കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ് ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം

By :  Sub Editor
Update: 2025-08-26 09:43 GMT

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ് ഉടമകളും ജീവനക്കാരും സംയുക്ത സമര സമിതി നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബസ് ഉടമകളും ജീവനക്കാരും സംയുക്ത സമര സമിതി നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കടമുറികളുടെ മുന്‍വശം സുരക്ഷാ വേലി നിര്‍മ്മിക്കുക, ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഏര്‍പ്പെടുത്തുക, യാത്രക്കാര്‍ക്ക് ഉപകാരപ്രദമായിരുന്ന ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ പുന:സ്ഥാപിക്കുക, ലാഗേജുകള്‍ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം പുന:സ്ഥാപിക്കുക, വനിതകള്‍ക്കുള്ള വിശ്രമ കേന്ദ്രം നിലനിര്‍ത്തുക, ബസ്സ്റ്റാന്റ് യാര്‍ഡിലെ കന്നുകാലികളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സായാഹ്ന ധര്‍ണ. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് സന്ധ്യ അധ്യക്ഷത വഹിച്ചു. നഗര സഭ പ്രതിപക്ഷ നേതാവ് പി. രമേശ് മുഖ്യാതിഥിയായിരുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി. ലക്ഷ്മണന്‍, വൈസ് പ്രസിഡണ്ട് കെ.എന്‍ ബാലകൃഷ്ണന്‍, സി.ഐ. ടി.യു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണന്‍, പി.എ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. കാസര്‍കോട് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.


Similar News