കാസര്‍കോടിനെ സ്‌നേഹിച്ച ഡോ. ബി.എസ് റാവു

By :  Sub Editor
Update: 2025-07-31 10:01 GMT
കാസര്‍കോട് കണ്ട മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ബി.എസ്. റാവുവെന്ന് നിസ്സംശയം പറയാം. പഠന കാലത്ത് തന്നെ മികവ് തെളിയിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി. ഒട്ടനവധി മെഡലുകള്‍ കരസ്ഥമാക്കിയാണ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചിറങ്ങിയ ഉടനെ മംഗളൂരു കേന്ദ്രമാക്കി ആയിരുന്നു തന്റെ പ്രാക്റ്റീസ് എങ്കില്‍ ഡോ. അമര്‍നാഥ് ഹെഗ്ഡെയെ പോലെ ദക്ഷിണേന്ത്യയില്‍ തന്നെ അറിയപ്പെടുമായിരുന്നു. പക്ഷെ ബി.എസ് റാവു കാസര്‍കോടിനെ സ്‌നേഹിച്ചു.

വളരെ നേരത്തെ പരിചയപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. ബി.എസ് റാവു. 1960കളുടെ ഒടുവില്‍ തന്നെ. ഓര്‍മ്മ ശരിയാണെങ്കില്‍ ജി.എച്ച്.എസ്സില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്. ഭേദപ്പെടാന്‍ സാധ്യത വിരളമെന്ന കരുതിയ ഒരസുഖം എനിക്ക് ഉണ്ടായിരുന്നു. അന്ന് ലഭ്യമായ പല വിദഗ്ധ ഡോക്ടര്‍മാരും കൈയൊഴിഞ്ഞ കേസ്. മൂക്കിലൂടെ രക്തം വാര്‍ന്നൊഴുകുക. വല്ലപ്പോഴും ആണ്. അറ്റ് റാന്‍ഡം. പക്ഷെ തുടങ്ങിയാല്‍ പിന്നെ അവസാനിക്കുക എന്നത് അതിന്റെതായ സമയത്താണ്. ഈ അസുഖം അത്ര വിചിത്രമല്ലെന്നൊക്കെ പറഞ്ഞേക്കാം. എന്നാല്‍ എനിക്ക് ബാധിച്ചത് ഭേദപ്പെടുത്താനായില്ല. മംഗലാപുരത്ത് അന്ന് കേമനായിരുന്ന അഡപ്പ ഡോക്ടര്‍ക്ക് അടക്കം മാസങ്ങളോളം. ഡോ. അഡപ്പയുടെ ചികിത്സ തേടി. ഒടുവില്‍ അദ്ദേഹം പറഞ്ഞു; ഈ അസുഖം, കുട്ടി വളര്‍ന്ന് ഒരു എയ്ജില്‍ എത്തുമ്പോള്‍ തനിയെ മാറുമായിരിക്കും എന്ന്. കുട്ടിയായ എന്നെ അറിയിച്ചിരുന്നില്ലെ എന്റെ ഉമ്മ വാപ്പമാര്‍, അടുത്ത വേണ്ടപ്പെട്ടവര്‍ ഒക്കെ വളരെ പെട്ടെന്ന് അവര്‍ക്ക് എന്നെ നഷ്ടമാകും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്ന് തോന്നുന്നു. ഉമ്മയുടെ സമ പ്രായക്കാരിയായ അകന്ന ബന്ധത്തിലെ ഒരു സ്ത്രീ വാപ്പയോട് കയര്‍ക്കുന്നത് ഒരിക്കല്‍ ഞാന്‍ കേട്ടിരുന്നു. അതാണ് ആ സൂചന എന്നില്‍ അങ്കുരിക്കാന്‍ കാരണം. പോരാത്തതിന് അതിന്റെ ഒരു സഹതാപം അവരെന്നോട് പ്രകടിപ്പിച്ചിരുന്നു. പക്ഷെ അവ ഞാന്‍ അതിന്റെതായ അര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞത് പില്‍ക്കാലത്ത് മാത്രം. അപ്പോള്‍ അവരും അത് സമ്മതിക്കുകയായിരുന്നു.

അന്നെ ദിവസം ലതിക എന്നൊരു ടീച്ചറുടെ ക്ലാസിലായിരുന്നു ഞാന്‍. എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ഇഷ്ടപ്പെട്ട അധ്യാപകരില്‍ ഒരാള്‍. ക്ലാസ്സ് ശ്രദ്ധിച്ചിരിക്കെ തലയ്ക്കകത്ത് എന്തൊക്കെയോ കിരുകിരുപ്പ്. ചെറുതായി തലവേദന വന്ന് പിന്നെ അത് കലശലായി. മൂക്കില്‍ ഇരിറ്റേഷനും രക്തത്തിന്റെ ഗന്ധവും. അതതിന്റെ ലക്ഷണമാണെന്ന് തിരിച്ചറിഞ്ഞു. എന്റെ അസ്വസ്ഥത തിരിച്ചറിഞ്ഞ ടീച്ചര്‍ അടുത്ത് വന്ന് ചോദിച്ചു. എന്താ സുഖമില്ലേ? അപ്പോഴേക്കും കൈയിലെ ചോരയില്‍ കുതിര്‍ന്ന കര്‍ചീഫ് ടീച്ചര്‍ വാങ്ങി. ടീച്ചറുടെ മുഖമൊന്നും ഞാന്‍ കണ്ടില്ല. ക്ലാസ്സ് ബഹളമയമായി. ഞാനിരുന്ന ബെഞ്ചില്‍ നിന്ന് കൂട്ടികളെ മാറ്റിയിരുത്തി എന്നെ അവിടെ കിടത്തി. ചുറ്റും കൂടി നിന്നവരുടെ ഭയം കലര്‍ന്ന നോട്ടം കാണാം. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് ഒച്ചകള്‍ വരുന്നുണ്ട്. എവിടുന്നോ ഐസ് കഷ്ണം കൊണ്ട് വന്ന് അവര്‍ നെറ്റിയില്‍ വെച്ച് കെട്ടി. ലതിക ടീച്ചര്‍ക്കതറിയാമായിരുന്നു. ചോര വാര്‍ച്ച നിന്നപ്പോള്‍ ടീച്ചര്‍ ഒരു കുട്ടിയുടെ കൂടെ നേരെ റോഡിനപ്പുറമുള്ള സര്‍ക്കാര്‍ ആസ്പത്രിയിലേക്കയച്ചു. ഇന്ന് മെഡിക്കല്‍ കോളേജ് ആസ്പത്രി എന്ന് ഫലകം വെച്ചിരിക്കുന്ന ഇതേ ആസ്പത്രിയുടെ അന്നത്തെ പേര് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എന്ന് മാത്രമായിരുന്നു. അന്നത്തെ തോത് വെച്ച്, ചികിത്സ ബെറ്റര്‍ ആയിരുന്നു. ആസ്പത്രി കവാടത്തിനടുത്ത് വെച്ചു കൂടെ വന്ന സഹപാഠിയെ തിരിച്ചയച്ച്, കുന്ന് കയറി ഞാന്‍ ഒ.പി. കൗണ്ടറില്‍ നിന്ന് ചീട്ട് വാങ്ങി കണ്‍സള്‍ട്ടിങ് ഹാളിന്റെ ഒരു കോണില്‍ പോയി നിന്നു. ഒരു വലിയ വട്ട മേശക്ക് ചുറ്റുമിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കാറ്റ് കിട്ടാന്‍ വേണ്ടി മുകളില്‍ പണിപ്പെട്ട് കറങ്ങുന്ന ഒരു വലിയ ഫാനിന്റെ നേര്‍ത്ത ഞരക്കം ഇന്നും കാതിലുണ്ട്. ഡോക്ടര്‍മാരില്‍ പ്രമുഖരായ ഡോ. മേരിദാസ്, ഡോ. ശംനാട്, ഡോ. ഇര്‍ണിറായ, ഡോ. ലത്തീഫ് തുടങ്ങിയവര്‍ക്ക് ചുറ്റും അടുക്കാന്‍ പറ്റാത്തത്രയും രോഗികള്‍. എന്നാല്‍ അവരെയൊക്കെ സഹതാപത്തോടെ നോക്കി, സ്വയം ഒരു സഹതാപ ബിന്ദുവായി ഒഴിഞ്ഞ ഒരു കസേരയില്‍ ഒരു ചെറുപ്പക്കാരന്‍ അപ്പുറത്ത് ഇരിക്കുന്നു.

വെളുത്ത് സുമുഖന്‍. മുന്നില്‍ മേശമേല്‍ സ്റ്റെതസ്‌കോപ്പ് കണ്ട് അതൊരു ഡോക്ടര്‍ തന്നെയെന്ന് ഉറപ്പ് വരുത്തി ഞാനങ്ങോട്ട് ചലിച്ചു. അടുത്തെത്തിയാപ്പോള്‍ അദ്ദേഹം അവിടെയിട്ടിരിക്കുന്ന മരത്തടി സ്റ്റൂളില്‍ ഇരിക്കാന്‍ പറഞ്ഞു. രക്തത്തില്‍ കുതിര്‍ന്ന തൂവാല കാട്ടി. രോഗവിവരം, ചരിത്രവും കൂട്ടി പറഞ്ഞു. പിറകില്‍ രോഗികളൊന്നും വരി നില്‍ക്കുന്നില്ല. അതിനാല്‍ എനിക്ക് വെപ്രാളം ഇല്ല. ഡോക്ടര്‍ക്കും തിരക്കില്ല. എല്ലാം കേട്ടു അദ്ദേഹം സ്ലിപ്പില്‍ എന്തോ കുറിച്ചു തന്ന് ഡ്രസിങ് റൂം (അന്നങ്ങനെ) ചൂണ്ടി പറഞ്ഞു. പോയി ഒരു ടെസ്റ്റ് ഡോസ് എടുത്ത് എന്നെ കാണിക്കൂ. അത് ചെയ്തു പത്ത് മിനിറ്റ് കഴിഞ്ഞു ഡോക്ടറെ കാണിച്ചു. അദ്ദേഹം സ്ലിപ്പ് വാങ്ങി വീണ്ടും ചിലത് കുറിച്ചിട്ട് പറഞ്ഞു. ഇന്ന് മുതല്‍ താന്‍ ഒന്നിടവിട്ട ദിവസം രാവിലെ വന്ന് ഓരോ ഇന്‍ജക്ഷന്‍ എടുക്കും. നിര്‍ത്താന്‍ ഞാന്‍ പറയും. അപ്പോള്‍ മാത്രം. പത്ത് നാല്‍പത് നാളുകള്‍ പിന്നിട്ട് ഒരീസം ഇന്‍ജക്ഷന്‍ തരുന്ന നേഴ്സ് പറഞ്ഞു. എന്ത് മാത്രം ഇന്‍ജെക്ഷന്‍ എടുത്തു താന്‍! അവര്‍ എന്നെയും കൂട്ടി ഡോക്ടറെ സമീപിച്ചു ചീട്ട് കാണിച്ചു. അദ്ദേഹം ചീട്ട് വാങ്ങി എന്നെ ഇരിപ്പിടത്തില്‍ ഇരുത്തി പരിശോധിച്ച് ചോദിച്ചു. ഈ ചികിത്സ തുടങ്ങിയതിനു ശേഷം? ഇല്ല. ഞാന്‍ പറഞ്ഞു. എന്നാല്‍ പോകാം. വീണ്ടും ഉണ്ടാവുകയാണെങ്കില്‍ ഉടനെ എന്നെ വന്ന് കാണണം. രോഗത്തിന് പിന്നീട് അദ്ദേഹത്തെ എന്നല്ല ഒരു ഡോക്ടറെയും കാണേണ്ടി വന്നില്ല. ആ ഡോക്ടറുടെ പേരാണ് ഡോക്ടര്‍ ബി.എസ് റാവു, ബായാര്‍ ശങ്കരനാരായണ റാവു.

പിന്നീട് 1978 വരെ അദ്ദേഹം സ്വകാര്യമായി പ്രാക്ടീസ് ചെയ്യുന്നിടത്തും ആസ്പത്രികളിലും നിരവധി പേരെ ഞാന്‍ നിര്‍ദ്ദേശിച്ചയച്ചിട്ടുണ്ടാകും. എന്റെ പിതാവിന്റെയും ചികിത്സയുടെ ആദ്യഘട്ടത്തില്‍ സ്ഥിരമായി ബി.എസ് റാവു ആയിരുന്നു ഡോക്ടര്‍. ഒരിക്കല്‍ വാപ്പാക്ക് രോഗം കലശലായ വേള. ഞാന്‍ അദ്ദേഹത്തെയും കൊണ്ട് ഓടി. സ്ഥിരം കണ്‍സല്‍ട്ടന്റ് ആയ ബി.എസ് റാവുവിനെ കാണിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു കഴിഞ്ഞേ എന്ത് വേണമെന്ന് തീരുമാനിക്കാനാവൂ. ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി. നായക്സ് റോഡിലെ അദ്ദേഹത്തിന്റെ സ്വകാര്യ ക്ലിനിക്കില്‍ ഞങ്ങളെത്തി. അവിടെ കസേരകളിലും ബെഞ്ചുകളിലും ടോക്കനെടുത്ത് കാത്തിരിക്കുന്നവര്‍ നിരവധി. ഞാനവരോടെല്ലാവരോടുമായി പറഞ്ഞു വാപ്പാക്ക് തീരെ വയ്യ.

ഡോക്ടറെ ഒരു 5 മിനിറ്റിന് കാണിച്ച്, പറയുന്ന ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ട് പോവുകയാണ്. ആദ്യം അകത്ത് പോകാന്‍ അനുവാദം തരണം. അവരൊക്കെ ഒരേ ശബ്ദത്തില്‍ സമ്മതം മൂളി. അകത്തെത്തി എന്റെ 55 നമ്പര്‍ ടോക്കണ്‍ കാണിച്ചപ്പോള്‍ അദ്ദേഹം ക്രുദ്ധനായി. എന്ത് പറഞ്ഞിട്ടും അദ്ദേഹം നോക്കാന്‍ കൂട്ടാക്കിയില്ല. അന്ന് ദേഷ്യപ്പെട്ട് അവിടുന്ന് ഇറങ്ങിയതാണ്. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം അളിയന് പ്രഷര്‍ ഡൗണ്‍ ആയി കിംസില്‍ അഡ്മിറ്റ് ചെയ്ത് വിളിച്ചപ്പോള്‍ ആ പാതിരായ്ക്കും വന്നു നോക്കി. റാവു പറഞ്ഞു. സുഖമില്ലായിരുന്നു. എഴുന്നേല്‍ക്കാന്‍ വിഷമിച്ചു. എന്നിട്ടും ഈ സമയത്ത് എന്നെ ഇവിടെ വരുത്തിയത് ഇയാളുടെ ആയുസ്സാണ്. റാവുവിനെ കുറിച്ചു ഇത്തരം ഒരുപാട് അനുഭവങ്ങള്‍ കാസര്‍കോട്ടുകാര്‍ക്ക് പങ്കു വെക്കാനുണ്ടാകും.


കാസര്‍കോട് കണ്ട മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ബി.എസ്. റാവുവെന്ന് നിസ്സംശയം പറയാം. പഠന കാലത്ത് തന്നെ മികവ് തെളിയിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി. ഒട്ടനവധി മെഡലുകള്‍ കരസ്ഥമാക്കിയാണ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചിറങ്ങിയ ഉടനെ മംഗളൂറു കേന്ദ്രമാക്കി ആയിരുന്നു തന്റെ പ്രാക്റ്റീസ് എങ്കില്‍ ഡോ. അമര്‍നാഥ് ഹെഗ്ഡെയെ പോലെ ദക്ഷിണേന്ത്യയില്‍ തന്നെ അറിയപ്പെടുമായിരുന്നു. പക്ഷെ ബി.എസ് റാവു കാസര്‍കോടിനെ സ്‌നേഹിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ വേണ്ടി കാസര്‍കോട് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ്) ആരംഭിച്ചു. എം.ഡി. ഇന്റേണല്‍ മെഡിസിനില്‍ അതി വിദഗ്ധന്‍. ഡോക്ടര്‍-രോഗി ബന്ധം പരിശോധിക്കുകയാണെങ്കിലും ബി.എസ് റാവു അദ്ദേഹത്തെ സമീപിക്കുന്ന രോഗികള്‍ക്ക് വിച്ഛേദിക്കാനാവാത്ത ഒരാശ്വാസം നല്‍കിയിരുന്നു.

അദ്ദേഹത്തിന്റെ കൈയെഴുത്ത് (ഹാന്റ് റൈറ്റിങ്) മനോഹരവും വ്യക്തവും ആയിരുന്നു. അതിലും വ്യത്യസ്തനായ ഒരു ഡോക്ടര്‍. ഡോക്ടര്‍മാരുടെ എഴുത്തിനെ പലപ്പോഴും ഉപമിക്കാറ് കാക്ക ചിള്ളിയ പോലെ എന്നാണ്. മെഡിക്കല്‍ സ്റ്റോറുകാര്‍ അത്രയെളുപ്പത്തില്‍ വായിച്ചു സുഖിക്കണ്ട എന്ന മട്ടില്‍. ബി.എസ് റാവു ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഏത് കുട്ടിക്കും വായിക്കാനാവുന്നതാണ്. പ്രിസ്‌ക്രിപ്ഷനില്‍ കുറിച്ചിരിക്കുന്ന മരുന്ന് തന്നെയാണോ കിട്ടിയത് എന്ന് തിട്ടപ്പെടുത്താനും രോഗികളെ ആ കൈയക്ഷരം സഹായിച്ചു. മെഡിക്കല്‍ സ്റ്റോറുടമകള്‍ക്കും ആ കൈയക്ഷരം മാത്രം കണ്ടാല്‍ ഡോക്ടറെ തിരിച്ചറിയാനും കഴിഞ്ഞിരുന്നു. അദ്ദേഹം ഉള്ളത് കൊണ്ട് മാത്രം കിംസില്‍ ചികിത്സ തേടിയിരുന്നവര്‍ അനേകം. അതൊരു വിശ്വാസം ആയിരുന്നു. ബി.എസ് റാവു ചികിത്സിച്ചാല്‍ ഭേദമാകും എന്ന വിശ്വാസം. നമുക്ക് അദ്ദേഹത്തിന് നിത്യശാന്തി നേരാം.

Similar News