ഓര്‍മ്മയായത് ഒരു നാടിന്റെ കരുത്തുറ്റ മനുഷ്യന്‍

Update: 2025-09-24 10:50 GMT

ഹൃദയം നുറുങ്ങുന്ന വേദനയില്‍ പിടയുന്ന ഒരു രാത്രിയാണ് കടന്നു പോയത്. അപ്പുത്തയുടെ മരണം താങ്ങാനാവാതെ ഒരു നാട് തേങ്ങുകയാണ്. എങ്ങനെയാണ് അപ്പുത്തയുടെ കുടുംബം, കൂട്ടുകാര്‍ ഈ ഓര്‍മ്മകളെ ഇനിയുള്ള രാപ്പകലുകളില്‍ മറക്കാന്‍ ശ്രമിക്കുക... നാട്ടിലും കുടുംബത്തിലും ഒരു പവര്‍‌സ്റ്റേഷന്‍ പോലെ പലപ്പോഴും കനമുള്ള വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഉള്‍ക്കരുത്തോടെ എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന ഒരു പച്ചമനുഷ്യന്‍. ഏത് പാതിരാവിലും മുട്ടിവിളിക്കാന്‍ പാകത്തില്‍ തുറന്നുവെച്ച വാതില്‍പോലെ ആത്മാര്‍ത്ഥതയും സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായും ഹൃദയത്തിന്റെ കാരുണ്യം കൊണ്ട് ഒട്ടേറെ നന്മകള്‍ തീര്‍ത്ത മനുഷ്യന്‍. ഒരു ഫോണ്‍കോളിലെ നൊമ്പരങ്ങളില്‍ അനുനിമിഷം ഇടപെടുകയും അവ നിര്‍വഹിക്കപ്പെട്ടോ എന്ന് നിരന്തരം ഫോളോവപ്പ് ചെയ്യുകയും ചെയ്ത ചെറുപ്പക്കാരന്‍ അതായിരുന്നു അപ്പുത്ത... കുടുംബത്തിലെ ഒരു കൊച്ചു പെണ്‍കുട്ടി വിളിച്ച അപ്പുത്ത (അഷ്‌റഫ്) എന്ന പേര്, അത് പിന്നീട് നാട്ടുകാരുടെ സ്‌നേഹത്തിന്റെ വിളിപ്പേരായി... മാസങ്ങള്‍ക്കുമുമ്പെ രോഗം തളര്‍ത്തി പിന്നീട് ഹോസ്പിറ്റല്‍... എവിടെ ഓടാനും കുടുംബവും പ്രിയപ്പെട്ട ചങ്ങാതിമാരും ഉണ്ടായിരുന്നു. പക്ഷേ, എല്ലാം വൈകിപ്പോയിരുന്നു. നിങ്ങള്‍ എവിടെ കൊണ്ടുപോയാലും ഇതിന് ചികിത്സ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നീണ്ട മൂന്ന് മാസം വേദനകള്‍ ഒരുപാട് സഹിച്ചു. ഇന്നലെ ഉച്ചയോടെ പ്രിയപ്പെട്ട അപ്പുത്ത വിധിക്ക് കീഴടങ്ങി... പെരുമഴയത്തും ഇന്നലെ രാത്രി ആ മനുഷ്യനെ ഒരു നോക്ക് കാണാന്‍ വന്ന പുരുഷാരം, ഒരു നേതാവിനും കിട്ടാത്ത സ്‌നേഹത്തിന്റെ കണ്ണീര്‍ പ്രാര്‍ത്ഥന..! സമാനതകളില്ലാത്ത സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ്. നേര്‍ത്ത മഴപെയ്യുന്ന എരിയാല്‍ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാനില്‍ പച്ച മണ്ണിന്റെ രൂക്ഷമായ ഗന്ധത്തില്‍ അഷ്‌റഫ് എന്ന അപ്പുത്ത കിടക്കുന്ന ആ ഒരൊറ്റ ഓര്‍മ്മ മതി...! ആയിരം പ്രസംഗത്തേക്കാള്‍ നമ്മെ ഭയപ്പെടുത്താന്‍... എല്ലാരും പിരിഞ്ഞുപോയാല്‍ മരണ വീടിന് അസഹനീയമായ ഒരു ഓര്‍മ്മയുടെ പിടച്ചിലുണ്ട്. ഓര്‍മ്മകള്‍ കണ്ണീര്‍ പെയ്തുകൊണ്ടേയിരിക്കുന്ന ഏത് സാന്ത്വന വാക്കുകളും ചെവിയില്‍ കേള്‍ക്കാത്ത എല്ലാം കൊട്ടിയടച്ച ഒരു തരം മരവിപ്പിന്റെ വീട്? ആ കുടുംബത്തിന് പടച്ച റബ്ബ് ക്ഷമ നല്‍കട്ടെ.. ആ സഹോദരന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ...

Similar News