തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1982 ബാച്ച് പഠനകാലത്തെ കുസൃതികളും തമാശകളും പങ്ക് വെച്ച് വിനോദയാത്ര നടത്തി

By :  Sub Editor
Update: 2025-08-22 10:58 GMT

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1982 ബാച്ച് സംഗമിച്ചപ്പോള്‍

തളങ്കര: ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് സമ്മാനിക്കുക. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1982 ബാച്ച് കൂട്ടായ്മ ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചത് പഴയകാല ക്ലാസുകളിലെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വേദിയായി. തളങ്കര ഗ്രൗണ്ടില്‍ നിന്നായിരുന്നു 32 അംഗങ്ങള്‍ രണ്ട് ദിവസത്തെ യാത്ര തിരിച്ചത്. ചില അംഗങ്ങള്‍ പഠനകാലത്തെ മറക്കാനാവാത്ത അനുഭവങ്ങളാണ് യാത്രയിലുടനീളം പങ്കുവെച്ചത്. ഒപ്പം ഹിന്ദി-മാപ്പിളപ്പാട്ടുകള്‍ പാടി യാത്ര അടിപൊളിയാക്കി. സമീര്‍ കാസനോവ, ഷാഫി തെരുവത്ത്, മുനീര്‍ സര്‍ക്കാവി, കാറു പടിഞ്ഞാര്‍, സാദിഖ് ഷമ്മ, ഹാഷിം സേട്ട്, ഹനീഫ് ഫിലിപ്പ്‌സ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ സഹപാഠികള്‍ താളം പിടിച്ചു. ആലപ്പുഴ കായലിലെ ആഡംബര ഉല്ലാസ ബോട്ടില്‍ കഥ പറഞ്ഞും ചിരിച്ചും സ്‌കൂള്‍ പഠന കാലത്തെ നിറമുള്ള കഥകള്‍ പറഞ്ഞു. ക്ലാസ്‌മേറ്റ്‌സിനെ പരിചയപ്പെടുത്തലും വിശേഷങ്ങള്‍ തിരക്കലും വേറിട്ട അനുഭവങ്ങളാക്കി.

ഷാഫി തെരുവത്ത് എഴുതിയ മക്ക മദീന പുസ്തകം മൊയ്‌നുദ്ദീന്‍ കെ.കെ പുറവും കോളിയാട് മജീദും അഷ്‌റഫ് വൈറ്റും എം.എസ് ഉമ്മറും സാദിഖ് ഷമ്മയും അബ്ദുല്ല പടിഞ്ഞാറും ഏറ്റുവാങ്ങി. സഹപാഠിയുടെ യാത്രാവിവരണ പുസ്തകം പ്രകാശന ചടങ്ങിനെ ഓര്‍മ്മിപ്പിക്കുന്നതായി. സഹപാഠികളില്‍ ചിലര്‍ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന ദുഃഖം തികട്ടിവന്നു. അവരെ ഓര്‍ത്തെടുക്കാനും സംഗമം വേദിയായി. രണ്ടാം ദിനം തണുപ്പിന്റെ താഴ്‌വരയായ മൂന്നാറിന്റെ വിരിമാറിലേക്കായിരുന്നു. ആനച്ചാലിലെ റിസോട്ടില്‍ മ്യൂസിക്ക് ചെയര്‍, ബോള്‍ മ്യൂസിക്ക് മത്സരങ്ങള്‍ സംഘടിപ്പിച്ചത് രസകരമായ അനുഭവങ്ങളായി. ശാരീരിക അവശതകള്‍ മറന്ന് എല്ലാവരും ഭാഗമായി. മ്യൂസിക്ക് ചെയര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കോളിയാട് മജീദും രണ്ടാംസ്ഥാനം മൊയ്‌നുദീന്‍ കെ.കെ പുറവും ബോള്‍ മ്യൂസിക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം എം.എസ് ഉമ്മറും രണ്ടാം സ്ഥാനം മജീദ് കോളിയാടും നേടി.

വിജയികള്‍ക്ക് റിസോര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ നല്‍കി. ഗ്രൂപ്പ് ചെയര്‍മാന്‍ ലുക്ക്മാനുല്‍ ഹക്കീം നേതൃത്വം നല്‍കി. ഷുക്കൂര്‍ കോളിക്കര കോര്‍ഡിനേറ്ററായി. പി.കെ. സത്താര്‍, കെ.എസ് ജമാല്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, മജീദ് കോളിയാട്, എം.എസ് ഉമ്മര്‍, മുഹമ്മദ് കുഞ്ഞി സിംഗപ്പൂര്‍, അഷ്‌റഫ് വൈറ്റ്, അബ്ദുല്ലക്കുഞ്ഞി പടിഞ്ഞാര്‍, ഹംസ, സലീം, കെ.കെ. ഹസൈനാര്‍, എച്ച്.എം ഹസൈനാര്‍, നജീബ് കെ.കെ പുറം, ഉമ്പായി, ഹനീഫ് പള്ളിക്കാല്‍, സലാം കുന്നില്‍, സി.പി അഷ്‌റഫ്, സിദ്ദീഖ് ഫാന്‍സി, അസീസ് ഖത്തര്‍, മുഹ്‌സിന്‍ കല്ലങ്കൈ, ബഷീര്‍ ദാദര്‍, എ. സത്താര്‍, മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കാളികളായി. രണ്ട് ദിന യാത്ര 43 വര്‍ഷത്തിന് മുമ്പത്തെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായി.


Similar News