കേരള മുസ്ലിം ജമാഅത്ത് കേരളയാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം
ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യം -കാന്തപുരം;
കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രക്ക് തുടക്കം കുറിച്ച് ഉള്ളാള്‍ ദര്‍ഗയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാന്‍ കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങളും ജാഥാ നായകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറുന്നു
കാസര്‍കോട്: കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ദിശ നിര്‍ണ്ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരള യാത്രക്ക് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയതും സംഘടിത സമൂഹമായി അവരെ മുന്നോട്ട് നയിക്കുകയും ചെയ്ത സമസ്തയുടെ കര്‍മ്മഫലങ്ങള്‍ മറ്റ് സമൂഹങ്ങള്‍ക്ക് കൂടി പല അര്‍ത്ഥത്തില്‍ അനുഭവിക്കാനായി. ഈ നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്താന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സമസ്തയുടെയും അതിന്റെ പൂര്‍വ മാതൃകകളുടെയും പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇസ്ലാമിനെ കേരളീയര്‍ മനസിലാക്കിയതും സ്വീകരിച്ചതും. അറേബ്യയില്‍ നിന്ന് വന്ന മാലിക് ഇബ്‌നു ദീനാറും സംഘവും സത്യസന്ധരും സല്‍സ്വഭാവികളുമായിരുന്നു. കാസര്‍കോടിന്റെ ചരിത്രം ആ സ്മരണകളെക്കൂടി ഉള്‍വഹിക്കുന്നതാണ്. ഈ ഉത്തരദേശത്തിന് വെളിച്ചം കാട്ടിയ മാലിക് ദിനാര്‍ സഹവര്‍ത്തിത്വത്തിന്റെയും നിര്‍മ്മലമായ ആത്മീയതയുടെയും ആ പൈതൃകമാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇവിടത്തെ ഭരണാധികാരികള്‍ സ്‌നേഹാദരങ്ങളോടെയാണ് അവരെ വരവേറ്റതെന്നും കാന്തപുരം പറഞ്ഞു. പൊതു സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എ.കെ. എം. അഷ്‌റഫ്, ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ വിവേകാനന്ദ സരസ്വതി, ഫാദര്‍ മാത്യു ബേബി മാര്‍ത്തോമ, എ. അബ്ദുല്‍റഹ്‌മാന്‍, പി.കെ ഫൈസല്‍, ഹക്കീം കുന്നില്‍, ഹര്‍ഷാദ് വോര്‍ക്കാടി, അസീസ് കളത്തൂര്‍ സംബന്ധിച്ചു. സി. മുഹമ്മദ് ഫൈസി, റഹ്‌മത്തുല്ല സഖാഫി എളമരം എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി സ്വാഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.
തുടക്കം ഉള്ളാളില്‍ നിന്ന്; ഇന്ന് കണ്ണൂര്‍ ജില്ലയില്‍
കാസര്‍കോട്: മനുഷ്യര്‍ക്കൊപ്പം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് ആവേശോജ്വലമായ തുടക്കമാണ് ഉള്ളാളില്‍ നടന്നത്. നൂറുക്കണക്കിന് സുന്നീ പ്രവര്‍ത്തകരുടെ തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ ഉള്ളാള്‍ ദര്‍ഗയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാന്‍ കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങളും ജാഥാ നായകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറി. ഉപനായകരായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, ദര്‍ഗ പ്രസിഡണ്ട് ഹനീഫ് ഹാജി ഉള്ളാള്‍, ഡോ. മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍ക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് യാത്രയെ കാസര്‍കോട്ടേക്ക് ആനയിച്ചു. ചെര്‍ക്കളയില്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നഗറില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
ഇന്ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം, നാളെ നാദാപുരം, 4ന് കോഴിക്കോട് മുതലക്കുളം, 5ന് കല്‍പ്പറ്റ, 6ന് ഗൂഡല്ലൂര്‍, 7ന് അരീക്കോട്, 8ന് തിരൂര്‍, 9ന് ഒറ്റപ്പാലം, 10ന് ചാവക്കാട്, 11ന് എറണാകുളം മറൈന്‍ ഡ്രൈവ്, 12ന് തൊടുപുഴ, 13ന് കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, 5മണിക്ക് കായംകുളം, 15ന് കൊല്ലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 16ന് വൈകിട്ട് 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.
കേരള യാത്രക്ക് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്നു