്ട്രീയ വര്‍ത്തമാനങ്ങളും കടന്നുവന്നപ്പോള്‍ അതിനെക്കാളും പ്രാധാന്യം കുടുംബക്കാര്യങ്ങളെ കുറിച്ചായിരുന്നു. നാട്ടിലെ വേണ്ടപ്പെട്ടവരുടെ പെട്ടെന്നുള്ള വേര്‍പാടും അതില്‍പെടുന്നു. നീയും നിനക്ക് മുന്നേ കടന്നുപോയ അഉക്കര്‍ഞ്ഞിയും പൂരണവും നെല്ലിക്കുന്നിന് വലിയ ശൂന്യതയാണ് സുഷ്ടിച്ചത്. നെല്ലിക്കുന്ന് ജംഗ്ഷനെ എപ്പോഴും സജീവമാക്കുന്നതില്‍ വലിയ ഒരു സാന്നിധ്യമായിരുന്നു നീ. രാത്രി എത്ര വൈകിയാലും നിന്നെ ജംഗ്ഷനില്‍ കാണും. മറ്റുള്ളവരെ കുറിച്ച് അസൂയയും കുറ്റവും കുറവുകളും പറയുമ്പോള്‍ നീ അവിടെയുണ്ടാവില്ല. ചിരിച്ച് കൊണ്ട് പോയ്ക്കളയും. എന്റെ ചെറിയ മകന്റെ വിവാഹക്കാര്യത്തെക്കുറിച്ചായിരുന്നു എന്നും കാണുമ്പോള്‍ നീ സംസാരിച്ചിരുന്നത്. കാറ്റും മഴയും ഇല്ലാത്തപ്പോഴും നാട്ടില്‍ വൈദ്യുതി നിലച്ചാല്‍ കെ.എസ്.ഇ.ബി ഓഫീസിലേക്കായിരുന്നില്ല വിളിച്ച് പറഞ്ഞിരുന്നത്. പലപ്പോഴും ഓഫീസില്‍ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല. അപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ നിന്നെ വിളിക്കും. സമയമോ കാലാവസ്ഥയോ നോക്കാതെ സ്‌കൂട്ടറില്‍ നീ ഓടിക്കിതച്ചെത്തും. നീ നേരെ പോകുന്നത് കെ.എസ്.ഇ.ബി ഓഫീസിലേക്കാണ്. അവിടെ പോയി പരാതി പറയുന്നവരേയും കൂട്ടും. വൈദ്യുതി തകരാര്‍ പരിഹരിച്ചിട്ടേ നീ വീടണയൂ. അതും പരിഹരിച്ചോ എന്ന് വിളിച്ച് പറഞ്ഞ ശേഷമായിരിക്കും ഉറക്കത്തിലേക്ക് പോകുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരുമായി വളരെ അടുപ്പത്തിലായിരുന്നു നീ. വീട്ടിലെ ഫ്യൂസ് പോയാലും വീട്ടുകാര്‍ തപ്പിപിടിച്ച് നിന്റെ മൊബൈല്‍ ഫോണ്‍ നമ്പറെടുത്തു വിളിക്കും. ഹനീഫാ, ഓഫീസില്‍ വിളിച്ച് കിട്ടുന്നില്ല. ഒന്ന് പറയുമല്ലോ...
പള്ളിയിലെ ഉറൂസിലും റാത്തീബ് പരിപാടികളിലും നിന്റെ നിറസാന്നിധ്യമായിരുന്നു. ഈയിടെ മരണം നമ്മുടെ നാട്ടില്‍ തന്നെ ചുറ്റിപ്പറ്റിയാണല്ലോ. വേണ്ടപ്പെട്ടവര്‍ മരണത്തിലേക്ക് പോകുമ്പോള്‍ വല്ലാത്ത സങ്കടത്തിലാക്കുന്നു എല്ലാവരേയും. ഇനി ജംഗ്ഷനില്‍ നീ ഇല്ല. കടന്നുപോയിരിക്കുന്നു എന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാനാവുന്നില്ല. എത്രക്കാലം ഹനീഫ ഈ വിടവ്. എല്ലാവരെയും കുറിച്ച് നല്ലത് പറയുന്ന നിനക്ക് നല്ലത് വരട്ടെ. മഗ്ഫിറത്ത് നല്‍കട്ടെ. ഖബറിടം അല്ലാഹു വിശാലമാക്കി തരട്ടെ. ആമീന്‍.