കാസര്‍കോടിന്റെ വ്യവസായ സാധ്യതകള്‍ പരിചയപ്പെടുത്തി നിക്ഷേപ സംഗമം
ജില്ലയില്‍ 275 കോടിയുടെ നിക്ഷേപം നടത്താമെന്ന് സംരംഭകര്‍;
വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തിയ നിക്ഷേപ സംഗമം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോടിന്റെ വ്യവസായ സാധ്യതകള്‍ പരിചയപെടുത്തുന്നതിന് വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംരംഭകര്‍ക്കായി നിക്ഷേപ സംഗമം നടത്തി. ഇന്നലെ മുന്നാട് ശങ്കര്‍ ഹില്‍സിലെ സാന്റല്‍മിസ്റ്റ് റിസോര്‍ട്ടില്‍ നടന്ന പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മംഗളൂരു തുറമുഖ അതോറിറ്റി ഡെപ്യൂട്ടി ട്രാഫിക് മാനേജര്‍ രവി കിരണ്‍, സോമാലിയന്‍ സംരംഭകന്‍ ഷാഫി ഇസ്മയില്‍ അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലയില്‍ 275 കോടിയുടെ നിക്ഷേപം നടത്താമെന്ന് സംരംഭകര്‍ അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം കാസര്‍കോട് ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. കെ.എസ്.എസ്.ഐ. എ ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ്, എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ്, എ.ഐ.ഡി.എ പ്രസിഡണ്ട് രത്നാകരന്‍ മാവില തുടങ്ങിയവര്‍ സംസാരിച്ചു.
കാനറ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് അഹമ്മദ് മുദസര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീലാല്‍, ഫെഡറല്‍ ബാങ്ക് പ്രതിനിധി സോവിന്‍ തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജീവ പ്രോമാക്സ് സ്ഥാപകന്‍ സുമന്‍ താക്കോല്‍ക്കാരന്‍ അനുഭവം പങ്കുവെച്ചു.
ഉപജില്ലാ വ്യവസായ ഓഫീസര്‍ ജീനു ജോണ്‍ നന്ദി പറഞ്ഞു.