നീലേശ്വരം സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ കവിതാ സമാഹാരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും

നവംബര്‍ 11 ന് രാവിലെ 10.30 ന് പുസ്തകോത്സവ നഗരിയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്;

Update: 2025-11-05 06:06 GMT

നീലേശ്വരം : പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ ആദ്യ കവിതാ സമാഹാരം - 'എന്റെ തോന്ന്യാക്ഷരങ്ങള്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ 11 ന് രാവിലെ 10.30 ന് പുസ്തകോത്സവ നഗരിയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. അന്‍പതോളം കവിതകള്‍ അടങ്ങിയ സമാഹാരം കോഴിക്കോട്ടെ ഹരിതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

പ്രശസ്ത നിരൂപകനും കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ.എ.എം.ശ്രീധരനാണ് ഓരോ കവിതയെയും വിലയിരുത്തി വിശദമായ അവതാരിക എഴുതിയത്. ഇരുട്ടും വെളിച്ചവും മഴയും വെയിലും മാറി വരുമ്പോള്‍ മനസില്‍ വന്ന വാക്കുകള്‍ കടലാസില്‍ പകര്‍ത്തിയത് സൗഹൃദങ്ങളുടെ പ്രേരണയാല്‍ പുസ്തകമാക്കുകയാണെന്ന് ദിനേഷ് കരിങ്ങാട്ട് ആമുഖത്തില്‍ പറയുന്നു.

'ചേര്‍ത്തു പിടിച്ചവര്‍ക്കും ഓര്‍ത്തെടുത്തവര്‍ക്കു'മാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ മാധ്യമ പ്രവര്‍ത്തകനും മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകനുമായ ദിനേഷ് കരിങ്ങാട്ട് റെയ്ഡ് കോയിലാണ് ജോലി ചെയ്യുന്നത്. നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ്.

Similar News