കോട്ടിക്കുളം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകുന്നത് പതിവായി
പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നവര്‍ ശ്രദ്ധിക്കുക. അവിടെ പാകിയ ഇന്റര്‍ലോക് കട്ടകള്‍ ചിലയിടത്ത് പൊട്ടിപ്പൊളിഞ്ഞും ഇളകിയും കിടക്കുന്നത് അപകടത്തിന് ഇടയാക്കിയേക്കും. ഇവിടെ ഇളകി കിടക്കുന്ന കട്ടയില്‍ തട്ടി കാലിന് പരിക്ക് പറ്റിയ യാത്രക്കാരുണ്ട്. മഴയത്ത് നിരവധി പേര്‍ വഴുതി വീഴുന്നത് പതിവായപ്പോഴാണ് ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളില്‍ ഭാഗികമായി റെയില്‍വേ ഇന്റര്‍ലോക് കട്ടകള്‍ നിരത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു അത്. ആദ്യ മഴയില്‍ തന്നെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കോച്ച് നമ്പര്‍ 14നും 17നും മാധ്യേ, പാകിയ കട്ടകളില്‍ ചിലത് ഇളക്കം വന്ന് സമനിലത്തില്‍ നിന്ന് പൊങ്ങി. ചിലത് പൊട്ടി പൊളിഞ്ഞു. 6 അടി വീതിയില്‍ മാത്രമാണ് കട്ടകള്‍ പാകിയത്. പൂര്‍ണമായും കട്ടകള്‍ വിരിക്കാത്തതിനാല്‍ മഴക്കാലത്ത് വഴുക്കലും വീഴ്ചയും പതിവാണിവിടെ.