സമരസംഗമം: യു.ഡി.എഫ് ജില്ലയില്‍ നടത്തിയ വികസന പദ്ധതികള്‍ അക്കമിട്ട് പറഞ്ഞ് കെ.പി.സി.സി പ്രസിഡണ്ട്

അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, ഉണ്ണിത്താന്‍ തുടങ്ങി നേതാക്കളുടെ പട;

By :  Sub Editor
Update: 2025-07-15 08:21 GMT

കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമരസംഗമം കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരെ പതിനാല് ജില്ലകളിലും കെ.പി.സി.സി നടത്തുന്ന സമരസംഗമത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമരസംഗമം യു.ഡി.എഫ് ഭരണകാലങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നടന്ന വികസനങ്ങള്‍ എണ്ണിപ്പറയുന്നതും ഇടത് മുന്നണി സര്‍ക്കാരിന്റെ കോട്ടങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളുമായി. ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തിലുള്ള കാലത്താണ് കാസര്‍കോട് ജില്ലയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് ഊന്നല്‍ നല്‍കി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. ജില്ല രൂപീകരിച്ചത് മുതല്‍ ജില്ലയില്‍ പുതിയ താലൂക്കുകള്‍ അനുവദിച്ചതും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ അവസരങ്ങള്‍ ഉണ്ടാക്കി എഞ്ചിനീയറിങ് കോളേജുകളും ഗവണ്‍മെന്റ് കോളേജുകളും ആരംഭിച്ചതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചതും യു.ഡി.എഫ് ഭരണകാലത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന നാഷണല്‍ ഹൈവേ നിര്‍മ്മാണം അഴിമതിയുടെ കൂത്തരങ്ങായി മാറി. നിര്‍മ്മാണത്തില്‍ ഉണ്ടായ അപാകതകള്‍ മാത്രമല്ല റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കി അശാസ്ത്രീയമായി കുന്നുകള്‍ നിരപ്പാക്കുകയും കല്ലും മണ്ണും മണലും കുഴിച്ചെടുത്ത് നാട്ടുകാര്‍ക്ക് വന്‍ ഭീഷണിയായി റോഡ് നിര്‍മ്മാണം മാറ്റുകയും ചെയ്തു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദുസ്ഥിതി വരുത്തിവെച്ചു-കെ.പി.സി.സി പ്രസിഡണ്ട് പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടുമാരായ എ.പി അനില്‍ കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ തുടങ്ങി ജില്ലയിലെ നേതാക്കളടക്കം അണിനിരന്ന സമരസംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


Similar News