ലഹരി വേട്ട മാത്രമല്ല, ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കുകയും ലക്ഷ്യം; ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുമായി കാസര്‍കോട് പൊലീസ്
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ആരംഭിച്ച ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍ ജില്ലാ പൊലീസ് മേധാവി വി.ബി. വിജയ് ഭാരത് റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതുതായി ആരംഭിച്ച ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററില്‍ 24 മണിക്കൂറും സേവനം ലഭിക്കും. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് മൂലം കുട്ടികളില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, അതിനെ തുടര്‍ന്നുണ്ടാകുന്ന അപകടകരമായ സാഹചര്യങ്ങള്‍ എന്നിവ പരിഹരിക്കുക എന്നുള്ളതാണ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററിന്റെ ഉദ്ദേശം. ജില്ലാ പൊലീസ് മേധാവി വി.ബി. വിജയ് ഭാരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. സെന്ററില്‍ ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലറും ഒരു കോര്‍ഡിനേറ്ററും മുഴുവന്‍ സമയവും സേവനം നല്‍കും. ചിരി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 9497900200 എന്ന നമ്പറിലേക്ക് പ്രതിസന്ധി സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവരുമായി ബന്ധപ്പെടുന്ന ആര്‍ക്കും വിളിച്ച് അറിയിക്കാം. വിവരം ലഭിക്കുന്ന മുറക്ക് കുട്ടികളെ കൗണ്‍സിലിംഗ് സെന്ററില്‍ നിന്ന് ഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്നതും കൗണ്‍സിലിംഗ് സെന്ററിലേക്ക് വരുത്തേണ്ട പക്ഷം അവരെ സ്ഥലത്ത് വരുത്തി ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. കുട്ടികളെ അവരവരുടെ കേന്ദ്രങ്ങളില്‍ നേരിട്ട് ചെന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കും. രാത്രികാലങ്ങളില്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് ഉറക്കം നഷ്ടപ്പെട്ടുപോയവര്‍, ആത്മഹത്യാപ്രവണത കാണിക്കുന്നവര്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍, എന്നിവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഡിജിറ്റല്‍ സെന്റര്‍ വഴി നല്‍കും. അഡിഷണല്‍ എസ്.പി. സി.എം ദേവദാസന്‍ അധ്യക്ഷത വഹിച്ചു. എ.എസ്.പി ഡോ. നന്ദഗോപന്‍, എ.എസ്.പി ട്രൈനീ ശിവം, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉത്തംദാസ് ടി, കാസര്‍കോട് എസ്.എച്ച്.ഒ നളിനാക്ഷന്‍, സൈബര്‍ സെല്‍ എസ്.എച്ച്.ഒ ജിജീഷ്, പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ പി., വുമണ്‍ സെല്‍ എസ്.ഐ ശരണ്യ, ജനമൈത്രി എ.ഡി.എന്‍.ഒ രാജീവന്‍ കെ.പി.വി, എസ്.പി.സി എ.ഡി.എന്‍.ഒ തമ്പാന്‍, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ സി.ഡബ്ല്യൂ.ഒ ശശിധരന്‍ കെ, ബസ് ഓണേര്‍സ് ജില്ലാ പ്രസിഡണ്ട് ഗിരീഷ്, വ്യാപാരി പ്രതിനിധി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ പൊലീസിങ് ഡിവിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ സ്വാഗതം, ഡി ഡാഡ് സൈക്കോളജിസ്റ്റ് ശ്രീഷ്മ നന്ദിയും പറഞ്ഞു.