സംസ്ഥാനത്തെ നാലാമത്തെ സെക്കണ്ടറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി മന്ത്രി ജി.ആര്‍. അനില്‍ നാടിന് സമര്‍പ്പിച്ചു

By :  Sub Editor
Update: 2025-05-27 09:52 GMT

സംസ്ഥാനത്തെ നാലാമത്തെ സെക്കണ്ടറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി കാസര്‍കോട് ബട്ടത്തൂരില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി മന്ത്രി ജി.ആര്‍. അനില്‍ നാടിന് സമര്‍പ്പിക്കുന്നു

കാസര്‍കോട്: സംസ്ഥാനത്തെ 51 ലക്ഷം കുടുംബങ്ങള്‍ മെയ് മാസത്തെ റേഷന്‍ വാങ്ങി കഴിഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടര്‍മാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കാസര്‍കോട് ബട്ടത്തൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സെക്കണ്ടറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയിലെ 390 റേഷന്‍ കടകളിലും ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ ഉണ്ട്. 1.5 മാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ റേഷന്‍ കടകള്‍ക്കും സാധിക്കും. അതിര്‍ത്തിയില്‍ പ്രത്യക സാഹചര്യം ഉണ്ടായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ എഫ്.സി.ഐ. ഗോഡൗണുകളിലും എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യം ഉറപ്പാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാലാമത്തെ സെക്കണ്ടറി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയാണ് കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തിയായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇനി മുതല്‍ മലബാറിലെ വ്യാപാരികള്‍ക്ക് സെക്കണ്ടറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി സൗകര്യത്തിനായി തൃശ്ശൂര്‍ ജില്ലയെ ആശ്രയിക്കേണ്ടി വരില്ല എന്നും ഇത് അഭിമാന മുഹൂര്‍ത്തമാണെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം വിഭാവനം ചെയ്ത ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റ് അടുത്ത ഘട്ടത്തോടെ പൂര്‍ത്തിയാകും. പൊതു ജനങ്ങള്‍ക്ക് അളവ് തൂക്കത്തില്‍ കൃത്യത ഉറപ്പാക്കാന്‍ സെക്കണ്ടറി സ്റ്റാന്റേര്‍ഡ് ലബോറട്ടറിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്‌മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. കെ. മണികണ്ഠന്‍, എം. കുമാരന്‍, കാഞ്ഞങ്ങാട് വി. ഗീത, എം. ഗോപാലന്‍, പി. ശ്രീനിവാസ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കള്‍, പെട്രോളിയം ഡീലേഴ്‌സ് സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ജെ. കിഷോര്‍ സ്വാഗതവും ആര്‍. റീന ഗോപാല്‍ നന്ദിയും പറഞ്ഞു.


Similar News