പാടലടുക്കക്ക് വഴിവിളക്കായിരുന്ന ഡ്രൈവര്‍ അബ്ദുല്‍റഹ്മാന്‍

By :  Sub Editor
Update: 2025-08-06 09:45 GMT

പാടലടുക്കയിലെ ഡ്രൈവര്‍ അബ്ദുറഹ്മാന്‍ അദ്രാന്‍ച്ച ഇനിയില്ല. അദ്ദേഹത്തിന്റെ വിയോഗം, പാടലടുക്ക എന്ന നാട്ടില്‍ ആ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നന്മകള്‍ മറക്കാനാവില്ല. അദ്ദേഹവുമായുള്ള ബന്ധം ഹൃദയത്തില്‍ പതിഞ്ഞതാണ്. ഇന്നലെകളിലെ ആ ഓര്‍മ്മകളും ബന്ധങ്ങളും സൗഹൃദവും കണ്ണീരോടെ ഓര്‍ക്കുകയാണ്. ഖിളര്‍ ജുമാ മസ്ജിദിന്റെ തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം ആശിര്‍വദിച്ചു കൈവീശി അയക്കും.

അപ്പോള്‍ കിട്ടിയിരുന്ന ഊര്‍ജ്ജം വളരെ ഏറെ വിലപ്പെട്ടതായിരിന്നു. എപ്പോഴും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുംകൊണ്ട് കൂടെ ചേര്‍ത്തുപിടിച്ച ഒരാള്‍. അദ്ദേഹത്തിന്റെ നര്‍മ്മങ്ങള്‍ വളരെ ആസ്വാദ്യകരമായിരുന്നു. സൗമ്യനും നാടിന്റെ ഐക്യവും സമാധനവും നന്മയും ആഗ്രഹിക്കുകയും ചെയ്ത ഡ്രൈവര്‍ അദ്രമാന്‍ച്ച നാടിന്റെ എല്ലാ കാര്യങ്ങളിലും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. പാടലടുക്ക ഖിളര്‍ ജുമാ മസ്ജിദിന്റെ പരിപാലനത്തിനും സദാ ശ്രദ്ധയുണ്ടായിരന്നു. ആ മനുഷ്യന്‍ സഞ്ചരിച്ച വഴികള്‍ നന്മകള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ മക്കളും സുഹൃത്തുക്കള്‍ ആയിരുന്നു. അദ്ദേഹം എന്റെ കുടുംബവുമായി വലിയ ബന്ധമാണ് സൂക്ഷിച്ചിരുന്നത്. അവസാനമായി അദ്ദേഹത്തെ കാണുന്നത് ജൂലൈ 12ന് സഹോദരിയുടെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയപ്പോഴാണ്.

അസുഖ ബാധിതനായി കിടക്കുമ്പോഴും അദ്ദേഹം പഴയ സ്‌നേഹം ഒരു കുറവുമില്ലാതെ കാണിച്ചു. ഏറെ നേരം സംസാരിച്ച് പ്രാര്‍ത്ഥിച്ച് സലാം പറഞ്ഞാണ് പിരിഞ്ഞത്. ഞാന്‍ എഴുതിയ 'പ്രവാസം ജീവിതം യാത്രകള്‍' എന്ന പുസ്തകത്തെക്കുറിച്ചും പ്രകാശനം ചടങ്ങിനെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിച്ചു. ചെറുമകന്‍ അല്‍ഫാസ് അരികിലുണ്ടായിരുന്നു.

നാടിന്റെ നെടും തൂണും വഴിവിളക്കുമായി നിന്ന നന്മയുള്ള ഡ്രൈവര്‍ അബ്ദുറഹ്മാന്‍ അദ്രാന്‍ച്ച ഓര്‍മ്മയില്‍ എന്നും ജ്വലിച്ചു നില്‍ക്കും. കുടുംബത്തിന്റെ, നാടിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

-ആസിഫ് അലി പാടലടുക്ക

Similar News