കവി ഉബൈദിന്റെ നിറമാര്‍ന്ന ഓര്‍മ്മകളില്‍ അക്ഷര വെളിച്ചം സര്‍ഗസഞ്ചാരം; ഇന്ന് മൊഗ്രാലില്‍ സമാപനം
കാസര്‍കോട് സാഹിത്യവേദി ഉബൈദ് അനുസ്മരണ ദിനത്തില്‍ ആരംഭിച്ച അക്ഷരവെളിച്ചം സര്‍ഗസഞ്ചാരം യാത്രയ്ക്ക് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണ യോഗം വിവര്‍ത്തകന്‍ കെ.വി കുമാരന്‍ മാഷ് ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: പാട്ടുപാടി പാട്ടപ്പിരിവ് നടത്തി വിദ്യാലയം സ്ഥാപിച്ച ടി. ഉബൈദിന്റെ സര്‍ഗസംഭാവനകളെ കാലത്തോട് വിളിച്ചുപറഞ്ഞും കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും അധ്യാപകനും എന്ന നിലയില്‍ അദ്ദേഹം ഈ നാട്ടിലുണ്ടാക്കിയ ചലനങ്ങളെ ഓര്‍ത്തും കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച രണ്ട് ദിവസത്തെ -അക്ഷര വെളിച്ചം- സര്‍ഗസഞ്ചാരം ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തി പ്രയാണം തുടരുന്നു. ഇന്നലെ, ഉബൈദിന്റെ കര്‍മ്മഭൂമിയായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് സര്‍ഗസഞ്ചാരം ആരംഭിച്ചത്. രാത്രി 8 മണിയോടെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണ യോഗം പ്രശസ്ത വിവര്‍ത്തകന്‍ കെ.വി കുമാരന്‍ മാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, സാഹിത്യവേദി വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, ശുഹൈബ് വൈസ്രോയ് പ്രസംഗിച്ചു. സാഹിത്യവേദി വൈസ് പ്രസിഡണ്ട് അഷ്റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ രണ്ടാംദിന യാത്രക്ക് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ആവേശകരമായ തുടക്കമായി. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഉബൈദിന്റെ ജീവിതം കൗതുകത്തോടെ കേട്ടിരുന്നു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി വൈസ് പ്രസിഡണ്ട് ഷാഫി എ. നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജാഥാ ക്യപ്റ്റന്‍ എ.എസ് മുഹമ്മദ്കുഞ്ഞി, ഉഷ ടീച്ചര്‍, അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു. സുഷമ ടീച്ചര്‍ ഉബൈദിന്റെ ഗാനം മനോഹരമായി പാടി കേള്‍പ്പിച്ചു. സി.എല്‍ ഹമീദ് സ്വാഗതവും കെ.എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തിയ സര്‍ഗസഞ്ചാരത്തെ ആവേശത്തോടെയാണ് കുട്ടികള്‍ വരവേറ്റത്. പരവനടുക്കം, വിദ്യാനഗര്‍, ചൗക്കി, ആരിക്കാടി, കുമ്പള എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം യാത്ര വൈകിട്ട് 6.30ന് മൊഗ്രാലില്‍ സമാപിക്കും.
ഉബൈദ്: ദ്വിമുഖ കവി-റഫീഖ് ഇബ്രാഹിം
കാസര്‍കോട്: വൃത്തങ്ങളും പ്രാസവും നോക്കി വരിഷ്ഠഭാഷയില്‍ കവിതയെഴുതുകയും അതിനോടൊപ്പം തന്നെ സാധാരണക്കാരന് മനസിലാകുംവിധം അറബി മലയാളത്തില്‍ എഴുതുകയും ചെയ്ത ദ്വിമുഖ കവിയെ ഉബൈദില്‍ കാണാമെന്ന് എഴുത്തുകാരനും നിരൂപകനുമായ റഫീഖ് ഇബ്രാഹിം പറഞ്ഞു. ഉബൈദ് അനുസ്മരണ യാത്രയായ അക്ഷരവെളിച്ചം സര്‍ഗസഞ്ചാരം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്‌കൃതത്തോട് കിടപിടിക്കുന്ന വരിഷ്ഠ മലയാള ഭാഷയില്‍ കവിത എഴുതിയാല്‍ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളുവെന്ന് ഉബൈദ് മനസിലാക്കിയിരുന്നു. അതേസമയം സാധാരണക്കാരന് മനസിലാകാന്‍ വേണ്ടി ലളിതമായ രീതിയും അവലംബിച്ചു. കുമാരനാശാന്‍ വൃത്തവും പ്രാസവും നോക്കി അക്കാലത്ത് കവിതയെഴുതിയതുകൊണ്ടാണ് മലയാള കവിയായി അംഗീകരിക്കപ്പെട്ടത്. ഇല്ലെങ്കില്‍ ഈഴവ കവിയെന്ന് മുദ്ര കുത്തുമായിരുന്നു-അദ്ദേഹം പറഞ്ഞു. എന്തിനെയും ആദര്‍ശവല്‍ക്കരിക്കുക എന്നതാണ് മാപ്പിള സാഹിത്യ വിചാരങ്ങളുടെ ദൗര്‍ബല്യമെന്നും റഫീഖ് ഇബ്രാഹിം പറഞ്ഞു.
അക്ഷരവെളിച്ചം സര്‍ഗ്ഗ സഞ്ചാരത്തിന് ഇന്ന് രാവിലെ കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ നല്‍കിയ സ്വീകരണം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു