ലഹരിക്കെതിരെ കൂട്ടായ ശ്രമമുണ്ടാവണം-ഡി.വൈ.എസ്.പി

By :  News Desk
Update: 2025-03-11 09:39 GMT

അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് കാസര്‍കോട് ഡി.വൈ.എസ്.പി. സി.കെ. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും വലിയ രീതിയിലുള്ള ലഹരി മാഫിയ വിളയാടുകയാണെന്നും ഓരോ രക്ഷിതാക്കളും ജാഗരൂകരായി മക്കളെ നിരീക്ഷിക്കണമെന്നും ഈ സാമൂഹിക വിപത്തിനെ കൂട്ടായി ചേര്‍ന്ന് ഇല്ലാതാക്കണമെന്നും കാസര്‍കോട് ഡി.വൈ.എസ്.പി. സി.കെ. സുനില്‍കുമാര്‍ പറഞ്ഞു. അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം നന്നായാല്‍ മക്കള്‍ സാമൂഹ്യദ്രോഹിയായി വളരുകയില്ല. അച്ഛനും അമ്മയും എന്ന നിലയില്‍ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്, കടമകളുണ്ട്. ഇതൊക്കെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ആണ് കുടുംബം സ്വര്‍ഗമാകുന്നത്. കുടുംബം സ്വര്‍ഗ്ഗമാകുമ്പോള്‍ മക്കളും നല്ലവരാകും. അവര്‍ നല്ലവരാകുമ്പോള്‍ സമൂഹം സ്വര്‍ഗമാവും. അങ്ങനെ നല്ലൊരു സമൂഹത്തെ നമുക്ക് കുടുംബത്തിലൂടെ വാര്‍ത്തെടുക്കാന്‍ സാധിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്. കാസര്‍കോട് സ്റ്റേഷന്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജയശ്രീ ക്ലാസ്സെടുത്തു.

ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഇബ്രാഹിം സഖാഫി, സദര്‍ മുഅല്ലിം സിദ്ദിഖ് സുഹരി എന്നിവര്‍ സംസാരിച്ചു. മുനീര്‍ എം.എം സ്വാഗതവും ടി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.


Similar News