മുസ്ലിംലീഗ് സംഘടന ഡിജിറ്റലൈസേഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By :  Sub Editor
Update: 2025-10-07 09:36 GMT

മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 13ന് നടത്തപ്പെടുന്ന ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനത്തിന്റെയും ആപ്പ് ലോഞ്ചിംഗിന്റെയും ഭാഗമായി പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ജില്ലയിലെ മുസ്ലിംലീഗ് പാര്‍ട്ടിയുടെ സംഘടന പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 13ന് നടത്തപ്പെടുന്ന ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനത്തിന്റെയും ആപ്പ് ലോഞ്ചിംഗിന്റെയും ഭാഗമായി പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. ഐ.യു.എം. എല്‍ ഗ്രീന്‍ കണക്ട് എന്ന പേരില്‍ പ്രത്യേകം തയ്യാറാക്കിയ ആപ്പിന്റെ ലോഞ്ചിംഗ് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് നിര്‍വ്വഹിക്കുന്നത്. മുസ്ലിംലീഗ് ദേശീയ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, നിയോജക മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ ഭാരവാഹികള്‍, നിയോജക മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന-ജില്ലാ-നിയോജക മണ്ഡലം-പഞ്ചായത്ത്/മുനിസിപ്പല്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍, നാട്ടിലുള്ള കെ.എം.സി.സി ഭാരവാഹികള്‍ എന്നിവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടക്കുക. മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍ അവരുടെ മൊബൈല്‍ നമ്പര്‍ സെര്‍ച്ച് ചെയ്താല്‍ പേരും ഫോണ്‍ നമ്പറും പദവിയും ലഭ്യമാകും. തുടര്‍ന്ന് നിയോജക മണ്ഡലവും പഞ്ചായത്ത്/മുനിസിപ്പാലിറ്റിയും വാര്‍ഡ്/ശാഖയും സെലക്ട് ചെയ്ത് സബ്മിറ്റ് നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായി. ടെക്ക്‌നിക്കല്‍ വിംഗ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം മുനീര്‍ ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അന്‍വര്‍ കോളിയടുക്കം, പി.ഡി.എ റഹ്മാന്‍ സംബന്ധിച്ചു.


Similar News