മഴയും വെയിലും തടസമാവാതെ സേവനത്തില്‍ മുഴുകുന്ന പൊലീസുകാര്‍ക്ക് നന്ദി കാര്‍ഡ് സമ്മാനിച്ച് കുരുന്നുകള്‍
കാസര്‍കോട്ടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ വിദ്യാനഗര്‍ പടുവടുക്ക വെസ്റ്റ് വുഡ് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരിച്ചപ്പോള്‍
കാസര്‍കോട്: മഴയും വെയിലും തടസമാവാതെ സദാ സേവനത്തില്‍ മുഴുകുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് നന്ദി കാര്‍ഡ് സമ്മാനിച്ച് വിദ്യാനഗര്‍ പടുവടുക്കയിലെ വെസ്റ്റ് വുഡ് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും. ദിനരാത്രം റോഡരികില്‍ നിന്ന് യാത്രക്കാരുടെ സുരക്ഷക്കായി സേവനം അനുഷ്ഠിക്കുന്ന ട്രാഫിക് പൊലീസുകാര്‍ക്ക് വെള്ളക്കുപ്പികളും പ്രത്യേക സന്ദേശ കാര്‍ഡും സമ്മാനിച്ചാണ് കുരുന്നുകള്‍ ആശംസ അറിയിക്കുകയും ആദരവ് നല്‍കുകയും ചെയ്തത്. കുരുന്നുകള്‍ ആശംസാ കാര്‍ഡ് സമ്മാനിക്കുന്നതിന്റെ മനോഹര ദൃശ്യം കേരളാ പൊലീസിന്റെ ഔദ്യോഗിക നവമാധ്യമ പേജുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
പ്രിന്‍സിപ്പള്‍ നുസ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. എസ്.ഐമാരായ രവീന്ദ്രന്‍, രാഘവന്‍, അനില്‍, അഹമ്മദ്, എ.എസ്.ഐമാരായ രാജന്‍, സിബി, രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഖലീഫ ഉദിനൂര്‍, ഹരീഷ് കോളംകുളം, രഞ്ജിത്ത്, കൈലാസ്, രാജീവന്‍, നരേന്ദ്രന്‍ തുടങ്ങിയവര്‍ക്കാണ് കുരുന്നുകള്‍ ആദരം നല്‍കിയത്.