കുട്ടിപ്പോലീസാവാന്‍ പരീക്ഷയെഴുതിയത് മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍

By :  Sub Editor
Update: 2025-06-21 09:38 GMT

നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

കാസര്‍കോട്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ അണി ചേരാന്‍ പരീക്ഷ എഴുതി 8ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. ജില്ലയിലെ 45 സ്‌കൂളുകളിലായി മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷയെഴുതിയത്. നൂറില്‍ കൂടുതല്‍ അപേക്ഷകരുള്ള വിദ്യാലയങ്ങളില്‍ നേരത്തെ പ്രാരംഭ പരീക്ഷ നടത്തി നൂറ് പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യപരീക്ഷയാണ് നടന്നത്. എസ്.പി.സിയിലുള്ള കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് പുറമെ പി.എസ്.സി. പരീക്ഷകളില്‍ വെയിറ്റേജ് മാര്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡി ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍, എസ്.പി.സി ജില്ലാ അസി. നോഡല്‍ ഓഫീസര്‍ ടി. തമ്പാന്‍, ഹെഡ്മാസ്റ്റര്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത്, സി.പി.ഒ മാരായ ഇല്യാസ് മാസ്റ്റര്‍, സിന്ധു ടീച്ചര്‍, പ്രോജക്ട അസി. ശ്യാം കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ അഡീഷണല്‍ എസ്.പിയും എസ്.പി.സി. ജില്ലാ നോഡല്‍ ഓഫീസറുമായ സി.എം ദേവദാസന്‍ ജി. എച്ച്.എസ്.എസ് കാസര്‍കോടിലും ഡി.വൈ.എസ്.പി സി.കെ. സുനില്‍കുമാര്‍ പെര്‍ഡാല നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും സന്ദര്‍ശനം നടത്തി.


Similar News