വെള്ളിക്കോത്ത് വിഷ്ണുഭട്ട്
കാസര്‍കോട്: ഡിസംബര്‍ 29, 30, 31 തീയതികളിലായി മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന 64-ാം മത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കാനുള്ള സ്വാഗതഗാനം അണിയറയില്‍ ഒരുങ്ങുന്നു. കവി രവീന്ദ്രന്‍ പാടി രചനയും സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് സംഗീതവും നിര്‍വഹിച്ച 'മൊഗ്രാലെന്നോരിശലിന്റെ ഗ്രാമത്തില്‍ വന്നാലും...' എന്നു തുടങ്ങുന്ന ഗാനമാണ് 64 പേര്‍ അണിനിരന്ന് ആലപിക്കുന്നത്. കാസര്‍കോട് ജില്ലയുടെ പ്രത്യേകതകളും സാംസ്‌കാരിക സവിശേഷതകളും ഗാനത്തില്‍ ഇതള്‍ വിരിയുന്നു. സ്‌കൂളിലെ സംഗീതാധ്യാപിക സുസ്മിതയടക്കമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗാനാലാപനത്തില്‍ അണിചേരും. വിഷ്ണുഭട്ട് സംഗീതസംവിധാനം നിര്‍വഹിക്കുന്ന എഴുപത്തിയാറാമത് സ്വാഗതഗാനമാണിത്. 1980 ല്‍ പാലക്കാട് സംഗീത കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് വാര്‍ഷികാഘോഷത്തിന് സഹപാഠികള്‍ക്കൊപ്പം സ്വാഗതഗാനം ആലപിച്ചാണ് തുടക്കം. തുടര്‍ന്ന് നിരവധി കലോത്സവങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സ്വാഗതഗാനം പാടി. കഴിഞ്ഞ വര്‍ഷം നീലേശ്വരത്ത് നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തിന് സ്വാഗതഗാനം പാടിയത് ഭട്ടായിരുന്നു. കവി കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരിയുടേതായിരുന്നു വരികള്‍. 1977ല്‍ കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ സംഗീതക്കച്ചേരി നടത്തി സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ ഇദ്ദേഹം ഇതിനകം വിവിധ സന്ദേശങ്ങള്‍ ഉന്നയിച്ച് നൂറില്‍പ്പരം സംഗീതയാത്രകള്‍ നടത്തി. മലയാളത്തിനു പുറമെ കന്നഡ, തുളു, സംസ്‌കൃതം, ഹിന്ദി, കൊങ്കിണി, അറബി, തമിഴ് ഭാഷകളിലെ പാട്ടുകള്‍ കൂടി പാടുന്ന വിഷ്ണു ഭട്ട്, ഈ ഭാഷകളിലെ പാട്ടുകള്‍ ചേര്‍ത്ത് നവഭാഷാ സംഗീത പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്. വെള്ളിക്കോത്ത് പി. സ്മാരക സ്‌കൂളില്‍ 1111 വിദ്യാര്‍ത്ഥികളെ അണിനിരത്തി അവതരിപ്പിച്ച ദേശഭക്തി ഗാനം ചരിത്രമാണ്. ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ്, വിദ്യാപീഠം ഗുരുരത്‌ന പുരസ്‌കാരം, ചെന്നൈ ഇന്‍ഡിക്ക ഗുരുശ്രേഷ്ഠ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ഈ ഗായകനെ തേടിയെത്തിയിട്ടുണ്ട്. കീബോര്‍ഡ്, ഹാര്‍മോണിയം, തബല, മൃദംഗം, വയലിന്‍ തുടങ്ങിയവയുടെയും വാദകനാണ്. ഭാര്യ: പി. ജ്യോതി. തിരുപ്പതി ഐസറില്‍ ഫിസിക്‌സ് പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയും ഗായികയുമായ ശ്രീഗൗരി വി. ഭട്ട് ഏക മകളാണ്.