ഉള്ളുതേങ്ങി, കണ്ഠമിടറി കാസര്‍കോട്; ഗസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിച്ചു

By :  Sub Editor
Update: 2025-11-03 10:43 GMT

ചിന്താ രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. പി.വി.കെ. നമ്പൂതിരി ഫൗണ്ടേഷന്‍ അടക്കമുള്ള കാസര്‍കോടന്‍ സാംസ്‌കാരിക കൂട്ടായ്മകളുടെ സഹകരണത്തോടെ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന 'ഗസയുടെ പേരുകള്‍' എന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യക്കാരന്‍ എന്‍.എസ്. മാധവന്‍ ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കുന്നു. വെങ്കിടേഷ് രാമകൃഷ്ണന്‍, ജി.ബി. വത്സന്‍ സമീപം

കാസര്‍കോട്: ഗസയില്‍ വംശഹത്യയില്‍ കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ പേരുകള്‍ വായിച്ചുകേട്ടപ്പോള്‍, കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ഉള്ള് തേങ്ങി. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ വായിച്ചു. പലരുടെയും കണ്ഠമിടറി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ കണ്ണീരോടെയാണ് ചടങ്ങിന് സാക്ഷിയായത്.

യുദ്ധവിരാമ കരാറിന് ശേഷവും ഗസയില്‍ നടന്നുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത കൊടും ക്രൂരതകളാണെന്നും അവിടെ കൊല്ലപ്പെട്ട ഇരുപതിനായിരത്തോളം വരുന്ന കുട്ടികളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏതോ വിഭാഗീയതയെ കുറിച്ചാണ് പറയുന്നതെന്ന് സയണിസ്റ്റുകള്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു.

ഗസയിലെ ദുരന്തത്തെ കുറിച്ച് പറയുമ്പോഴും പ്രതിഷേധിക്കുമ്പോഴുമെല്ലാം കുറെ ചോദ്യങ്ങള്‍ തിരിച്ച് ചോദിച്ച് ഈ കൊടുക്രൂരതയെ ന്യായീകരിക്കാനാണ് സയണിസ്റ്റുകള്‍ ശ്രമിക്കുന്നത്. യമനെയും നൈജീരിയെയും പെഹല്‍ഗാമിനെയും കുറിച്ച് സംസാരിക്കാത്തതെന്തേ എന്ന മറുചോദ്യവും ഇസ്രയേലിന്റെ കിരാത നടപടികളെ കുറച്ചു കാണിക്കാന്‍ വേണ്ടി അവര്‍ ഉന്നയിക്കുന്നു. ഇതിന് സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു-എന്‍.എസ് പറഞ്ഞു.

കൊല്ലപ്പെട്ട കുട്ടികളെ കേരളമാകെ വായിച്ചു കൊണ്ടിരിക്കുകയാണ്. 1500 മലയാളികള്‍ ഈ പേരുകള്‍ മുഴുവന്‍ വായിക്കും. യുദ്ധവിരാമത്തിന് ശേഷം ഈ പ്രതിഷേധം വേണോ എന്ന് ചിലര്‍ ചോദിക്കുന്നു. ഒറ്റ ദിവസം മാത്രമെ യുദ്ധവിരാമം നീണ്ടുനിന്നുള്ളൂ. നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി തുറങ്കലിലടക്കാതെ ഗസയില്‍ എങ്ങനെ സമാധാനം പുലരുമെന്ന് എന്‍.എസ് മാധവന്‍ ചോദിച്ചു.ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍, അഡ്വ. പി.വി.കെ. നമ്പൂതിരി ഫൗണ്ടേഷന്‍, കാസര്‍കോടന്‍ കൂട്ടായ്മ, കാസര്‍കോട് ഫിലിം സൊസൈറ്റി, കാസര്‍കോട് സാഹിത്യവേദി, പുരോഗമന കലാ സാഹിത്യസംഘം, യുവകലാ സാഹിതി, ഫ്രാക് (ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്റ്റ്), സ്‌കിന്നേഴ്‌സ് കാസര്‍കോട്, കാസര്‍കോട് തിയാട്രിക്‌സ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് 'ഗസയുടെ പേരുകള്‍ വായിക്കുന്നു' എന്ന പരിപാടി സംഘടിപ്പിച്ചത്. നൂറോളം പേര്‍ ചേര്‍ന്ന് 1500 പേരുകള്‍ വായിച്ചു. ഇതിനിടയില്‍ ഗസയിലെ ഉള്ളുലയ്ക്കുന്ന രംഗങ്ങളുടെ വീഡിയോ പ്രദര്‍ശനവും കെ.പി ശശികുമാര്‍ അവതരിപ്പിച്ച സ്‌കിറ്റുമുണ്ടായിരുന്നു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ജി.ബി വത്സന്‍ സ്വാഗതം പറഞ്ഞു. പി.വി.കെ പനയാല്‍, ഇ.പി രാജഗോപാലന്‍, അഡ്വ. എ.ജി നായര്‍, മാധവന്‍ പുറച്ചേരി, സുറാബ്, രവീന്ദ്രന്‍ കൊടക്കാട്, അഡ്വ. സി. ഷുക്കൂര്‍, എ. മാധവന്‍, നാരായണന്‍ പേരിയ, പി. ദാമോദരന്‍ തുടങ്ങി നൂറോളം പേര്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിച്ചു.

സുബിന്‍ ജോസ്, ടി.എ. ഷാഫി, പി.വി. ജയപ്രകാശ്, എം.വി. സന്തോഷ്, പി.വി. ഗോകുല്‍ചന്ദ്രന്‍, പി.വി. സത്യന്‍, ബപ്പിടി മുഹമ്മദ് കുഞ്ഞി, ഷാഫി എ. നെല്ലിക്കുന്ന്, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ഫറൂക് ഖാസ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




 ഗസയുടെ പേരുകള്‍ വായിക്കുന്ന ചടങ്ങിനെത്തിയ സദസ്സിന്റെ മുന്‍ നിര

Similar News