തായലങ്ങാടി റെയില്‍വെ സ്റ്റേഷന്‍ റോഡ് കയ്യടക്കിയിരിക്കുന്ന തെരുവ് നായകള്‍
കാസര്‍കോട്: പേ വിഷബാധിച്ച നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ കാസര്‍കോട് നഗരത്തിലെ പ്രധാന റോഡുകളിലടക്കം തെരുവ് നായകള്‍ കൂട്ടത്തോടെ എത്തുന്നത് യാത്രക്കാരെ ഭയത്തിലാക്കുന്നു. തായലങ്ങാടി മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെ റോഡില്‍ തെരുവ് നായകള്‍ കൂട്ടമായി എത്തുന്നത് പതിവ് കാഴ്ചയാണ്. രാത്രിയിലും പുലര്‍ച്ചെയും തെരുവ് നായകള്‍ കൂട്ടത്തോടെ നഗരത്തിലെത്തുന്നത് വാഹന യാത്രക്കാര്‍ക്ക് ദുരിതം ഉണ്ടാക്കുന്നു. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ തെരുവ് നായകള്‍ അക്രമിക്കുന്നതും പതിവായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെരുവ് നായകളുടെ ശല്യം തീവണ്ടി യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. ഇരുചക്ര വാഹങ്ങള്‍ക്ക് നേരെ നായകള്‍ ചാടുന്നത് അപകട ഭീതി സൃഷ്ടിക്കുന്നു. തെരുവ് നായ ശല്യം കാരണം മദ്രസ വിദ്യാര്‍ത്ഥികളും രാവിലെ ഭീതിയോടെയാണ് പോവുന്നത്.