സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ച ഷോറൂം ജീവനക്കാര്‍ക്ക് സ്‌നേഹോപഹാരം നല്‍കി
സത്യസന്ധത കാട്ടിയ കാര്‍ ഷോറൂം ജീവനക്കാരന്‍ ജ്യോതിഷിന് വാഹന ഉടമ എന്‍.പി.എം സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ സ്‌നേഹോപഹാരം നല്‍കുന്നു
പെരിയ: വാഹന വര്‍ക്കിനിടയില്‍ കിട്ടിയ, വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ ചെയിന്‍ വാഹന ഉടമയെ ഏല്‍പ്പിച്ച് സത്യസന്ധത കാട്ടിയ ഷോറൂം ജീവനക്കാരനെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. എന്‍.പി.എം സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുങ്കൈയുടെ ഭാര്യയുടേതാണ് സ്വര്‍ണം. 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായി നഷ്ടപ്പെട്ടതായി കരുതിയതായിരുന്നു. കാറിന്റെ എ.സി തകരാറിലായത് കാരണം അമാന ടൊയോട്ട പെരിയ ഷോറൂമില്‍ എത്തിച്ചിരുന്നു. തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്‌നീഷ്യന്‍ ജ്യോതിഷിനാണ് സ്വര്‍ണ്ണം കിട്ടിയത്. വിവരം ഷോറൂം ജീവനക്കാര്‍ തന്നെയാണ് തങ്ങളെ വിളിച്ചറിയിച്ചത്. സത്യസന്ധതക്ക് നന്ദി അറിയിച്ച് തങ്ങള്‍ ജീവനക്കാര്‍ക്ക് മധുരവും ഉപഹാരവും നല്‍കുകയായിരുന്നു. ടെക്‌നീഷ്യന്‍ ജ്യോതിഷ്, ഫ്രണ്ട് ഓഫീസ് മാനേജര്‍ ഷഹീര്‍ അലി, ബോഡി ഷോപ്പ് മാനേജര്‍ മനുലാല്‍, കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ ദിബിന്‍ എന്നിവര്‍ സംബന്ധിച്ചു.