ഒന്നിന് പിറകെ ഒന്നായി പുരസ്‌കാരങ്ങള്‍; ദേശീയ-സംസ്ഥാന അംഗീകാരങ്ങളുടെ നിറവില്‍ ജില്ല
കാസര്‍കോട്: പ്രധാനമന്ത്രിയുടെ 2024ലെ ആസ്പിരേഷണല്‍ ബ്ലോക്കിനുള്ള പൊതു ഭരണ മികവിന്റെ പുരസ്‌കാരം, 2023-24 വര്‍ഷത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയില്‍ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാര്‍ഡ്, തിരഞ്ഞെടുപ്പിലെ നൂതന ആശയങ്ങള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം, ഡിജിറ്റല്‍ സര്‍വെ രംഗത്ത് നടപ്പാക്കിയ നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് 2024ലെ സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം, 2025ലെ മത്സ്യകര്‍ഷക അവാര്‍ഡില്‍ സംസ്ഥാനത്തെ മികച്ച ജില്ലക്കുള്ള പുരസ്‌കാരം, സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകളില്‍ ഇരട്ട നേട്ടം... ഇങ്ങനെ നീളുകയാണ് കാസര്‍കോട് ജില്ലക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച അവാര്‍ഡുകളുടെ നിര.
സമര്‍പ്പണത്തോടെയും കൂട്ടായ പരിശ്രമത്തോടെയുമാണ് നേട്ടങ്ങള്‍ ഉണ്ടാകുന്നത് എന്ന് തെളിയിച്ചിരിക്കുകയാണ് കാസര്‍കോട് ജില്ല. പ്രധാനമന്ത്രിയുടെ 2024ലെ ആസ്പിരേഷണല്‍ ബ്ലോക്കിനുള്ള പൊതു ഭരണ മികവിന്റെ പുരസ്‌കാരം നേടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ദേശീയതലത്തില്‍ ഒന്നാമത് എത്തിയത് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളുടെ മാറ്റുകൂട്ടി.
ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളും പഞ്ചായത്തുകളും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ വിജയഗാഥയ്ക്ക് അടിസ്ഥാനമായത്. ആരോഗ്യം, വിദ്യാഭ്യാസം, പോഷണം, അടിസ്ഥാന സൗകര്യങ്ങള്‍, കാര്‍ഷികം എന്നീ മേഖലകളില്‍ മികച്ച പ്രകടനമാണ് ദേശീയ തലത്തില്‍ പരപ്പ ബ്ലോക്കിനെ മുന്നില്‍ കൊണ്ടുവന്നത്. 500 ബ്ലോക്ക് പഞ്ചായത്തുകള്‍ അപേക്ഷ സമര്‍പ്പിച്ച് 30 ബ്ലോക്കുകളിലായി നടന്ന ആദ്യ ലെവല്‍ സ്‌ക്രീനിംഗ് മുതല്‍ വലിയൊരു കടമ്പ കടന്നാണ് പരപ്പ ബ്ലോക്ക് പുരസ്‌കാരത്തിലേക്ക് എത്തിയത്.
വനിതകളും കുട്ടികളും സുരക്ഷിതരായ ഇടം എന്ന വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ജില്ലയിലെ വനിതാ ശിശു വികസന പ്രവര്‍ത്തനങ്ങള്‍.
2023-24 വര്‍ഷത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയില്‍ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാര്‍ഡ് കാസര്‍കോട് ജില്ല സ്വന്തമാക്കിയതിന്റെ പിന്നില്‍ ജില്ലാ കല്ടറുടെ നേതൃത്വത്തില്‍ നടന്ന നിരൂപക ശ്രദ്ധ പിടിച്ചുപറ്റുന്ന സമഗ്ര പ്രവര്‍ത്തനങ്ങളാണ്. മിഷന്‍ അംഗന്‍വാടി എന്ന പേരില്‍ ജില്ലയില്‍ നടപ്പിലാക്കിയ അംഗന്‍വാടി നവീകരണ പദ്ധതിയിലൂടെ കെട്ടിടമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ ലഭിച്ചു.
അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം 2025ലെ മത്സ്യകര്‍ഷക അവാര്‍ഡില്‍ സംസ്ഥാനത്തെ മികച്ച ജില്ലക്കുള്ള പുരസ്‌കാരവും സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകളില്‍ ഇരട്ട നേട്ടവും സ്വന്തമാക്കുന്നത്.