രവി ബന്തടുക്കയുടെ കവിതാസമാഹാരത്തിന്റെ ചര്‍ച്ചയില്‍ നിന്ന്
കുറ്റിക്കോല്‍: പുളിവിഞ്ചി യുവജ്യോതി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ ആഭിമുഖ്യത്തില്‍ രവി ബന്തടുക്കയുടെ ജീവിതത്താളുകള്‍, തിരഞ്ഞെടുത്ത കവിതകള്‍, നീളം കുറഞ്ഞ ശരികള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ ചര്‍ച്ച ചെയ്തു. എഴുത്തുകാരന്‍ ബാലകൃഷ്ണന്‍ ചെര്‍ക്കള പുസ്തകങ്ങള്‍ പരിചയപ്പെടുത്തി സമൂഹത്തിന്റെ ഉള്ളറകളിലേക്ക് കടന്ന് എഴുതിയ ജീവരസം തുളുമ്പുന്ന വരികളാണ് രവി ബന്തടുക്കയുടെ കവിതകളെന്ന് ബാലകൃഷ്ണന്‍െ ചെര്‍ക്കള പറഞ്ഞു. കവികള്‍ സമൂഹത്തിന് മുന്നറിയിപ്പ് തരുന്ന പൂവന്‍ കോഴികളാണ്. കവിതകളില്‍ നിന്നാണ് ആദ്യകാല സാഹിത്യരൂപങ്ങള്‍ വികാസം പ്രാപിക്കുന്നത്. എന്നാല്‍ കവിതകള്‍ എല്ലാവര്‍ക്കും എടുത്ത് പ്രയോഗിക്കാവുന്ന ഒരു സാഹിത്യരൂപമല്ല. നിരീക്ഷണ പാടവം സ്വായത്തമാക്കിയവര്‍ക്ക് മാത്രമാണ് കവികളാകാന്‍ കഴിയുക. ആദ്യകാല കവികള്‍ അന്ന് നിലവിലുണ്ടായിരുന്ന ഒരു ആശയത്ത, കഥയെ സംഭവത്തെ കവിതകളാക്കി മാറ്റുന്നവരായിരുന്നു. എന്നാല്‍ ആധുനിക കവികള്‍ സ്വന്തം ഭാവനയില്‍ നിന്നാണ് ആശയങ്ങളെ രൂപപ്പെടുത്തുന്നത്.
മനുഷ്യന്റെ ശാന്തമായ അവസ്ഥയില്‍ താന്‍ നേരിട്ട അനുഭവങ്ങളുടെ നേര്‍ചിത്രങ്ങള്‍ കവിതകളുടെ രുപത്തില്‍ പ്രകടമാക്കുന്നു അതാണ് ഉദാത്തമായ കവിതയെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡണ്ട് എ. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കവി ബിജു ജോസഫ് രവി ബന്തടുക്കയുടെ കവിതകളെ വിലയിരുത്തി സംസാരിച്ചു. യോഗത്തില്‍ ജയരാജ് ബേത്തൂര്‍, ബേബി സി നായര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആതിര അനില്‍കുമാര്‍ സ്വാഗതവും സതീശന്‍ വള്ളിയടി നന്ദിയും പറഞ്ഞു. രവി ബന്തടുക്ക തന്റെ പുസ്തകങ്ങള്‍ വായനശാലയിലേക്ക് സംഭാവന ചെയ്ത് ചടങ്ങിനെ ധന്യമാക്കി.