ദേശീയ പാത: അണങ്കൂരില്‍ എക്‌സിറ്റ് പോയന്റ് സ്ഥാപിക്കണം -കെ.എസ്.എസ്.ഐ.എ
കാസര്‍കോട്: നിരവധി വ്യവസായ യൂണിറ്റുകളുള്ള വിദ്യാനഗര്‍ സിഡ്‌കോ എസ്റ്റേറ്റ്, കിന്‍ഫ്രാ എസ്റ്റേറ്റ്, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് അണങ്കൂരില്‍ എക്‌സിറ്റ് പോയന്റ് സ്ഥാപിക്കണമെന്ന് കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാനഗറിന് സമീപം നിലവിലുള്ള രണ്ട് മെര്‍ജിംഗ് പോയിന്റ് ഉണ്ടെങ്കിലും ഇവ രണ്ടും ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ മാത്രമുള്ളതാണ്. കലക്ടറേറ്റ്, ജില്ലാ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സുപ്രധാന ഓഫീസുകളും സ്ഥാപനങ്ങളുമുള്ള വിദ്യാനഗറിലേക്ക് ദേശീയ പാതയില്‍ നിന്ന് വരുന്നതിന് നിലവില്‍ അടുക്കത്ത് ബയലില്‍ നിന്ന് തിരക്കേറിയ കറന്തക്കാട്, കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് എന്നിവ കടന്ന് വരണം. ഇത് ഗതാഗത കുരുക്ക് രൂക്ഷമാക്കും. വിദ്യാനഗര്‍ വ്യവസായ ഭവന്‍, കെ.എസ്.എസ്.ഐ.എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എസ്. രാജാറാമ അധ്യക്ഷത വഹിച്ചു. വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഉപയോഗശൂന്യമായ റോഡ്, ഡ്രൈനേജ് സിസ്റ്റം ഇല്ലാത്തത്, യൂണിറ്റ് ഉടമകള്‍ക്ക് ഇതുവരെ സെയില്‍സ് ഡീഡ് ലഭിക്കാത്തത്, കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡണ്ട് സുഗതന്‍ കെ.വി, ട്രഷറര്‍ അഷ്‌റഫ് മധൂര്‍, കെ.ടി.സുഭാഷ് നാരായണന്‍, ഉദയന്‍ സി, പി.വി. രവീന്ദ്രന്‍, കെ. അഹമ്മദലി, എ. പ്രസന്ന ചന്ദ്രന്‍, കെ.വി. രാമചന്ദ്രന്‍, മനോജ് കെ.ആര്‍, സത്യന്‍ പി.വി, ദിനേശന്‍ പി., പി.വി. ഷാജി, ഉമാവതി പി.കെ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍ എം നന്ദിയും പറഞ്ഞു.