ആരോഗ്യമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം -രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു
കാഞ്ഞങ്ങാട്: ആരോഗ്യവകുപ്പ് വെന്റിലേറ്ററിലായെന്നും രാജിവെക്കണമെന്ന ആവശ്യം ആരോഗ്യ മന്ത്രി അംഗീകരിക്കാത്തതിനാല്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം തകിടം മറിഞ്ഞിരിക്കുകയാണ്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലും കേരളത്തിലെ ആസ്പത്രികളില്‍ വിതരണം ചെയ്യുന്നുവെന്ന സി ആന്റ് എ.ജിയുടെ കണ്ടെത്തലുകളെ കുറിച്ച് വിശദമായി അന്വേഷിക്കണം. മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടോയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ മരിച്ചുവെന്നും അതോടൊപ്പം കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ആരാണ് ഉത്തരവ് കൊടുത്തതെന്നും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോട്ടയം സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല. മന്ത്രിയുടെ കെടുകാര്യസ്ഥത ബോധ്യപ്പെട്ടു കാണുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സംഭവവുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ കാര്യങ്ങള്‍ എങ്ങനെ ജനങ്ങളോട് പറയാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ മന്ത്രിയുടെ രാജിക്കായി ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. എട്ടിന് താലൂക്ക് ആസ്പത്രികള്‍ക്ക് മുന്നില്‍ സമരം നടത്തും.