സ്വദേശി ജീവിതരീതി പിന്തുടരണം-കേരള ഗവര്‍ണര്‍

Update: 2026-01-08 10:40 GMT

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

പെരിയ: ശാസ്ത്രീയമായ ജീവിതരീതി അനിവാര്യതയാണെന്നും സ്വന്തം ദേശത്തിന്റെ ജീവിതരീതികള്‍ പിന്തുടരണമെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനം-കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസും വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനക്ക് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഡയറക്ടര്‍ ഡോ. ടി.എം. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മുന്‍ പ്രൊഫസര്‍ ഡോ. വി.പി.എന്‍. നമ്പൂരിക്ക് സ്വദേശി പുരസ്‌കാരവും ഗവര്‍ണര്‍ നല്‍കി. കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് റിസര്‍ച്ച് പ്രൊജക്ട് അവാര്‍ഡുകളും നല്‍കി. വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, സ്വദേശി ശാസ്ത്ര പ്രസ്ഥാനം കേരള പ്രസിഡണ്ട് ശിവകുമാര്‍ വേണുഗോപാല്‍, സ്വദേശി സയന്‍സ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ, അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ സംബന്ധിച്ചു. സമ്മേളനം നാളെ സമാപിക്കും.


Similar News